ന്യൂഡൽഹി: ഇന്ത്യയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇസ്രയേലി കമ്പനി 'സ്റ്റോയിക് ' ഇടപെട്ട് ബിജെപി വിരുദ്ധ പ്രചാരണത്തിന് ശ്രമിച്ചതായി ഓപ്പൺ എ.ഐ. റിപ്പോർട്ട്. നിർമ്മിതബുദ്ധി ഉപയോഗിച്ച് ഓൺലൈൻ ലേഖനങ്ങൾ, സാമൂഹ്യമാധ്യമങ്ങളിലെ കമന്റുകൾ എന്നിവ തയ്യാറാക്കി വിവിധ സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിച്ചുവെന്നാണ് കണ്ടെത്തൽ.

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, ബിജെപി വിരുദ്ധ പ്രചാരണം അഴിച്ചുവിട്ട് ഇസ്രയേലി കമ്പനി സ്റ്റോയിക് ഇടപെടാൻ ശ്രമിച്ചതായി ഓപ്പൺ എഐയുടെ അന്വേഷണത്തിൽ കണ്ടെത്തി. സീറോ സെനോ എന്ന് പേരിട്ട രഹസ്യ ഓപ്പറേഷൻ ഇന്ത്യയിലെ മാത്രമല്ല, കാനഡ, യുഎസ്, ഇസ്രയേൽ, ഘാന എന്നി രാജ്യങ്ങളിലെ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാൻ കമ്പനി ശ്രമിച്ചു.

ഓപ്പറേഷൻ ഇങ്ങനെ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വെബ്ബിൽ ലേഖനങ്ങളും, സോഷ്യൽ മീഡിയ കമന്റുകളും സൃഷ്ടിച്ചു. ഇവ ഇൻസ്റ്റഗ്രാം, ഫേസ്‌ബുക്ക്. എക്‌സ് എന്നീ പ്‌ളാറ്റ്‌ഫോമുകളിലൂടെ പ്രചരിപ്പിച്ചു. ഇന്ത്യയിലെ പരിപാടി ബിജെപി വിരുദ്ധ വാർത്തകൾ സൃഷ്ടിക്കുകയും, പ്രതിപക്ഷമായ കോൺഗ്രസിനെ പുകഴ്‌ത്തുകയുമായിരുന്നു. പ്രചാരണം തുടങ്ങി 24 മണിക്കൂറിനുള്ളിൽ കള്ളിവെളിച്ചത്താവുകയും. നിർത്തിവയ്ക്കുകയും ചെയ്തു.

തന്ത്രവും ഉള്ളടക്കവും

ആധികാരിക സ്വഭാവം ഉണ്ടെന്ന മിഥ്യാബോധം ഉണ്ടാക്കാൻ സീറോ സെനോ ക്യാമ്പയിൻ നിരവധി തന്ത്രങ്ങൾ ഉപയോഗിച്ചു. വ്യാജ വ്യക്തികളെയും സോഷ്യൽ മീഡിയോ ബയോകളും സൃഷ്ടിച്ച ശേഷം പ്രായവും, ലിംഗവും, സ്ഥലവും അനുസരിച്ച് മാറ്റങ്ങൾ വരുത്തി. ആളുകളുടെ പ്രതികരണം വ്യാജമായി സൃഷ്ടിക്കാൻ പോസ്റ്റുകളിൽ കമന്റിടാൻ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി.

നിരവധി വിഷയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം. ചിലവ പ്രാദേശിക വിഷങ്ങളായ ഗസ്സ സംഘർഷം, ജൂത-മുസ്ലിം ബന്ധം എന്നിവയെ കുറിച്ചായിരുന്നെങ്കിൽ, മറ്റു ചിലത് വ്യത്യസ്ത മേഖലകളിലെ രാഷ്ട്രീയ സാഹചര്യങ്ങളെ ലക്ഷ്യമാക്കിയായിരുന്നു. ഇന്ത്യൻ സാഹചര്യത്തിൽ, കമന്റുകൾ ബിജെപിയെ വിമർശിക്കുന്നവയും, കോൺഗ്രസിനെ പിന്തുണയ്ക്കുന്നവയും ആയിരുന്നു. ഹമാസ് വിരുദ്ധം, ഖത്തർ വിരുദ്ധം, ഇസ്രയേൽ അനുകൂലം, തുടങ്ങിയ ക്ലസ്റ്ററുകളും ഉണ്ടായിരുന്നു.

പ്രത്യാഘാതം

സീറോ സെനോ പ്രചാരണം കൊടുമ്പിരി കൊണ്ട് നടത്തിയെങ്കിലും ഉദ്ദേശിച്ച ഫലം കിട്ടിയില്ല. യഥാർഥ അക്കൗണ്ടുകളിലേക്ക് എത്തുന്നതിൽ പരാജയപ്പെട്ടു. ആശയവിനിമയത്തിൽ കൂടുതലും വ്യാജ അക്കൗണ്ടുകളിൽ ഒതുങ്ങി എന്നതായിരുന്നു പരിമിതി. മെറ്റ എക്‌സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഇതിൽ പല വ്യാജ അക്കൗണ്ടുകളും നീക്കംചെയ്തു.

ഈ പ്രവണത ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്ന് ഐടി-ഇലക്രോണിക്‌സ് മന്ത്രി രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. ഇന്ത്യക്ക് അകത്തും പുറത്തും ഉള്ള സ്ഥാപിത താൽപര്യക്കാരാണ് ഇതിന് പിന്നിലെന്നും ആഴത്തിൽ അന്വേഷിച്ച് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് തീരുമ്പോഴല്ല, വളരെ നേരത്തെ തന്നെ സോഷ്യൽ മീഡിയ പ്‌ളാറ്റ്‌ഫോമുകൾക്ക് ഈ വിവരം പുറത്തുവിടാമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.