- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിലെത്തുമ്പോൾ ഗെറ്റൗട്ട് അടിക്കുന്ന പാരമ്പര്യം കുടുംബത്തിനില്ല; കെ മുരളീധരൻ
തൃശ്ശൂർ: തൃശ്ശൂരിൽ തെരഞ്ഞെടുപ്പു പ്രചരണം മുറുകുകയാണ്. മൂന്ന് മുന്നണി സ്ഥാനാർത്ഥികളും വിട്ടുകൊടുക്കാൻ ഇല്ലാതെ ശക്തമായ മത്സരമാണ് കാഴ്‌ച്ചവെക്കുന്നത്. പത്മജ കൂടി ബിജെപി പാളയത്തിൽ എത്തിയതോടെ സുരേഷ് ഗോപിയുടെ വോട്ടുപിടുത്തം കെ കരുണാകരന്റെ കുടുംബത്തിലേക്കും എത്തി. ബിജെപി ഫ്‌ളക്‌സിൽ കരുണാകരന്റെ ചിത്രം ഇടംപിടിച്ചതും ശ്രദ്ധേയമായിരുന്നു. കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതി സുരേഷ് ഗോപി സന്ദർശിക്കുകയും ചെയ്തു.
ഇതിനിടെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് മറുപടിയുമായി തൃശ്ശൂർ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ രംഗത്തെത്തി. സുരേഷ് ഗോപി എല്ലാ സ്ഥലത്തും കയറി നിരങ്ങുകയാണെന്നും സന്ദർശനത്തിനെത്തുമ്പോൾ ഗെറ്റ് ഔട്ട് അടിക്കുന്ന പാരമ്പര്യം തങ്ങളുടെ കുടുബത്തിനില്ലെന്നും മുരളീധരൻ പറഞ്ഞു. കെ കരുണാകരന്റെ ഭാര്യാ സഹോദരിയുടെ വീട്ടിൽ സുരേഷ് ഗോപി സന്ദർശനം നടത്തിയ പശ്ചാത്തലത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം.
സ്ഥാനാർത്ഥിക്ക് എവിടെ വേണമെങ്കിലും പോകാം. അത് ചർച്ചയാക്കേണ്ടതില്ല എന്നും മുരളീധരൻ പറഞ്ഞു. മൂന്നാം സ്ഥാനത്ത് പോകുന്നതിന്റെ അങ്കലാപ്പാണ് സുരേഷ് ഗോപിക്ക്. കേരളത്തിൽ രണ്ടു പേർക്കാണ് സമനില തെറ്റിയത്, ഒന്ന് പിണറായിക്ക് രണ്ട് ബിജെപിക്ക് എന്നും അദ്ദേഹം പറഞ്ഞു.
കെ കരുണാകരനോട് നീതി കാണിച്ചോ എന്ന് കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്നായിരുന്നു സുരേഷ് ഗോപിയുടെ രാവിലത്തെ പരാമർശം. കരുണാകരന്റെ കുടുംബവുമായുള്ള തന്റെ ബന്ധം രാഷ്ട്രീയാതീതമാണ്. അത് തുടരും. കരുണാകരൻ ജനകീയ നേതാവാണെന്നും സുരേഷ്‌ഗോപി പറഞ്ഞിരുന്നു. കെ. കരുണാകരന്റെ ഭാര്യ കല്യാണ കുട്ടിയമ്മയുടെ സഹോദരിയാണ് സത്യഭാമ. ജനങ്ങൾക്കുവേണ്ടി കൂടെ നിന്ന് നേതാവാണ് കെ.കരുണാകരനെന്നും കെ കരുണാകരന് ആദരവ് നൽകാൻ താൻ മുൻകൈയെടുക്കുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
'കെ കരുണാകരൻ മഹാനായ നേതാവ്. ആ നേതാവിലൂടെയാണ് ആ പാർട്ടി വളർന്നത്. പക്ഷേ പകരം കോൺഗ്രസ് കരുണാകരന് എന്തു നൽകി എന്നത് കോൺഗ്രസ് പരിശോധിക്കണം' സുരേഷ് ഗോപി പറഞ്ഞു. കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതിയിലെ സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നും കുടുംബത്തോട് വോട്ട് അഭ്യർത്ഥിച്ചിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
കരുണാകരന്റെ ശവകുടീരം സന്ദർശിക്കണോ എന്ന് ബിജെപി നേതാക്കൾ പറയട്ടെ. ശവകുടീര സന്ദർശനം എല്ലാവർക്കും സ്വീകാര്യമാകണം. അവിടേക്ക് കടന്നു കയറില്ല. പാർട്ടിനേതൃത്വം അനുവദിച്ചാൽ കരുണാകരന്റെ ശവകുടീരം സന്ദർശിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.