- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിംലീഗ് സീറ്റുകളിൽ സ്ഥാനാർത്ഥികൾ ഇ.ടി മുഹമ്മദ് ബഷീറും അബ്ദുസമദ് സമദാനിയും തന്നെ
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർത്ഥികളിൽ തീരുമാനമായി. യു.ഡി.എഫിൽ ലീഗിന് അനുവദിച്ച രണ്ടു സീറ്റുകളിൽ നിലവിലെ എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീറും അബ്ദുസമ്മദ് സമദാനിയും മത്സരിക്കും. എന്നാൽ, ഇരുവരുടേയും മണ്ഡലങ്ങളിൽ മാറ്റമുണ്ടാവും.
നിലവിൽ മലപ്പുറം എംപിയാണ് അബ്ദുസമദ് സമദാനി. ഇത്തവണ അദ്ദേഹം പൊന്നാനിയിൽ മത്സരിക്കും. പൊന്നാനി എംപിയായ ഇ.ടി. മുഹമ്മദ് ബഷീർ മലപ്പുറത്തായിരിക്കും ജനവിധി തേടുക. ഇ.ടി. മുഹമ്മദ് ബഷീർ മലപ്പുറത്ത് മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു.
അതേസമയം, ലീഗിന് ഇത്തവണയും ലോക്സഭയിലേക്ക് മൂന്നാം സീറ്റ് ലഭിക്കില്ലെന്നാണ് സൂചനകൾ. പകരം രാജ്യസഭയിൽ രണ്ടാം സീറ്റ് നൽകാനാണ് യു.ഡി.എഫിലെ ധാരണയെന്നാണ് വിവരം. ജൂണിൽ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ ഒന്നിൽ യു.ഡി.എഫിന് വിജയിക്കാൻ സാധിക്കും. ഇത് ലീഗിന് നൽകിയേക്കും. നിലവിൽ പി.വി. അബ്ദുൾവഹാബാണ് ലീഗിന്റെ രാജ്യസഭാംഗം.
അതേസമയം മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നിർബന്ധമായും വേണമെന്നു ലീഗ് കോഴിക്കോട് ജില്ലാ പ്രവർത്തക സമിതി യോഗത്തിൽ ആവശ്യം ഉയർന്നിരുന്നു. മൂന്നാം സീറ്റ് നേടിയെടുക്കാൻ നേതൃത്വം പരിശ്രമിക്കണമെന്നും ഇല്ലെങ്കിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രവർത്തിക്കാനിറങ്ങുന്ന പ്രവർത്തകരുടെ മനോവീര്യത്തെ ബാധിക്കുമെന്നും സമിതിയിൽ ശക്തമായ ചർച്ചയുണ്ടായി. മൂന്നാം സീറ്റ് സംബന്ധിച്ചു നേതൃത്വത്തിൽ നിന്ന് ഉറപ്പു കിട്ടിയാലേ ലോക്സഭ തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾക്ക് ഇറങ്ങാൻ താഴെ തട്ടിൽ നിർദേശിക്കാനാകൂ എന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
നിലവിലുള്ള മലപ്പുറം, പൊന്നാനി സീറ്റുകൾക്കു പുറമേ കോഴിക്കോടിനു കൂടി പ്രാതിനിധ്യം ലഭിക്കുന്ന വിധത്തിൽ വടകരയോ സമീപത്തെ കണ്ണൂരോ ലഭിക്കാൻ നേതൃത്വം ശക്തമായി ഇടപെടണമെന്നായിരുന്നു പ്രവർത്തക സമിതിയിലെ പ്രധാന ചർച്ച വന്നത്. എന്നാൽ, മൂന്നാം സീറ്റിന് സാധ്യതകൾ കുറവാണ്.
നിലവിൽ കൊല്ലത്തും കോട്ടയത്തും യു.ഡി.എഫ്. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ഫ്രാൻസിസ് ജോർജാണ് കോട്ടയത്തെ യു.ഡി.എഫ്. സ്ഥാനാർത്ഥി. കൊല്ലത്ത് ആർ.എസ്പിയുടെ സിറ്റിങ് എംപി. എൻ.കെ. പ്രേമചന്ദ്രൻ യു.ഡി.എഫ്. ടിക്കറ്റിൽ വീണ്ടും ജനവിധി തേടും.