കോട്ടയം: മിത്ത് വിവാദത്തിൽ എൻഎസ്എസിന്റെ നിലപാടിന് എതിരായ നിലപാടാണ് സിപിഎം സ്വീകരിച്ചത്. സ്പീക്കർ എ എൻ ഷംസീറിനെ കൊണ്ട് തിരുത്തിക്കാൻ പാർട്ടി തയ്യാറായില്ല. കൂടാതെ സമാധാനപരമായി സമരം നടത്തിയതിന്റെ പേരിൽ എൻഎസ്എസിനെതിരെ കേസെടുക്കുകയും ചെയ്തു. ഇതിനെല്ലാം പിന്നാലെയാണ് സുകുമാരൻ നായരെ കണ്ട് പുതുപ്പള്ളിയിലെ ഇടതു സ്ഥാനാർത്ഥി ജെയ്ക് സി തോമസ് രംഗത്തുവന്നത്.

സുകുമാരൻ നായരെയും എൻഎസ്എസിനെയും പുകഴ്‌ത്തിയ ജെയ്ക്ക് എൻഎസ്എസ് വർഗീയതയ്‌ക്കെതിരെ ശക്തമായ നിലപാടുള്ള സംഘടനയാണെന്നും വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൂടിക്കാഴ്ചക്കെത്തിയ തന്നെ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സ്‌നേഹവായ്‌പ്പോടെയാണ് സ്വീകരിച്ചതെന്നും ജെയ്ക്ക് പറഞ്ഞു.

വിശ്വാസത്തെ വർഗീയ വത്ക്കരിക്കുന്നതിന് എതിരായ നിലപാടുള്ള നേതാവാണ് സുകുമാരൻ നായർ. ഇടതുപക്ഷവുമായ യോജിക്കാവുന്ന തലം എൻഎസ്എസ് അടക്കമുള്ള സംഘടനകൾക്കുണ്ട്. നേരത്തെ തൃശൂരിൽ മത്സരിച്ച ചലച്ചിത്ര നടനായ ഒരു നേതാവ് എൻഎസ് എസ് ആസ്ഥാനത്തെത്തിയപ്പോൾ, രണ്ടാമത് ഒരു കാവിയുമായി എൻഎസ്എസ് കാര്യാലയത്തിൽ വരണ്ടതില്ലെന്ന എന്ന നിലപാടെടുത്ത നേതാവാണ് സുകുമാരൻ നായർ. വർഗീയതക്കെതിരായ ആ നിലപാട്, ഇന്നും എൻഎസ്എസിനുണ്ടെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജെയ്ക്കിന്റെ വാക്കുകൾക്ക് പിന്നാലെ സൈബറിടത്തിൽ ട്രോളുകളും സജീവമാണ്. സിപിഎം നിലപാട് കിലുക്കം സിനിമയിലെ കിട്ടുണ്ണിയുടെ നിലപാട് പോലെയാണെന്നാണ് സൈബറിടത്തിലെ പരിഹാസം. എ കെ ബാലൻ അടക്കമുള്ള മിത്ത് വിഷയത്തിൽ സുകുമാരൻ നായരെ വിമർശിച്ചതും ചൂണ്ടിക്കാട്ടുന്നു. കൂടാതെ സൈബറിടത്തിലും സിപിഎം സഖാക്കൾ സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. സൈബറിടത്തിലെ പോരാളി ഷാജിമാരെ ജെയ്ക്ക് മറന്നോ എന്ന ചോദ്യമാണ് ഉയരുന്നത.

നേരത്തെ മിത്ത് വിവാദവുമായി ബന്ധപ്പെട്ട് പരസ്പരം പോരടിച്ച എൻഎസ്എസും സിപിഎമ്മും പുതുപ്പള്ളിയിൽ പക്ഷേ പിണക്കം മറന്നുവെന്ന് വ്യക്തമാണ്. അതേസമയം തെരഞ്ഞെടുപ്പിൽ സമദൂര നിലപാടാണ് എൻഎസ്എസ് സ്വീകരിക്കുക എന്നാണ് അറിയിച്ചിരിക്കുന്നത്. മന്ത്രി വിഎൻ വാസവന് ഒപ്പമാണ് ജെയ്ക്ക് സി തോമസ് രാവിലെ പെരുന്നയിലെത്തി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തിയത്. എൻഎസ്എസിന് പുറമെ എസ്എൻഡിപിയുടെ വെള്ളാപ്പള്ളി നടേശനെയും ദേവലോകം അരമനയിലെത്തി ഓർത്തഡോക്‌സ് സഭാധ്യക്ഷനെയും ജെയ്ക്ക് സന്ദർശിച്ചിരുന്നു.

തെരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കും മുമ്പ് തന്നെ സഭാ സാമുദായിക വോട്ടുറുപ്പാക്കാനാണ് സിപിഎം ശ്രമം. അതേ സമയം, പള്ളിത്തർക്കം സങ്കീർണമായി നിൽക്കെ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്വീകരിച്ചത്. ഓർത്തഡോക്‌സ് സഭക്ക് അനുകൂലമായ വിധിയാണെങ്കിലും അത് നടപ്പിലാക്കാൻ തടസങ്ങളുണ്ടെന്നും രണ്ട് വിഭാഗക്കാരും യോജിച്ച് മുന്നോട്ട് പോകണമെന്നും സിപിഎം സംസ്ഥാ സെക്രട്ടറി ആവശ്യപ്പെട്ടു.

പൂർണമായും യാക്കോബായക്കാർ നിർമ്മിച്ച പള്ളികളുണ്ട്. പള്ളികൾ നിയമപരമായി ഓർത്തഡോക്‌സിന് കൊടുക്കണമെന്ന് പറയുന്നത് സങ്കീർണ്ണമായ കാര്യമാണ്. ഇരുകൂട്ടരും സമാധാനപരമായി ചർച്ച ചെയ്ത് വിഷയം പരിഹരിക്കണമെന്നും വിഷയത്തിൽ സർക്കാരും സിപിഎമ്മും പക്ഷം ചേരാനില്ലെന്നും എം വിഗോവിന്ദൻ പറഞ്ഞു. എം വി ഗോവിന്ദന്റെ ഈ നിലപാട് വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്.