- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യസഭയിലേക്ക് അഞ്ചാംവട്ടവും മത്സരിക്കാൻ ജയ ബച്ചൻ
ലക്നൗ: നാലുതവണ രാജ്യസഭാംഗമായ ജയ ബച്ചൻ അഞ്ചാം വട്ടം മത്സരിക്കാൻ നാമനിർദ്ദേശ പത്രിക നൽകി. സമാജ് വാദി പാർട്ടിയിൽ നിന്ന് ജയ ബച്ചനെ കൂടാതെ ദളിത് നേതാവ് രാംജി ലാൽ സുമൻ, മുൻ യുപി ചീഫ് സെക്രട്ടറി അലോക് രഞ്ജൻ എന്നിവരും പത്രിക നൽകി. എസ്പിക്ക് മുന്നുപേരെ രാജ്യസഭയിലേക്ക് അയയ്ക്കാൻ കഴിയും. യുപിയിൽ നിന്നുള്ള രാജ്യസഭാ സീറ്റുകൾ ഏപ്രിൽ രണ്ടിനാണ് ഒഴിയുന്നത്. 9 ബിജെപി അംഗങ്ങളും ഒരു എസ്പി അംഗവും വിരമിക്കും. ബിജെപി തങ്ങളുടെ ഏഴ് സ്ഥാനാർത്ഥികളെ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.
ഫെബ്രുവരി 27-നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുക. 15 സംസ്ഥാനങ്ങളിൽ നിന്നായി 56 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്. 403 അംഗങ്ങളുള്ള ഉത്തർപ്രദേശ് നിയമസഭയിൽ എസപിക്ക് 108 സീറ്റുകളുണ്ട്. ഭരണകക്ഷിയായ ബിജെപിക്ക് 252 സീറ്റുകളാണുള്ളത്. ഫെബ്രുവരി 15 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. വോട്ടെടുപ്പ് വേണ്ടി വന്നാൽ ഫെബ്രുവരി 27 ന് നടക്കും. 75 കാരിയായ ജയ ബച്ചൻ അഞ്ചാമതൊരു വട്ടം കൂടി രാജ്യസഭയിൽ അവസരം കിട്ടുന്ന രണ്ടാമത്തെ എസ്പി നേതാവാണ്. എസ്പി മുഖ്യ ദേശീയ ജനറൽ സെക്രട്ടറിയായ രാംഗോപാൽ യാദവ് ആണ് ഇതിന് മുമ്പ് അഞ്ചുതവണ അവസരം കിട്ടിയ നേതാവ്.
നാമനിർദ്ദേശപത്രിക പ്രകാരം ജയാ ബച്ചനും ഭർത്താവ് അമിതാഭ് ബച്ചനും 1578 കോടി രൂപ മൂല്യമുള്ള സ്വത്താണുള്ളത്. 2022-23 സാമ്പത്തികവർഷത്തിൽ ജയാ ബച്ചന് മാത്രം 1,63,56,190 രൂപയുടെ സ്വത്തും അമിതാഭിന് 273,74,96,590 രൂപയുടെ സ്വത്തുമാണുള്ളത്. ജയാ ബച്ചന് 10,11,33,172 രൂപയും അമിതാഭ് ബച്ചന് 120,45,62,083 രൂപയുമാണ് ബാങ്ക് ബാലൻസ്.
40.97 കോടി രൂപയുടെ ആഭരണങ്ങളാണ് ജയാ ബച്ചന് സ്വന്തമായുള്ളത്. അമിതാഭ് ബച്ചന്റെ കൈവശം 54.77 കോടി രൂപയുടെ ആഭരണങ്ങളാണുള്ളത്. ജയാ ബച്ചന് 9.82 ലക്ഷം രൂപയുടെ കാറാണ് ഉള്ളതെങ്കിൽ ഭർത്താവിന് രണ്ട് മേഴ്സിഡസും റെയ്ഞ്ച് റോവറും ഉൾപ്പെടെ 17.66 കോടി രൂപ മൂല്യമുള്ള 16 വാഹനങ്ങളാണ് സ്വന്തമായുള്ളത്.
വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ അലോക് രഞ്ജൻ 2014 നും 2016 നും മധ്യേ അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരിക്കെ, ചീഫ് സെക്രട്ടറിയായിരുന്നു. 2017 മുതൽ എസ്പിക്കൊപ്പം പ്രവർത്തിക്കുന്ന അലോക് രഞ്ജൻ പാർട്ടി ബുദ്ധീജിവികളിൽ പെടുന്നു.