- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കും; കടുത്ത സങ്കടത്തിൽ കെ മുരളീധരൻ
തൃശ്ശൂർ: ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ആകെ തകർന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. രൂക്ഷ പ്രതികരണവുമായാണ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മുരളീധരൻ പ്രതികരിച്ചത്. ഇനിയൊരു മത്സരത്തിനില്ലെന്നും, കോൺഗ്രസ് കമ്മിറ്റികളിൽ പങ്കെടുക്കില്ലെന്നും പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണെന്നും മുരളീധരൻ വ്യക്തമാക്കി.
ബിജെപി വിജയിച്ചത് വേദനിപ്പിച്ചു. എൽ.ഡി.എഫ് ജയിച്ചിരുന്നെങ്കിൽ വിഷമം ഉണ്ടാവുമായിരുന്നില്ല. ബൂത്ത് തല തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ചയുണ്ടായെന്നും മുരളീധരൻ പറഞ്ഞു. തൽകാലം പാർട്ടി പ്രവർത്തനത്തിലേക്കില്ല. വടകരയിൽ നിന്നാൽ ജയിക്കുമായിരുന്നു. തൃശുരിൽ രാശി ശരിയല്ലെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
തൃശ്ശൂരിൽ മാത്രമല്ല കേരളത്തിൽ പലയിടത്തും ബിജെപിയുടെ സാന്നിധ്യം ശക്തമായെന്നും മുരളീധരൻ പറഞ്ഞു. ആറ്റിങ്ങലിൽ വലിയ വ്യത്യാസമില്ലാതെ ബിജെപി എൽഡിഎഫിന് അടുത്തെത്തിയെന്നും ആലപ്പുഴയിൽ ശോഭാസുരേന്ദ്രന് കഴിഞ്ഞ തവണത്തേക്കാൾ വലിയ മുന്നേറ്റമുണ്ടായെന്നും പറഞ്ഞ അദ്ദേഹം ഒ.രാജഗോപാലിന് ശേഷം രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് മികച്ച പ്രകടനം കാഴ്ചവച്ചതായും പറഞ്ഞു.
പതിവില്ലാതെ രണ്ടു മുന്നണികൾക്കൊപ്പം ബിജെപിയുടെ സാന്നിധ്യം ഉണ്ടായെന്നും ഇത് വളരെ ജാഗ്രതയോടെ ശ്രദ്ധിക്കേണ്ട കാര്യമാണെന്നും മുരളീധരൻ വ്യക്തമാക്കി. തൃശ്ശൂരിൽ അപ്രതീക്ഷിതമായുണ്ടായ പരാജയത്തിന് കാരണം ഉറപ്പായും കിട്ടുമെന്ന് പ്രതീക്ഷിച്ച ന്യൂനപക്ഷ വോട്ടുകളിലെ വിള്ളലാണ്. ഇതാണ് ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞത്. മുന്നോക്ക സമുദായത്തിന്റെ ഏതാണ്ട് മുഴുവൻ വോട്ടുകളും ക്രൈസ്തവ വോട്ടുകളും ബിജെപിക്ക് സമാഹരിക്കാൻ കഴിഞ്ഞു.
ചില നിയോജക മണ്ഡലങ്ങളിൽ മുസ്ലിം വോട്ടുകളിൽ എൽഡിഎഫിനൊപ്പം നിന്നു. എന്നാൽ മുസ്ലിം വോട്ടുകളുടെ ഏകീകരണം യുഡിഎഫിന് കിട്ടിയില്ല. കേരളത്തിലെ ഭരണവിരുദ്ധ വികാരം യുഡിഎഫിനൊപ്പം ബിജെപിയും പങ്കിട്ടു. കേന്ദ്ര വിരുദ്ധ മനോഭാവം 18 മണ്ഡലങ്ങളിലും പ്രകടിപ്പിക്കാൻ യുഡിഎഫിന് കഴിഞ്ഞു, അദ്ദേഹം പറഞ്ഞു.
അതേസമയം തൃശ്ശൂരിൽ കോൺഗ്രസ് സ്ഥാനാത്ഥി കെ മുരളീധരന് സംഭവിച്ചത് അപ്രതീക്ഷിത തോൽവിയെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചത്. അപകടകരമായ നീക്കം നടക്കുന്നുവെന്ന് നേരത്തെ പറഞ്ഞതാണ്. ബിജെപി- സിപിഎം ഗൂഢാലോചന നടത്തി. അതാണ് തൃശ്ശൂരിലെ തോൽവിക്ക് കാരണമെന്ന് വിഡി സതീശൻ പറഞ്ഞു. പൂരം കലക്കി കൊണ്ട് ബിജെപിക്ക് അനുകൂല സാഹചര്യം ഒരുക്കിയെന്നും യുഡിഎഫ് പരിശോധിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
ആലത്തൂരിലെ തോൽവി ചെറിയ വോട്ടിനാണ്. സർക്കാർ വീഴ്ചകൾ തുറന്ന് കാണിക്കാനായി. ദേശീയ തലത്തിൽ തിളക്കമായ മുന്നേറ്റമാണുണ്ടായത്. സിപിഎം- ബിജെപി അവിഹിത ബന്ധം നിയമസഭ തെരഞ്ഞെടുപ്പിൽ തുടങ്ങിയതാണ്. പ്രകാശ് ജാവദേക്കർ എന്തിനാണ് എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായും മുഖ്യമന്ത്രിയുമായും നിരന്തര കൂടിക്കാഴ്ച നടത്തിയത്. സർക്കാരിനെ ജനങ്ങൾ വെറുക്കുന്നു എന്നാണ് വ്യക്തമാകുന്നത്.
മുഖ്യമന്ത്രിയുടെ സിഎഎ പ്രചരണം ഏറ്റില്ല. പിണറായി വിജയൻ മുസ്ലിം വിഭാഗത്തെ കബളിപ്പിക്കുകയായിരുന്നു. തൃശൂരിലെ സംഘടന വീഴ്ച പരിശോധിക്കും. തൃശൂരിൽ തോൽക്കാൻ പല കാരണങ്ങൾ ഉണ്ട്. കരുവന്നൂർ കേസിൽ സിപിഎം നേതാക്കൾ ഭയത്തിലായിരുന്നു. മുഖ്യമന്ത്രി രാജിവെക്കണമെന്ന് പറയുന്നില്ല. ആത്മ പരിശോധന നടത്തണമെന്നും സതീശൻ പറഞ്ഞു. യുഡിഎഫിന്റെ ജയത്തിൽ വോട്ടർമാരെ അഭിനന്ദിക്കുകയാണ്. കേരളത്തിലേത് അഭിമാനമായ ജയമാണെന്നും യുഡിഎഫിന്റെ ഐക്യത്തിന്റെ ജയമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.