ന്യൂഡൽഹി: പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനം ഉയർത്തിയ വെല്ലുവിളിയെ അതേ നാണയത്തിൽ നേരിടാൻ കോൺഗ്രസിന്റെ തീരുമാനം. തൃശ്ശൂർ മണ്ഡലത്തിൽ കോൺഗ്രസ് അപ്രതീക്ഷിത നീക്കവുമായി രംഗത്തുവന്നു. നിലവിൽ മണ്ഡലത്തിൽ സജീവമായ ടി എൻ പ്രതാപനം പകരം കെ മുരളീധരനെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് നീക്കം. അപ്രതീക്ഷിതമായ ഈ നീക്കത്തിലൂടെ ബിജെപിക്ക് തന്നെ തിരിച്ചടി കൊടുക്കുകയാണ് കോൺഗ്രസ്. നിലവിലെ സാഹചര്യത്തിൽ കെ മുരളീധരനാണ് തൃശ്ശൂരിലെ മികച്ച സ്ഥാനാർത്ഥിയെന്നാണ് വിലയിരുത്തൽ. ടി എൻ പ്രതാപനെ തന്നെ കളത്തിൽ ഇറക്കിയാൽ അത് തിരിച്ചടിയാകുമെന്ന് കോൺഗ്രസ് വിലയിരുത്തി. ഇതോടെയാണ് ബിജെപിയുടെ നേമത്തെ അക്കൗണ്ട് പൂട്ടിച്ചതിൽ നിർണായക റോൾ വഹിച്ച മുരളീധരനെ പൂരത്തിന്റെനാട്ടിൽ മത്സരിക്കാൻ ഇറക്കാൻ തീരുമാനിച്ചത്.

വടകര എംപിയായ കെ മുരളീധരൻ മണ്ഡലം മാറുമ്പോൾ പകരം ഷാഫി പറമ്പിൽ മത്സരിക്കാനെത്തും. കെ കെ ശൈലജ നേരിടുന്ന വെല്ലുവിളിയെ നേരിടാൻ ഷാഫിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ സാധിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശത്തിന് പിന്നാലെയാണ് കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വമ്പൻ സർപ്രൈസ് വരുന്നത്. ഷാഫി മത്സരിക്കാത്ത പക്ഷം ടി സിദ്ദിഖിന്റെ പേരും കോൺഗ്രസ് പരിഗണിക്കുന്നുണ്ട്.

പത്മജ ബിജെപിയിലേക്ക് പോയ സാഹചര്യത്തിൽ കരുണാകരന്റെ തട്ടകമായ തൃശൂർ പിടിക്കാൻ മുരളീധരൻ ഇറങ്ങണമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്. അതുകൊണ്ടുതന്നെ കെ മുരളീധരനാകും തൃശൂരിലെ കോൺഗ്രസിന്റെ സർപ്രൈസ് സ്ഥാനാർത്ഥി. സിറ്റിങ് എം പിയായ ടി എൻ പ്രതാപന് നിയമസഭ സീറ്റ് എന്ന ഫോർമുലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.

മുരളിയുടെ സീറ്റ് മാറ്റം മുന്നോട്ട് വെച്ചത് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്. സർപ്രൈസ് ലിസ്റ്റ് ഇറക്കാതെ ഇനി മുന്നോട് പോകാൻ ആകില്ലെന്ന നിലയിലേക്ക് ചർച്ചകൾ എത്തിയെന്നാണ് വ്യക്തമാകുന്നത്. ബിജെപി പ്രതീക്ഷ വെക്കുന്ന സീറ്റിൽ മുരളി വരട്ടെ എന്ന ചർച്ചയാണ് തൃശൂരിലേക്കുള്ള മാറ്റത്തിന്റെ കാരണം. നേതാക്കൾ മുരളിയും പ്രതാപനുമായി സംസാരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ പ്രഖ്യാപനം ഇന്നുണ്ടാകാനാണ് സാധ്യത. മുരളീധരനും ഈ വിഷയത്തിൽ സമ്മതം മുളിയെന്നാണ് റിപ്പോർട്ടുകഖൾ.

രാഹുൽ ഗാന്ധി തന്നെയാകും വയനാട്ടിലെ സ്ഥാനാർത്ഥി. കെ സി വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കാനും തീരുമാനമായിട്ടുണ്ട്. കണ്ണൂരിൽ സിറ്റിങ് എം പിയും കെ പി സി സി അധ്യക്ഷനുമായ കെ സുധാകരൻ വീണ്ടും മത്സരിക്കാനും തീരുമാനമായിട്ടുണ്ട്. ബാക്കി മുഴുവൻ മണ്ഡലങ്ങളിലും സിറ്റിങ് എം പിമാർ മത്സരിക്കാനും തീരുമാനമായിട്ടുണ്ട്.

സ്ഥാനാർത്ഥികളിൽ വലിയ സർപ്രൈസുകൾ പ്രതീക്ഷിക്കാമെന്നും പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ ലിസ്റ്റിൽ ഉണ്ടാകുമെന്നുമായിരുന്നു കെ സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പത്മജാ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിലും നേതാക്കൾ പ്രതികരിച്ചു. പത്മജ മൂത്ത സഹോദരിയായിരുന്നു. കരുണാകരന്റെ മകളായതിനാൽ ന്യായമല്ലാത്ത കാര്യങ്ങൾ വരെ ചെയ്തു കൊടുത്തു. ബംഗാളിനെയും ത്രിപുരയിലും 60% സിപിഎം നേതാക്കളും ബിജെപിയിലാണ്. കേരളത്തിലെ സിപിഎം എംഎൽഎ ആയിരുന്ന ആൾ വരെ പോയി. പത്മജയെ ബിജെപിയിലേക്ക് എത്തിച്ചത് കേരളത്തിൽ ഇപ്പോഴും പദവിയിലിരിക്കുന്ന റിട്ടയേഡ് ആയ ഐപിഎസ് ഉദ്യോഗസ്ഥനാണെന്നും സതീശൻ ആരോപിച്ചു. പത്മജ ബിജെപിയിൽ ചേർന്നതിൽ ഏറ്റവും ആഹ്ലാദം സിപിഎമ്മിനാണെന്നും സതീശൻ പറഞ്ഞു.

രാഹുൽ ഗാന്ധി വയനാടിനൊപ്പം അമേഠിയിൽ നിന്ന് മത്സരിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. യുപിയിലെ സ്ഥാനാർത്ഥി പട്ടിക ചർച്ചയിലേ രാഹുൽ കഴിഞ്ഞ തവണത്തെ പോലെ അമേഠിയിലുംകൂടി മത്സരിക്കുമോ എന്നറിയാനാവു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, രേവന്ത് റെഡ്ഡി എന്നിവർ പങ്കെടുത്തു. ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുൽ ഓൺലൈനിലൂടെയാണ് യോഗത്തിൽ പങ്കെടുക്കുത്തത്.