- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൻ എവിടെയും മത്സരിക്കാനും തയ്യാർ; സസ്പെൻസുകൾക്ക് വിരാമമിട്ട് കെ മുരളീധരന്റെ പ്രതികരണം
കോഴിക്കോട്: തൃശ്ശൂർ ലോക്‌സഭാ സീറ്റിലെ സ്ഥാനാർത്ഥിത്വം മാറ്റിയതിന് ശേഷം ആദ്യമായി പ്രതികരണവുമായി കെ മുരളീധരൻ. താൻ എവിടെ മത്സരിക്കാനും തയ്യാർ ആണെന്നാണ് കെ മുരളീധരൻ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ സ്ഥാനാർത്ഥിത്വത്തിലെ മാറ്റം കോൺഗ്രസിനകത്ത് പുതിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന കണക്കുകൂട്ടലിന് താൽക്കാലിക വിരാമമായി. അതൃ്പതിയില്ലെന്നും സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ വടകരയിൽ നിന്ന് മാറ്റിയതിൽ കെ മുരളീധരന് അതൃപ്തിയുണ്ടെന്ന് തന്നെയാണ് സൂചന. അതേസമയം പാർട്ടിതീരുമാനത്തിന് അദ്ദേഹം വഴങ്ങുകയും ചെയ്തിരിക്കുന്നു. കെ മുരളീധരന്റെ സഹോദരിയും, അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാലിന്റെ ബിജെ പി പ്രവേശത്തെ തുടർന്നാണ് മുരളീധരന്റെ സീറ്റുമാറ്റവും നടന്നിരിക്കുന്നത്.
ഇന്നലെ അംഗത്വമെടുത്ത പത്മജയെ ചാലക്കുടിയിൽ നിർത്തി മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചതിന് പിന്നാലെ തൃശൂരിൽ ടിഎൻ പ്രതാപനെ മാറ്റി കെ മുരളീധരനെ ഇറക്കാൻ കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. ഇതോടെ വകടര മണ്ഡലത്തിൽ നിന്ന് മുരളീധരന് മാറേണ്ടി വന്നു. ഇവിടെ അദ്ദേഹത്തിന് പകരം ഷാഫി പറമ്പിൽ മത്സരിക്കും.
സ്ഥാനാർത്ഥിത്വം മാറിയതിന് ശേഷം ആദ്യം പ്രതികരിക്കാൻ കെ മുരളീധരൻ തയ്യാറായിരുന്നില്ല. ഇതോടെ തന്നെ മുരളീധരന്റെ അതൃപ്തി വ്യക്തമായിരുന്നു. ഇത് കോൺഗ്രസിനകത്ത് പുതിയ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന നിലയിലാണ് താൻ എവിടെ മത്സരിക്കാനും തയ്യാറാണെന്ന് കെ മുരളീധരൻ വ്യക്തമാക്കിയിരിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ പാർട്ടിസംവിധാനങ്ങൾ നിലവിൽ മുരളീധരന് അനുകൂലമാണ്. ആർഎംപിയും മുസ്ലിംലീഗും മുരളീധരനെ പിന്തുണക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള ഒരുക്കങ്ങളെല്ലാം അദ്ദേഹം ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് മണ്ഡലം മറ്റം. ഇത് സംബന്ധിച്ച് മാധ്യമങ്ങൾ ഇന്ന് അദ്ദേഹത്തിന്റെ പ്രതികരണം തേടിയെങ്കിലും മുരളീധരൻ പ്രതികരിച്ചില്ല. ഇന്ന് വടകരയിലേക്ക് പോകാനിരുന്ന അദ്ദേഹം ആ യാത്രയും മാറ്റിവെച്ചിട്ടുണ്ട്. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് മുരളീധരൻ പ്രതികരിക്കാനാണ് സാധ്യത.
ഷാഫി പറമ്പിൽ എംഎൽഎയും തന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. ഷാഫിക്കും അതൃപ്തിയുണ്ടെന്ന് സൂചനകളുണ്ട്. അതേസമയം പാർട്ടി തീരുമാനം ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ടി.എൻ.പ്രതാപൻ അറിയിച്ചു. രാഷ്ട്രീയത്തിൽ സംഘബലം മാത്രം പോരെന്നും ബുദ്ധിപരമായ നീക്കത്തിനാണ് പ്രധാനമെന്നും പ്രതാപൻ പറഞ്ഞു. തൃശ്ശൂരടക്കമുള്ള കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്ത് വരാനിരിക്കെയാണ് പ്രതാപന്റെ പ്രതികരണം.
സ്ഥാനാർത്ഥി പട്ടികയിൽ വൻ സർപ്രൈസ് ഉണ്ടാകുമെന്ന് വ്യാഴാഴ്ച ചേർന്ന കോൺഗ്രസിന്റെ സെൻട്രൽ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം പാർട്ടി നേതാക്കൾ പറഞ്ഞിരുന്നു. വടകര എംപിയായ കെ.മുരളീധരൻ തൃശ്ശൂരിൽ മത്സരിക്കുമെന്ന അഭ്യൂഹമാണ് ഇതിൽ പ്രധാനം. 'എല്ലാ വശങ്ങളും എ.ഐ.സി.സി നേതൃത്വം പരിശോധിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ മുതൽ നേതാക്കൾ എന്നോട് ആശയവിനമയം നടത്തിയിട്ടുണ്ട്. സന്ദർഭമാണ് രാഷ്ട്രീയ പ്രവർത്തകന്റെ ഏറ്റവും ബുദ്ധിപരമായ തീരുമാനം. സന്ദർഭത്തിനനുസരിച്ച് തീരുമാനമെടുക്കണം. എതിരാളികളെ അടിക്കാൻ കിട്ടുന്ന അവസരത്തിൽ നല്ല വടികൊണ്ട് തന്നെ അടിക്കണം. അടിക്കുമ്പോൾ മോതിരക്കൈ കൊണ്ട് അടിക്കണം. ബിജെപിയോടും ആർ.എസ്എസ് സംഘപരിവാർ ശക്തികളോടും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമില്ല. സംഘബലം മാത്രംപോരാ ബുദ്ധിപരമായ നീക്കംകൂടി വേണം. ഇന്നത്തെ സ്ഥാനാർത്ഥി പട്ടികയിൽ അത്തരമൊരു നീക്കം കാണാം' പ്രതാപൻ പ്രതികരിച്ചു.
കോൺഗ്രസ് നേതാവും കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് തൃശ്ശൂരിലെ സ്ഥാനാർത്ഥി മാറ്റം എന്നതും ശ്രദ്ധേയമാണ്. കെ.കരുണാകരന്റെ തട്ടകമായിരുന്ന തൃശ്ശൂരിൽ അദ്ദേഹത്തിന്റെ മകളിലൂടെ നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് കെ.മുരളീധരനിലൂടെ മറുപടി നൽകാനാണ് കോൺഗ്രസിന്റെ തയ്യാറെടുപ്പ്.
അതേസമയം തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ എതിരാളി ആരായാലും കുഴപ്പമില്ലെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി എസ്. സുനിൽ കുമാർ പ്രതികരിച്ചു. ഇടതുപക്ഷം വിജയിക്കുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്നും സുനിൽ കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. വടകരയിലെ സിറ്റിങ് എംപിയായ കെ. മുരളീധരൻ തൃശൂരിൽ സ്ഥാനാർത്ഥിയാകുമെന്ന വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയോട് പ്രതികരിക്കുകയായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി.