ന്യൂഡൽഹി: കേരളത്തിൽ സിറ്റിങ് എംപിമാർ എല്ലാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. ആർക്കും കോൺഗ്രസ് ഹൈക്കമാണ്ട് ഇളവ് നൽകില്ല. ഇതോടെ വയനാട് ഒഴികെയുള്ള സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ചിത്രം തെളിഞ്ഞു. കണ്ണൂരിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി തന്നെ മത്സരിക്കും. വയനാട് രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. വയനാടിനൊപ്പം ഉത്തരേന്ത്യയിലും രാഹുൽ മത്സരിച്ചേക്കും. അമേഠിയിലും റായ് ബറേലിയിലും സാധ്യത ഏറെയാണ്. ഇതിനൊപ്പം കർണ്ണാടകത്തിലെ സുരക്ഷിത സീറ്റും രാഹുലിനായി കോൺഗ്രസ് ചർച്ചകളിൽ നിറയ്ക്കുന്നു. ഇതിൽ അന്തിമ തീരുമാനം വന്നാൽ മാത്രമേ വയനാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥിയിൽ വ്യക്തത വരൂ.

എന്നാൽ സുധാകരൻ മത്സരിച്ചേ മതിയാകൂവെന്ന നിലപാടിലാണ് കോൺഗ്രസ് ഹൈക്കമാണ്ട്. കെപിസിസി അധ്യക്ഷ പദവിയും എംപി സ്ഥാനവും ഒരുമിച്ച് കൊണ്ട് പോകുന്നതിലെ ബുദ്ധിമുട്ട് സുധാകരൻ നേതൃത്വത്തെ അറിയിച്ചിരുന്നു. മത്സര രംഗത്തു നിന്ന് തന്നെ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിപിഎം എംവി ജയരാജനെന്ന ശക്തനായ സ്ഥാനർത്ഥിയെ തീരുമാനിച്ച സാഹഹചര്യത്തിലാണ് അതിനെ നേരിടാൻ സുധാകരൻ തന്നെ വേണമെന്ന നിലപാടിലേക്ക് നേതൃത്വം എത്തിയത്. തിരഞ്ഞെടുപ്പിൽ ജയിച്ച ശേഷം കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും സുധാകരനെ മാറ്റുമെന്നാണ് കോൺഗ്രസ് ഹൈക്കമാണ്ട് ഇതിലൂടെ നൽകുന്ന സന്ദേശം.

കോൺഗ്രസിൽ പല നേതാക്കളുടേയും പേരുകൾ കണ്ണൂർ സീറ്റിലേക്ക് ഉയർന്നുകേട്ടിരുന്നു. എന്നാൽ അവർക്കെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ എതിർപ്പും ഉയർന്നു. ശക്തമായ സ്ഥാനാർത്ഥികൾ ആരും ഉയർന്നു വന്നതുമില്ല. സുധാകരന് രാജ്യസഭ സീറ്റ് നൽകാനും ആലോചന ഉണ്ടായിരുന്നു. എന്നാൽ മുസ്ലിം ലീഗിന് രാജ്യസഭ സീറ്റ് നൽകാൻ തീരുമാനിച്ചതും എഐസിസി കണക്കിലെടുത്തു. ഇതോടെ സുധാകരന് കണ്ണൂരിൽ മത്സരിക്കേണ്ട സാഹചര്യം വന്നു. കണ്ണൂരിൽ സുധാകരൻ അല്ലെങ്കിൽ വിജയ സാധ്യത കുറവെന്ന് സംസ്ഥാന നേതൃത്വം എഐസിസിയെ അറിയിച്ചു. ഇതോടെ നാലാം അങ്കത്തിന് കണ്ണൂരിൽ സുധാകരൻ എത്തുകയാണ്.

കേരളത്തിൽ യുഡിഎഫിന് 19 സിറ്റിങ് സീറ്റുകളുണ്ടായിരുന്നു. കേരളാ കോൺഗ്രസ് മാണി വിഭാഗം ഇടതുപക്ഷത്തേക്ക് പോയതോടെ ഇത് 18 ആയി. കോട്ടയം കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കും. ഫ്രാൻസിസ് ജോർജിനെ അവർ പ്രഖ്യാപിച്ചു. കൊല്ലത്ത് ആർ എസ് പിക്കായി സിറ്റിങ് എംപി എൻകെ പ്രേമചന്ദ്രനും. രണ്ട് സീറ്റിൽ മുസ്ലിം ലീഗ് ഉടൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. കോൺഗ്രസിന് 16 സീറ്റുകൾ. ഇതിൽ 15 ഇടത്തും സിറ്റിങ് എംപിമാർ തന്നെ വരുമെന്നാണ് സൂചന. വയനാട്ടിൽ രാഹുലും മത്സരിക്കുമെന്ന് തന്നെയാണ് വിലയിരുത്തൽ. ആലപ്പുഴയിൽ മാത്രം പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തിയാൽ മതി.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് വേണമെന്ന മുസ്‌ലിം ലീഗിന്റെ ആവശ്യം സംബന്ധിച്ച ചർച്ച പൂർത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചിരുന്നു. കോൺഗ്രസ്, ലീഗ് നേതാക്കൾ എല്ലാ വശങ്ങളും ചർച്ച ചെയ്തു. രണ്ട് പാർട്ടികളുടേയും ഉന്നത നേതൃത്വവുമായി സംസാരിച്ച് തീരുമാനമെടുക്കും. ചർച്ചയിൽ ധാരണയായെന്നും സതീശൻ വ്യക്തമാക്കി. ലീഗിന് രാജ്യസഭാ സീറ്റ് നൽകാമെന്ന് സന്നദ്ധതയറിയിച്ചതായി കെപിസിസി ?പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. അക്കാര്യം മുന്നോട്ട് വെച്ചങ്കിലും ലീഗ് സമ്മതിച്ചിട്ടില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മുസ്‌ലിം ലീഗാണ്. അവർ തീരുമാനമറിയിച്ചാൽ ഹൈക്കമാൻഡുമായി ചർച്ച ചെയ്യ്ത് തീരുമാനമെടുക്കുമെന്നും കെ. സുധാകരൻ പറഞ്ഞു.

മൂന്നാം സീറ്റുമായി ബന്ധപ്പെട്ട് കോൺഗ്രസുമായി നടത്തിയ ഉഭയകക്ഷി ചർച്ച തൃപ്തികരമാണെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി നേരത്തെ പറഞ്ഞിരുന്നു. ചർച്ചയിൽ നടന്ന കാര്യങ്ങൾ 27ന് നടക്കുന്ന ലീഗ് യോഗത്തിൽ ചർച്ച ചെയ്യും. യോഗത്തിന് ശേഷം ഇതുസംബന്ധിച്ച തീരുമാനം വ്യക്തമാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിന് ശേഷം കോൺഗ്രസും കേരളത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.