പത്തനംതിട്ട: കോൺഗ്രസ്, കെഎസ്‌യു പുനഃസംഘടനയിൽ എ ഗ്രൂപ്പിനെ തഴഞ്ഞതിൽ അതൃപ്തി പരസ്യമാക്കി ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് കെ ശിവദാസൻ നായർ യുഡിഎഫ് പത്തനംതിട്ട പാർലമെന്റ് കൺവെൻഷനിൽ നിന്നും വിട്ടുനിന്നു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നത്. കെപിസിസി ജനറൽ സെക്രട്ടറി, ഡിസിസി അധ്യക്ഷൻ, എംഎൽഎ എന്ന നിലകളിൽ പ്രവർത്തിച്ച ശിവദാസൻ നായരെ രാഷ്ട്രീയകാര്യ സമിതിയിൽ പരിഗണിക്കാതിരുന്നത് കോൺഗ്രസിനുള്ളിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

മണ്ഡലം പ്രസിഡന്റുമാരുടെ പുനഃസംഘടനയിൽ പോലും എ ഗ്രൂപ്പ് നേതൃത്വത്തോട് കൂടിയാലോചന നടത്തിയില്ലയെന്നുള്ള ആക്ഷേപം ഉയരുകയാണ്. ശിവദാസൻ നായരുടെ സ്വന്തം മണ്ഡലത്തിൽ പോലും അദ്ദേഹം നൽകിയ പേര് പരിഗണിക്കപ്പെട്ടില്ല.

കെഎസ്‌യു പത്തനംതിട്ട ജില്ല പുനഃസംഘടനയിൽ എ ഗ്രൂപ്പിന് അർഹിച്ച പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. 75 അംഗ ജില്ലാ കമ്മിറ്റിയിൽ ഒരാളെ മാത്രമാണ് ശിവദാസൻ നായർ നൽകിയ പട്ടികയിൽ നിന്ന് വച്ചത്. 25 അംഗ കമ്മിറ്റിയാണ് എന്ന് നേതൃത്വം തെറ്റിദ്ധരിപ്പിച്ചതായും ആക്ഷേപമുണ്ട്. ഇതും അതൃപ്തിക്ക് കാരണമായി.

നിർണായകമായ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ജില്ലയിലെ പ്രമുഖനായ നേതാവ് കൺവൻഷനിൽ നിന്ന് വിട്ടുനിൽക്കുന്നതോടെ ഭവിഷ്യത്ത് മുൻകൂട്ടി മനസ്സിലാക്കിയ നേതൃത്വം അനുനയ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.