- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുപ്പള്ളിയിൽ ജെയ്ക് സി തോമസിന് മൂന്നാമങ്കം; ചാണ്ടി ഉമ്മന് എതിരാളിയായി ജെയ്ക് തന്നെ മതിയെന്ന് സിപിഎം തീരുമാനം; ഇടതുമുന്നണിയുടെ ഔദ്യോഗിക പ്രഖ്യാപനം നാളെ; സംസ്ഥാന നേതൃത്വം പരിഗണിച്ചത് ഒറ്റപ്പേര്; ജെയ്കിന് അനുകൂലമായത് 2021 ൽ ഉമ്മൻ ചാണ്ടിക്ക് എതിരെ കാഴ്ച വച്ച തകർപ്പൻ പ്രകടനം
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസ് തന്നെ ഇടതുമുന്നണി സ്ഥാനാർത്ഥി. ഇന്നു ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ചാണ്ടി ഉമ്മനെ നേരിടാൻ ജെയ്ക് തന്നെ എതിരാളിയെന്ന ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. പുതുപ്പള്ളിയിൽ ഇത് മൂന്നാം വട്ടമാണ് ജെയ്ക് മത്സരിക്കുന്നത്. പാർട്ടി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൊടുത്ത ഒരേ ഒരു പേരും ജെയ്ക്കിന്റേതായിരുന്നു. ജെയ്ക് അടക്കം മൂന്നു സിപിഎം നേതാക്കളുടെ പേര് പാർട്ടി ആദ്യം പരിഗണിച്ചിരുന്നു.
ജെയ്ക് സി. തോമസിനായിരുന്നു പ്രധാന പരിഗണന. സിപിഎം കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗം റെജി സഖറിയ, പുതുപ്പള്ളി ഏരിയാ സെക്രട്ടറി സുഭാഷ് വർഗീസ് തുടങ്ങിയ പേരുകളും ഉയർന്നുകേട്ടിരുന്നു. പുതുപ്പള്ളിയിൽ നേരത്തെ കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം നിബു ജോൺ ഇടതു സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് നിബു തന്നെ വ്യക്തമാക്കിയിരുന്നു.
എസ്.എഫ്.ഐ. പ്രസ്ഥാനത്തിലൂടെ ഉയർന്നുവന്ന ജെയ്ക് സംസ്ഥാന അദ്ധ്യക്ഷനായി 2016 തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 2016 മേയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐ.(എം.) ന്റെ സ്ഥാനാർത്ഥിയായി പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടു. 2016 തിരഞ്ഞെടുപ്പിൽ മത്സരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു ജെയ്ക്. 2021 ലെ തിരഞ്ഞടുപ്പിൽ ഉമ്മൻ ചാണ്ടിയെ വിറപ്പിച്ച പ്രകടനമായിരുന്നു.
കോട്ടയം സി.എം.എസ്. കോളേജിൽ ബി.എ. കമ്മ്യൂണിക്കേറ്റിവ് ബിരുദപഠനത്തിന്റെ സിലബസ് മാറ്റിയതുമായി ബന്ധപ്പെട്ട് സമരം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ പേരിൽ അദ്ദേഹത്തെ കലാലയത്തിൽ നിന്നും പിരിച്ചുവിടുകയും പിന്നീട് മദ്ധ്യസ്ഥശ്രമങ്ങൾക്കു ശേഷം പരീക്ഷ എഴുതാനാകുകയും ചെയ്തു. സി.എം.എസ്. കോളേജിലെ ഉപകരണങ്ങൾ നശിപ്പിച്ചുവെന്ന പേരിൽ കോളേജ് അധികൃതർ ജെയ്കിനും മറ്റു നേതാക്കൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തന്നെ പുറത്താക്കിയ മാനേജ്മെന്റിന്റെ നടപടിക്കെതിരെ 'ക്രൂരരായ ഭരണാധിപന്മാരെ, പൂക്കളെ നിങ്ങൾക്ക് നുള്ളിയെറിയാം. പക്ഷെ വസന്തത്തിന്റെ വരവിനെ തടയാനാവില്ല' എന്ന നെരൂദയുടെ വാക്കുകൾ കൊണ്ടാണ് ജെയ്ക്ക് സി തോമസ് ഊർജം പകർന്നത്.
എസ്എഫ്ഐ ജില്ലാ പ്രസിഡന്റായിരുന്ന ഇദ്ദേഹം നിയമസഭാ സ്ഥാനാർത്ഥിയാവുന്നതിനും ഒരു മാസം മുമ്പാണ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എസ്.എഫ്.ഐ കോട്ടയം ജില്ല പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, കേന്ദ്ര കമ്മിറ്റി അംഗം, സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സിൽ അണ്ണാമലൈ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷിൽ ബിരുദവും നേടി.
മണർകാട് ചിറയിൽ പരേതനായ എം ടി. തോമസിന്റെയും അന്നമ്മ തോമസിന്റെയും മകനാണ് ജെയ്ക്ക്. മണർക്കാട് യാക്കോബായ പള്ളിയിലെ അംഗമായ ജേയ്ക്, മണർകാട് വി. മേരിയുടെ പേരിലുള്ള കത്തീഡ്രൽ പള്ളിയിലേയും അംഗമാണ്. സഹോദരൻ സി.ടി. തോമസ് വ്യാപാരിയാണ്.
മറുനാടന് മലയാളി ബ്യൂറോ