തിരുവനന്തപുരം: കർണാടകാ തെരഞ്ഞെടുപ്പു വിജയത്തിന് ചുക്കാൻ ചിടിച്ച ശേഷം വീണ്ടും തിരക്കുകളിലാണ് കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ആരെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കും എന്നതാണ് ഇപ്പോൾ മുന്നിലുള്ള കടമ്പ. അത് ഭംഗിയായി പൂർത്തിയാക്കിയിൽ അടുത്ത ഘട്ട തിരക്കുകളിലേക്ക് കടക്കും കെ സി വേണുഗോപാൽ. ഇനി തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്നത് രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. ഇതിൽ രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും അധികാരം നിലനിർത്തുക എന്നതാണ് കോൺഗ്രസിന് മുന്നിലെ വെല്ലുവിളി. ആഞ്ഞു ശ്രമിച്ചാൽ മധ്യപ്രദേശിൽ അധികാരത്തിലെത്താമെന്നും പ്രതീക്ഷയുണ്ട്. ഈ തിരക്കുകളിലേക്കാണ് കെ സി വേണുഗോപാലിന്റെ പോക്കും.

ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രധാന്യം വർധിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പു ഫലമെന്നാണ് കെ സി വേണുഗോപാൽ കർണാടക വിജയത്തിന്റെ പശ്ചാത്തലത്തിൽ പറയുന്നത്. സ്വന്തം ആശയങ്ങളിലൂന്നി കഠിനാധ്വാനം ചെയ്താൽ ആരെയും വീഴ്‌ത്താമെന്നതാണ് കർണാടക ഞങ്ങൾക്കു തരുന്ന പാഠം. ഈ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ദിശ നിശ്ചയിച്ചത് കോൺഗ്രസാണ്. അനാവശ്യ വിഷയങ്ങളുയർത്തി അതു വഴിതിരിച്ചുവിടാനുള്ള ബിജെപിയുടെ കെണിയിൽ ഞങ്ങൾ വീണില്ലെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമയോട് സംസാരിക്കവേയാണ് കെസി നിലപാട് അറിയിച്ചത്.

കോൺഗ്രസിനെ മാറ്റി നിർത്തി ബിജെപിക്കെതിരെ പൊരുതാനാവില്ലെന്ന് ഇപ്പോൾ മനസ്സിലായെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് വല്യേട്ടൻ മനോഭാവത്തിലേക്കു മാറില്ല. ദേശീയതലത്തിൽ ബിജെപിയെ വീഴ്‌ത്താൻ എന്തു വിട്ടുവീഴ്ചയ്ക്കും ഞങ്ങൾ തയാറാണെന്ന് പ്രതിപക്ഷ കക്ഷികളോടു മുൻപ് പറഞ്ഞിരുന്നു. ആ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കർണാടക വിജയം രാഹുൽ ഗാന്ധിക്ക് കൂടി അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെ ബിജെപി നിരന്തരം വേട്ടയാടുന്നതിനിടെയാണ് അദ്ദേഹം മുന്നിൽ നിന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മിന്നുന്ന വിജയം നേടിയിരിക്കുന്നത്. ഭാരത് ജോഡോ പദയാത്ര കടന്നുപോയ മണ്ഡലങ്ങളിൽ കോൺഗ്രസ് നേട്ടമുണ്ടാക്കിയെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.

ഈ വർഷമവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, തെലങ്കാന തിരഞ്ഞെടുപ്പുകൾക്കുള്ള ഒരുക്കങ്ങൾ വൈകാതെ കോൺഗ്രസ് തുടങ്ങും. രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും ഭരണവിരുദ്ധ വികാരം മറികടക്കുക കോൺഗ്രസിന് എളുപ്പമല്ല. മധ്യപ്രദേശിൽ 2018 ൽ തിരഞ്ഞെടുപ്പ് ജയിക്കുകയും അധികാരം ലഭിക്കുകയും ചെയ്‌തെങ്കിലും 2020 ൽ ജ്യോതിരാദിത്യ സിന്ധ്യയും അനുയായികളും ബിജെപിയിലേക്കു കൂറുമാറിയതോടെ സർക്കാർ വീണു. കർണാടകയിലേതു പോലെ സംസ്ഥാന നേതൃത്വത്തിനൊപ്പം രാഹുൽ- പ്രിയങ്ക കൂട്ടുകെട്ടായിരിക്കും കോൺഗ്രസിനെ നയിക്കുക. ഇവിടെയും നിർണായക റോളിൽ കെ സി ഉണ്ടാകും.

കർണാടക രാഷ്ട്രീയത്തിലെ അതികായകന്മാരായ സിദ്ധരാമയ്യയും ഡി കെ ശിവകുമാറിനെയും ഒരുമിച്ചു കൊണ്ടുപോകുക എന്ന ദൗത്യവും വിജയമാക്കിയത് കെ സിയുടെ ഇടപെടൽ ആയിരുന്നു. മുമ്പ് കോൺഗ്രസിനൊപ്പം നിന്ന് നടത്തിയ നീക്കങ്ങളിൽ പരാജയപ്പെട്ടപ്പോൾ ഒട്ടേറെ കല്ലേറ് ഏൽക്കേണ്ടി വന്ന നേതാവാണ് കെ സി. എന്നാൽ, ഇക്കുറി കോൺഗ്രസ് ചരിത്ര വിജയം നേടുമ്പോൾ കെ സി വേണുഗോപാലിനും അഭിമാനിക്കാൻ വഴികൾ ഏറെയാണ്.

ഡികെ ശിവകുമാറിനൊപ്പം നിന്നു തെരഞ്ഞെടുപ്പു പ്രചരണ തന്ത്രങ്ങൾ മെനഞ്ഞതും മണ്ഡലത്തിന് അനുകൂലമായ സ്ഥാനാർത്ഥിയെ അവതരിപ്പിക്കുന്നതിൽ അടക്കം കെ സിക്ക് കൃത്യമായ റോളുണ്ടായിരുന്നു. ദേശീയ രാഷ്ട്രീയ വിഷയങ്ങൾ ഉയർത്തി കർണാടകയിലെ പ്രാദേശിക വിഷയങ്ങളെ അവഗണിക്കാൻ ബിജെപി പരാമാവധി ശ്രമിച്ചിരുന്നു. എന്നാൽ, ഇത് കെണിയാണെന്ന് തിരിച്ചറിഞ്ഞ് ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങളിൽ ഊന്നി പ്രചരണം നടത്താൻ നേതാക്കൾക്ക് നിർദ്ദേശം നൽകിയത് കെ സിയായിരുന്നു. ഇതോടെ കോൺഗ്രസ് ബിജെപിയുടെ അഴിമതിയും വികസന വിഷയങ്ങളും ഉയർത്തി പ്രചരണം ശക്തമാക്കുകയാണ് ഉണ്ടായത്.

കുറച്ചു കാലമായി തന്നെ കന്നഡ രാഷ്ട്രീയത്തിൽ ശ്രദ്ധ പതിപ്പിച്ചിട്ടുള്ളതിനാൽ നേതാക്കൾക്കിടയിലെ ഐക്യം ഉറപ്പിക്കുന്നതിൽ കെ സി വിജയിച്ചു. രാഹുൽ ഗാന്ധിയുടെ മനസ്സറിഞ്ഞുള്ള ഇടപെടുകൾ നടത്താനും അദ്ദേഹത്തിന് സാധിച്ചു. റോജി എം ജോൺ, പി സി വിഷ്ണുനാഥ് തുടങ്ങിയ തന്റെ വിശ്വസ്തനെ ഓരോ ചുമതലയും കെ സി ഏൽപ്പിച്ചിരുന്നു. കേരളത്തിൽ നിന്നും ശശി തരൂർ അടക്കമുള്ളവരെയും പ്രചരണത്തിന് അദ്ദേഹം എത്തിച്ചു. രമേശ് ചെന്നിത്തല, ടി സിദ്ധീഖ്, ഷാനിമോൾ ഉസ്മാൻ തുടങ്ങിയവരും കർണാടകത്തിൽ പ്രചരണത്തിന് എത്തിയിരുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരനും കർണാടകയിൽ പ്രചരണത്തിൽ സജീവമായിരുന്നു.

വോട്ടെണ്ണും മുമ്പ് തന്നെ കോൺഗ്രസ് വിജയിക്കുമെന്ന് തീർത്തു പറഞ്ഞ നേതാവും കെ സി വേണുഗോപാലായിരുന്നു. കോൺഗ്രസ് ഒറ്റക്ക് ഭരിക്കുമെന്ന ആത്മവിശ്വാസമാണ് എഐസിസി ജനറൽ സെക്രട്ടറി പങ്കുവെച്ചത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് ഐക്യത്തോടെയുള്ള പ്രവർത്തനമാണ് കാഴ്ചവെച്ചത്. കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങളിൽ ആദ്യത്തെ അഞ്ചെണ്ണം ആദ്യ ക്യാബിനറ്റിൽ തന്നെ നടപ്പാക്കുമെന്നും വിജയിക്കാനാവുമെന്ന വലിയ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജനാധിപത്യത്തെ തകർക്കാനുള്ള നീക്കങ്ങളാണ് ബിജെപി നടത്തിയതെന്ന് കെ സി വേണുഗോപാൽ ആരോപിച്ചു. ഇതുവരെ കാണാത്ത ഐക്യത്തിലാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിന് വേണ്ടി പ്രവർത്തിച്ചത്. കഴിഞ്ഞ ഒരു വർഷക്കാലമായി കർണാടക തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടായിരുന്നു കോൺഗ്രസിന്റെ പ്രവർത്തനം. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമുള്ള പ്രചാരണം എന്ന ശൈലി മാറ്റി നിരന്തരമായ പ്രചാരണം നടത്തി. ബിജെപിയുടേത് അഴിമതിനിറഞ്ഞ ഭരണമാണെന്നും ജനങ്ങൾക്ക് മടുത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കർണാടകയിൽ കമ്മീഷൻ സർക്കാരാണ് ഉള്ളതെന്നാണ് ബിജെപി എംഎൽഎമാർ പോലും ആരോപിക്കുന്നതെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർക്കുകയുണ്ടായി.