- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുപ്പള്ളിയിൽ ജെയ്ക്.സി.തോമസ് എൽഡിഎഫ് സ്ഥാനാർത്ഥി; ഔദ്യോഗികമായി പ്രഖ്യാപിച്ച് എം വി ഗോവിന്ദൻ; മണ്ഡലത്തിലേത് രാഷ്ട്രീയ പോരാട്ടം ആകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി; ചർച്ച ചെയ്യേണ്ടത് പുതുപ്പള്ളിയിലെ ജനങ്ങളുടെ ജീവിതപ്രശ്‌നമാണെന്ന് ജെയ്ക്ക്; മൂന്നാം തവണയും തുടർച്ചയായി മത്സരത്തിന് ഇറങ്ങുന്ന ജെയ്ക്ക് പറയുന്നതയ് വലിയ അവകാശവാദങ്ങൾക്ക് ഇല്ലെന്ന്
കോട്ടയം: പുതുപ്പള്ളിയിൽ ജെയ്ക് സി തോമസ് എൽഡിഎഫ് സ്ഥാനാർത്ഥിയാകും. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പുതുപ്പള്ളിയിൽ രാഷ്ട്രീയ പോരാട്ടമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. 'രാഷ്ട്രീയമായി ഈ ഉപതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. രാഷ്ട്രീയ പോരാട്ടമാണ് ഉദ്ദേശിക്കുന്നത്. ആരെയും വ്യക്തപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നില്ല. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം സംഘടിതമായി എല്ലാ വികസന പ്രവർത്തനത്തേയും എതിർക്കുകയാണ് പ്രതിപക്ഷം. പ്രതിപക്ഷമാണ് വിചാരണ ചെയ്യപ്പെടുന്നത്. വികസനത്തിന് വോട്ടുണ്ടെന്ന് പ്രതിപക്ഷത്തിന് മനസ്സിലായത് രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമാണ്.
കേരളത്തിൽ വികസന പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കില്ല എന്ന അജണ്ട വച്ച് തീരുമാനിച്ച ഒരു പ്രതിപക്ഷമാണുള്ളത്. ലോകത്ത് എവിടെയെങ്കിലും അങ്ങനെയുണ്ടോ എന്ന് അറിയില്ല. കേരളം ലോകത്തിന് മാതൃകയാകുന്ന ഫലപ്രദമായ ഇടപെടലുകൾ പോലും അഴിമതിയുടെ പുകമറ സൃഷ്ടിച്ച് എതിർക്കുന്ന ഒരു നിലപാടാണ് സ്വീകരിക്കുന്നത്. എന്നാൽ ജനങ്ങൾ ഇതൊന്നും അംഗീകരിക്കില്ല.' ഗോവിന്ദൻ പറഞ്ഞു.
അതേസമയം പുതുപ്പള്ളിയിൽ ചർച്ച ചെയ്യേണ്ടത് ജനങ്ങളുടെ ജീവിതപ്രശ്‌നമാണെന്ന് ജെയ്ക്ക് സി തോമസ് പറഞ്ഞു. വലിയ അവകാശവാദങ്ങൾക്ക് ഇല്ലെന്നും ജനങ്ങളിലാണ് പ്രതീക്ഷയെന്നും ജെയ്ക്ക് മാധ്യമങ്ങളോട് പറഞ്ഞു. ജെയ്ക് സി തോമസിനെ സ്ഥാനാർത്ഥിയാക്കാനാണ് ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനമായത്. പ്രഖ്യാപനത്തിന് പിന്നാലെ ഉച്ചയ്ക്ക് രണ്ടര മുതൽ സ്ഥാനാർത്ഥിയുടെ മണ്ഡല പര്യടനവും ആരംഭിക്കും.
സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയെങ്കിലും പ്രചാരണത്തിൽ ചുരുങ്ങിയ സമയം കൊണ്ട് മുന്നിലെത്താനാണ് ഇടതുമുന്നണിയുടെ ശ്രമം. വാർഡ് കമ്മിറ്റികൾ മുതൽ മണ്ഡലം കമ്മിറ്റി വരെ സജീവമാക്കാൻ മുതിർന്ന നേതാക്കളെ തന്നെ രംഗത്തിറക്കിയിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായി മുഖ്യമന്ത്രി മണ്ഡലത്തിൽ പ്രചാരണത്തിന് എത്തും. 17ന് നാമനിർദേശ പത്രിക സമർപ്പിക്കാനാണ് നിലവിലെ തീരുമാനം.
ഉമ്മൻ ചാണ്ടിയെന്ന വികാരം പരമാവധി മുതലെടുത്ത് ഉപതെരഞ്ഞെടുപ്പിന് ഇറങ്ങുന്ന കോൺഗ്രസിനെ നേരിടാൻ 2021 ലെ തെരഞ്ഞടുപ്പിൽ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയെ വിറപ്പിച്ച ജെയ്ക് സി തോമസ്. ലോക്കൽ കമ്മിറ്റികളിൽ നിന്ന് നൽകിയ ഒറ്റപ്പേര് ജില്ലാ നേതൃത്വം സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നിൽ വച്ചു. ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയം മാത്രം പറയണമെന്നുറപ്പിച്ച സംസ്ഥാന നേതൃത്വത്തിനും മറിച്ചൊരു അഭിപ്രായം ഉണ്ടായില്ല. 2016 ലും 2021 ലും ഉമ്മൻ ചാണ്ടിക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച ജെയ്ക്ക് ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് എതിരാളിയാകും.
ജെയ്ക് സി തോമസ് അടക്കം മൂന്ന് സിപിഎം നേതാക്കളുടെ പേരായിരുന്നു പാർട്ടി ആദ്യം പരിഗണിച്ചിരുന്നത്. രണ്ട് തവണ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക്ക് സി തോമസിന്റെ പേര് തന്നെയായിരുന്നു തുടക്കം മുതൽ മുൻഗണനയിൽ ഉണ്ടായിരുന്നത്. ഇന്ന് ചേർന്ന സിപിഎം സെക്രട്ടേറിയറ്റ് ജെയ്ക്ക് സി തോമസിന്റെ മാത്രമാണ് പരിഗണിച്ചത്. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ തന്നെ മണർകാട് സ്വദേശിയായ ജെയ്ക്, 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. 2021 ലെ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയെ വിറപ്പിച്ച പ്രകടനം സ്ഥാനാർത്ഥി നിർണയത്തിൽ ജെയ്ക്കിന് അനുകൂല ഘടകമായി.
എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ ജെയ്ക് നിലവിൽ കോട്ടയം ജില്ലാ കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റിലും കേന്ദ്ര കമ്മിറ്റിയിലും ഉണ്ട്. മണർകാട് സ്വദേശിയായ ജെയ്ക് സി തോമസിന് മതസാമുദായിക ഘടകങ്ങളും അനുകൂലമെന്നാണ് വിലയിരുത്തൽ. ഉമ്മൻ ചാണ്ടി ഉണ്ടാക്കിയെടുത്ത വൈകാരിക പരിസരം മാറ്റിവച്ചാൽ പുതുപ്പള്ളി മണ്ഡലം രാഷ്ട്രീയമായി അനുകൂലമെന്ന വിലയിരുത്തലിലാണ് സിപിഎം.
മറുനാടന് മലയാളി ബ്യൂറോ