ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. രാമക്ഷേത്ര ഉദ്ഘാടനത്തിൽ നിന്ന് വിട്ടു നിന്നതിലൂടെ കോൺഗ്രസ് പാപം ചെയ്തു എന്ന് ജെപി നദ്ദ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ മറുപടിയിലാണ് ന്യായീകരണം.

മുസ്ലിം ലീഗ് ഇന്ത്യയുടെ വിഭജനത്തിന്റെ വിത്ത് പാകിയതുപോലെ കോൺഗ്രസ് പ്രവർത്തിച്ചു. സാമ്പത്തിക നിസ്സഹകരണത്തിലൂടെയും ഭാഷാപരമായ വ്യത്യാസങ്ങളിലൂടെയും ഭിന്നിപ്പിക്കാൻ ശ്രമിച്ചു. രാജ്യത്തെ അടിസ്ഥാന മതമായ ഹിന്ദു മതത്തെ അവഹേളിച്ചതിന് കോൺഗ്രസ്സിനെതിരെ നടപടി എടുക്കണമെന്നും അദ്ദേഹഗം ആവശ്യപ്പെട്ടു.

രാമക്ഷേത്ര ഉദ്ഘാടനത്തിൽ നിന്നും വിട്ടു നിന്നതിലൂടെ കോൺഗ്രസ് പാപം ചെയ്തു. വോട്ടു ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി പ്രധാനമന്ത്രിയെ എതിർത്തതിലൂടെ രാജ്യത്തെ സംസ്‌കാരത്തെ കോൺഗ്രസ് എതിർക്കുന്നു. പ്രതിപക്ഷത്തിന്റ ഉദ്ദേശ്യങ്ങൾ മനസ്സിലാക്കുക എന്നത് ജനാധിപത്യത്തിലെ വോട്ടർമാരുടെ അവകാശമാണ്. പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളെല്ലാം വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നും മറുപടിയിൽ പറയുന്നു. ബിജെപി യുടെ മറുപടി പരിശോധിച്ച് വരുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.

രാജസ്ഥാനിലെ തിരെഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ കഴിഞ്ഞ മാസം സംസാരിക്കവെയാണ് കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജനങ്ങളുടെ സ്വത്തുക്കളും ഭൂമിയുമെല്ലാം മുസ്ലിങ്ങൾക്കിടയിൽ വിതരണം ചെയ്യുമെന്ന് മോദി പ്രസംഗിച്ചത്. മുസ്ലിം മത വിഭാഗക്കാരെ നുഴഞ്ഞുകയറ്റക്കാരെന്നും വിശേഷിപ്പിച്ചിരുന്നു. മോദിയുടേത് വിദ്വേഷ പ്രസംഗം ആണെന്നും നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ്, സിപിഐ, സിപിഐ (എംഎൽ) എന്നീ പാർട്ടികൾ ആണ് കമ്മീഷനെ സമീപിച്ചിരുന്നത്.

തുടർന്ന് ജനപ്രാതിനിധ്യ നിയമത്തിലെ 77 -ാം വകുപ്പ് പ്രകാരം തിരെഞ്ഞെടുപ്പ് കമ്മീഷൻ ബിജെപി അധ്യക്ഷൻ നദ്ദയോട് വിശദീകരണം തേടി. മോദി ബിജെപിയുടെ താര പ്രചാരകൻ ആയതിനാൽ ആണ് നദ്ദയോട് വിശദീകരണം തേടിയത്. മോദിയുടെ പ്രസംഗത്തെ പൂർണ്ണമായും ന്യായീകരിച്ചാണ് നദ്ദ കമ്മീഷന് മറുപടി നൽകിയത്. വസ്തുതകളുടെ അടിസ്ഥാനത്തത്തിൽ ആയിരുന്നു മോദിയുടെ പ്രസംഗം. പ്രതിപക്ഷത്തിന്റെ വാക്കുകൾ കേൾക്കാൻ മാത്രമല്ല, അവരുടെ ലക്ഷ്യം മനസിലാക്കാൻകൂടിയുള്ള അവകാശം വോട്ടർമാർക്ക് ഉണ്ടെന്നും ജെപി നദ്ദ തിരെഞ്ഞെടുപ്പ് കമ്മീഷന് നൽകിയ വിശദീകരണത്തിൽ പറഞ്ഞിട്ടുണ്ട്.

മുസ്ലിം ലീഗിന്റെ മുദ്ര പതിഞ്ഞതാണ് കോൺഗ്രസ് പ്രകടന പത്രികയെന്ന മോദിയുടെ ആരോപണത്തെ നദ്ദ ന്യായീകരിച്ചു. മുസ്ലിം ലീഗിനെ പോലെ ഇന്ത്യയെ പിളർത്താൻ കോൺഗ്രസ് ശ്രമിച്ചു. ഇന്ത്യ വിഭജനത്തിന്റെ വിത്ത് മുസ്ലിം ലീഗ് പാകിയത് പോലെ വടക്ക് തെക്ക് വിഭജനത്തിന് കോൺഗ്രസ് ശ്രമിച്ചു എന്നാണ് നദ്ദയുടെ ആരോപണം. പ്രധാനമന്ത്രിയെ വിമർശിക്കുകന്നതിനും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുമായി രാജ്യത്തിന് അടിത്തറ പാകിയ മതത്തെ കോൺഗ്രസ് അപകീർത്തിപ്പെടുത്തുകയാണ്. കോൺഗ്രസിന്റെ ഘടക കക്ഷികളും ഹിന്ദു മതത്തിന് എതിരെ സംസാരിക്കുന്നു. ഇതിനെതിരെ നടപടി വേണമെന്നും നദ്ദ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.