കോഴിക്കോട്: പുതുപ്പള്ളിയിലെ ഇടതു സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിനെ പരിഹസിച്ചു കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന് ഹാട്രിക് കിട്ടുമെന്ന് കെ മുരളീധരൻ എംപി പറഞ്ഞു. അപ്പനോടും മകനോടും തോറ്റു എന്ന പേരും ലഭിക്കുമെന്ന് മുരളീധരൻ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.

പുതുപ്പള്ളിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ തന്നെ ജയിക്കും. അവിടെ ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ടു സിപിഎം നടത്തുന്നത് തറ പ്രചരണമാണ്. ഉമ്മൻ ചാണ്ടിക്ക് എല്ലാ ചികിത്സയും നൽകിയതാണ്. മറ്റു നേട്ടങ്ങളൊന്നും പറയാനില്ലാത്തതു കൊണ്ടാണ് ഇത്തരം പ്രചരണങ്ങൾ നടത്തുന്നത്. ജനം അത് തള്ളുമെന്നും മുരളീധരൻ പറഞ്ഞു.

അതേസമയം പുതുപ്പള്ളി നിയമസഭ ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി. തോമസിന്റെ സ്ഥാനാർത്ഥിത്വം മുന്നണി നേതൃത്വം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. കോട്ടയത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുക്കുന്ന നേതൃയോഗങ്ങൾക്ക് ശേഷമാകും പ്രഖ്യാപനം.

പ്രഖ്യാപനത്തിന് പിന്നാലെ തന്നെ പ്രചരണം ഊർജ്ജിതമാക്കാനാണ് സിപിഎം നീക്കം. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം രണ്ടര മുതൽ ജെയ്ക്ക് സി. തോമസ് മണ്ഡലത്തിൽ വാഹന പര്യടനം നടത്തും. മണർകാട് മുതൽ വാകത്താനം വരെയുള്ള പര്യടനത്തിൽ പാർട്ടി പ്രവർത്തകർ സ്വീകരണം ക്രമീകരിച്ചിട്ടുണ്ട്. 16ന് എൽ.ഡി.എഫ് കൺവെഷനും 17ന് പത്രികാ സമർപ്പണവും നടത്തും. വികസന വിഷയത്തിനൊപ്പം ഉമ്മൻ ചാണ്ടിക്ക് ചികിത്സ ലഭിച്ചില്ലെന്ന ആരോപണം നിലനിർത്തിയാകും എൽ.ഡി.എഫ് പ്രചാരണം.

അതേസമയം യു.ഡി.എഫ്. സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വെള്ളിയാഴ്ച എൻ.എസ്.എസ്. ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. മണ്ഡലത്തിലെ പ്രമുഖരെയും കണ്ടു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ചാണ്ടി ഉമ്മനായി പ്രചാരണത്തിനെത്തും.

എൽ.ഡി.എഫ്. സ്ഥാനാർത്ഥി ജെയ്ക് സി.തോമസ് 17-ന് പത്രിക നൽകും. ഇടതുമുന്നണി ബൂത്ത് കമ്മിറ്റികളുടെയും പഞ്ചായത്തുകമ്മിറ്റികളുടെയും പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. 16-ന് നിയോജകമണ്ഡലം കൺവെൻഷൻ ചേരും. സിപിഎം. സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. 14-ന് പാമ്പാടിയിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ഘട്ടങ്ങളിലായി മണ്ഡലത്തിൽ പ്രചാരണത്തിനെത്തും.

സിപിഐ. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി., ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.പ്രകാശ്ബാബു, പി.സന്തോഷ് കുമാർ എംപി., സിപിഐ.മന്ത്രിമാരായ പി.പ്രസാദ്, കെ.രാജൻ, ജി.ആർ. അനിൽ, ജെ.ചിഞ്ചുറാണി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവർ ജെയ്ക് സി. തോമസിനായി പ്രചാരണത്തിനെത്തും.