പുതുപ്പള്ളി: പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ അങ്കം മുറുകുകയാണ്. പരസ്പ്പരം ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് കോൺഗ്രസും സിപിഎമ്മും രംഗത്തുണ്ട്. പാർട്ടിയുടെ പ്രധാന പ്രചാരകരും മണ്ഡലത്തിൽ എത്തിക്കഴിഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പുതുപ്പള്ളിയിൽ എത്തിക്കഴിഞ്ഞു. ബിജെപി - കോൺഗ്രസ് ഒത്തുകളിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം തമാശയാണെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി.

പിണറായി വിജയൻ ബിജെപിയോട് പോരാടിയിരുന്നെങ്കിൽ ഇന്ന് മുഖ്യമന്ത്രിയാകില്ലായിരുന്നെന്നും ഒത്തുകളി ആരോപണം ആരും വിശ്വസിക്കില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകസമിതി പുനഃസംഘടനയിൽ രമേശ് ചെന്നിത്തല സന്തോഷവാനാണെന്നും ജനാധിപത്യ പാർട്ടി ആകുമ്പോൾ അല്ലറ ചില്ലറ സൗന്ദര്യപിണക്കങ്ങൾ ഉണ്ടാകാമെന്നും കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു.

കെ മുരളീധരൻ കോൺഗ്രസിന്റെ പ്രധാനപ്പെട്ട നേതാവാണെന്നും അദ്ദേഹം പുതുപ്പള്ളിയിൽ നന്നായി പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിലെ താരപ്രചാരക പട്ടികയിൽ നിന്ന് മുരളീധരനെ ഒഴിവാക്കിയത് പിശകാവാമെന്നും ഉപതെരെഞ്ഞെടുപ്പിൽ താരപ്രചാരകർ പ്രാധാന്യമുള്ളതല്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളിയിൽ ഇടത് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് സംസാരിച്ചപ്പോൾ വർഗീയതക്കെതിരെ പോരാടുന്നവരാണ് ഇടത് പക്ഷമെന്നും എന്നാൽ കേന്ദ്രത്തിനെതിരെ സംസാരിക്കാൻ യുഡിഎഫിന് കഴിയാത്തത് എന്താണെന്നും യുഡിഎഫും ബിജെപിയും തമ്മിൽ ഒത്തുകളിക്കുന്നെന്നും മുഖ്യമന്ത്രി പുതുപ്പള്ളിയിൽ പറഞ്ഞിരുന്നു. കിടങ്ങൂർ പഞ്ചായത്തിലെ കാര്യം എടുത്ത് പറഞ്ഞ പിണറായി വിജയൻ പ്രാദേശിക തെരെഞ്ഞെടുപ്പിൽ മറ്റ് ഇടങ്ങളിലും ഈ ഒത്തുകളി കണ്ടിട്ടുണ്ടെന്നും ആരോപിച്ചിരുന്നു. ഇതിന് മറുപടിയായിയാണ് കെ സി വേണുഗോപാലിന്റെ പ്രസ്താവന.

അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തെ വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരനും രംഗത്തെത്തിയിരുന്നു.ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണ നേട്ടങ്ങളെ സ്വന്തം നേട്ടങ്ങളാക്കി പുതുപ്പള്ളിയിൽ നിന്ന് എണ്ണിയെണ്ണിപ്പറഞ്ഞ മുഖ്യമന്ത്രിക്ക്, അദ്ദേഹത്തിന്റെ സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് ഒരക്ഷരം പോലും പറയാൻ ഇല്ലായിരുന്നെന്നായിരുന്നു സുധാകരന്റെ പരിഹാസം.

നേരത്തെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച താരപ്രചാരകരുടെ പട്ടികയിൽ ശശി തരൂർ ഉണ്ടായിരുന്നില്ല. പട്ടികയിൽ കെ മുരളീധരനും ഇടമില്ലായിരുന്നു, ഓഗസ്റ്റ് 17നാണ് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ 37 താരപ്രചാരകരുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചത്.

കേരളത്തിൽ നിന്നുള്ള കോൺഗ്രസിന്റെ 15 ലോക്‌സഭാംഗങ്ങളിൽ 12 പേരും താരപ്രചാരകരുടെ പട്ടികയിലുണ്ട്. വയനാട് എംപിയായ രാഹുൽ ഗാന്ധിയും പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. ദേശീയ നേതൃനിരയിൽ നിന്ന് സംഘടനാകാര്യ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും കേരളത്തിന്റെ ചുമതലയുള്ള ഐഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമാണ് താരപ്രചാരകരുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് നിന്നുള്ള ലോക്സഭാ എംപി വിശ്വനാഥൻ പെരുമാളും താരപ്രചാരകരുടെ പട്ടികയിൽ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തിരഞ്ഞെടുപ്പ് ചുമതല വഹിച്ചിരുന്നത് വിശ്വനാഥൻ പെരുമാളായിരുന്നു.

രമ്യാ ഹരിദാസ് എംപി, ജെബി മേത്തർ എംപി, ഷാനി മോൾ ഉസ്മാൻ, പത്മജ വേണുഗോപാൽ, ബിന്ദു കൃഷ്ണ തുടങ്ങിയ വനിതാ നേതാക്കളും താരപ്രചാരകരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. എംഎം ഹസൻ, കെസി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷണൻ, ബെന്നി ബഹനാൻ എംുി തുടങ്ങിയ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരായിരുന്ന മുതിർന്ന നേതാക്കളും താരപ്രചാരകരുടെ പട്ടികയിലുണ്ട്.