തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ചു തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. രാഹുൽ ഗാന്ധിയെ അധിക്ഷേപ പരാമർശം നടത്തിയ പി.വി. അൻവറിനെ ന്യായീകരിച്ചതിനാണ് മുഖ്യമന്ത്രിയെ മുരളീധരൻ വിമർശിച്ചത്. നികൃഷ്ട ജീവി, പരനാറി എന്ന് വിളിച്ച പിണറായി സംസ്‌കാരം തിരിച്ചുവന്നതാണ് കാണുന്നതെന്ന് മുരളീധരൻ പറഞ്ഞു.

രാഹുലിനെതിരായ പരാമർശം അൻവറിനെ കൊണ്ട് പിണറായി പറയിച്ചതാണ്. സിപിഎമ്മിനെതിരെ പൊളിറ്റിക്കൽ അറ്റാക്ക് ആണ് രാഹുൽ ഗാന്ധി നടത്തിയതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. ഇ.ഡിയോടും സിബിഐയോടും പോരാടി ജയിലിൽ പോയിരുന്നെങ്കിൽ പിണറായിയെ മുഴുവൻ ബിജെപി വിരുദ്ധ ഘടകങ്ങളും പിന്തുണച്ചേനെ. എന്നാൽ, പിണറായി ഭയപ്പെട്ടതുകൊണ്ടാണ് മോദിയുടെ നേരിട്ടല്ലാത്ത സ്തുതിപാഠകനായി മാറിയത്.

അേതാണ് മോദി വർഷങ്ങൾക്ക് മുമ്പ് രാഹുലിനെ അധിക്ഷേപിച്ച പേര് പിണറായി ആവർത്തിച്ചത്. ഇതോടെ പിണറായി ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണോ സംഘി മുഖ്യമന്ത്രിയാണോ എന്ന് കമ്യൂണിസ്റ്റുകാർക്ക് സംശയമുണ്ട്. പിണറായിയുടെ പരാമർശം കേരള സംസ്‌കാരത്തിന് ചേർന്നതല്ല.

തൃശൂരിൽ സിപിഐയുടെ അക്കൗണ്ട് സിപിഎം പൂട്ടിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി. സിപിഎം സഖ്യത്തിലേക്ക് പോയതോടെ സിപിഐയുടെ നാശം ആരംഭിച്ചു. കോൺഗ്രസിനൊപ്പം നിന്ന സിപിഐക്ക് 1977ൽ നാല് ലോക്‌സഭ സീറ്റാണ് ഉണ്ടായിരുന്നത്. രാജ്യത്ത് ഒരു ഭരണമാറ്റം ഉണ്ടാകണമെന്ന വികാരം തൃശൂരിലും ശക്തമാണ്. ബിജെപിയുമായി ധാരണയിലാണ് സിപിഎം പോകുന്നത്. ഇന്ത്യ മുന്നണിക്ക് ഇടതുപക്ഷത്തിന്റെ പിന്തുണ വിഷയാടിസ്ഥാനത്തിലാണെന്നും മുരളീധരൻ പറഞ്ഞു.