സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭ പാളാക്കര ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയം. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച കെ എസ് പ്രമോദ് 204 വോട്ടുകൾക്ക് വിജയിച്ചു.സിപിഐഎം കൗൺസിലറായിരുന്ന കെ എസ് പ്രമോദ് രാജി വെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. രാജിവെച്ച പ്രമോദ് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു.

പി കെ ദാവൂദായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. കഴിഞ്ഞ തവണ 145 വോട്ടിനായിരുന്നു എൽഡിഎഫിന്റെ വിജയം. നഗരസഭയിൽ ആകെയുള്ള 35 സീറ്റിൽ 23 ഉം എൽഡിഎഫ് ആയതിനാൽ ഫലം ഭരണത്തെ ബാധിക്കില്ല. ഉപതെരഞ്ഞെടുപ്പിൽ ആകെ 76.21 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.

ആകെയുള്ള 1236 വോട്ടിൽ 942 വോട്ടുകളാണ് പോൾ ചെയ്യപ്പെട്ടത്. സംസ്ഥാനത്ത് ഇടുക്കി, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിലെ 28 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 97 സ്ഥാനാർത്ഥികൾ ജനവിധി തേടി. തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ 74.38 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.