- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടെണ്ണൽ ദിനത്തിൽ സുതാര്യത ഉറപ്പാക്കാൻ സജ്ജീകരണം വേണം
ന്യൂഡൽഹി: എക്‌സിറ്റ്‌പോളുകൾ പുറത്തുവന്നതിന് പിന്നാലെ പ്രവർത്തകരോട് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിരിക്കയാണ് ഇന്ത്യാ മുന്നണിയിലെ പാർട്ടിയും നേതാക്കൾ. ഇതിനൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടും സഖ്യ നേതാക്കൾ നീക്കം നടത്തി. വോട്ടെണ്ണൽ ദിനത്തിൽ സുതാര്യത ഉറപ്പാക്കാൻ സജ്ജീകരണങ്ങൾ ഒരുക്കണം എന്നാണ് തെരഞ്ഞെടുപ്പ് കമീഷനെ കണ്ട് മുന്നണി നേതാക്കൾ ആവശ്യപ്പെട്ടത്.
തപാൽ വോട്ടുകൾ എണ്ണി പ്രഖ്യാപിക്കാത്ത രീതിയെക്കുറിച്ചും നേതാക്കൾ കമ്മീഷനോട് പരാതിപ്പെട്ടു. നേരത്തെ വോട്ടിങ് യന്ത്രങ്ങൾ എണ്ണിയതിന് ശേഷം തപാൽ വോട്ടുകൾ എണ്ണിയിട്ടുണ്ട്. എന്നാൽ അത്തരം സാഹചര്യം ഇനി ഉണ്ടാകരുതെന്നാണ് കമ്മീഷനോട് ആവശ്യപ്പെട്ടതെന്ന് നേതാക്കൾ അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മിഷൻ തങ്ങളെ ക്ഷമയോടെ കേട്ടെന്നും ശക്തമായ നടപടിക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി പറഞ്ഞു. ഡി.രാജ (സിപിഐ), അഭിഷേക് മനു സിങ്വി (കോൺഗ്രസ്), സീതാറാം യെച്ചൂരി (സിപിഎം) എന്നിവരാണ് കമീഷനെ കണ്ടത്. കേന്ദ്രമന്ത്രി നിർമല സീതാരാമൻ, പിയൂഷ് ഗോയൽ എന്നിവരുൾപ്പെടെയുള്ള ബിജെപി പ്രതിനിധി സംഘവും തെരഞ്ഞെടുപ്പ് കമീഷനുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
അതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജില്ലാ മജിസ്ട്രേറ്റുമാരെ (ജില്ലാ കളക്ടർ) ഫോണിൽ ബന്ധപ്പെട്ടുവെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാവ് ജയറാം രമേശിനോട് തിരഞ്ഞെടുപ്പു കമ്മീഷൻ വിശദാംശങ്ങൽ തേടിയിട്ടുണ്ട്. വോട്ടെണ്ണലിന് ദിവസങ്ങൾക്ക് മുമ്പ് അതത് ജില്ലകളുടെ റിട്ടേണിങ് ഓഫീസർമാരായ 150 ജില്ലാ കളക്ടർമാരെ അമിത് ഷാ ഫോണിൽ വിളിച്ചെന്ന ജയറാം രമേശിന്റെ ആരോപണം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടതോടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.
നിലവിൽ ഇത്തരത്തിൽ ജില്ലാ മജിസ്ട്രേറ്റുമാരെ സ്വാധീനിക്കാൻ ശ്രമം നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും എന്നാൽ ഒരു മുതിർന്ന നേതാവ് ഉന്നയിച്ച ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് വിശദാംശങ്ങൾ തേടുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. പ്രസ്താവന സംശയമുളവാക്കുന്നതാണ്. അതിനാൽ, പൊതുതാൽപ്പര്യപ്രകാരം വിഷയം അഭിസംബോധന ചെയ്യപ്പെടേണ്ടതാണെന്നും കമ്മിഷൻ കത്തിൽ ചൂണ്ടികാട്ടി.
ശനിയാഴ്ചയാണ് ജയറാം രമേശ് അമിത് ഷാക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. ആഭ്യന്തരമന്ത്രി കളക്ടർമാരെ വിളിച്ചു കൊണ്ടിരിക്കുകയാണെന്നും ഇതുവരെ 150 പേരുമായി സംസാരിച്ചുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഇത് നഗ്‌നമായ ഭീഷണിയാണ്. ബിജെപി എത്രമാത്രം നിരാശയിലാണെന്ന് ഇത് കാണിക്കുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
അതേസമയം, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുൻ എ.ഐ.സി.സി അധ്യക്ഷൻ രാഹുൽ ഗാന്ധിയും പാർട്ടിയുടെ ലോക്സഭ സ്ഥാനാർത്ഥികളുമായും നിയമസഭ കക്ഷി നേതാക്കളുമായും സംസ്ഥാന യൂണിറ്റ് മേധാവികളുമായും വിഡിയോ കോൺഫറൻസിങ്ങിലൂടെ കൂടിക്കാഴ്ച നടത്തി. വോട്ടെണ്ണൽ ദിവസം കൃത്രിമത്വ ശ്രമങ്ങൾ തടയാൻ ജാഗ്രത പാലിക്കാനും നടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു.