തിരുവനന്തപുരം: റബർ കർഷകരുട വിഷയം ആയുധമാക്കി സർക്കാറിനെതിരെ ആഞ്ഞടിച്ചു കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇടതുമുന്നണിയുടെ പ്രകടന പത്രികയിലുള്ള റബറിന് 250 രൂപ ഉറപ്പാക്കുമെന്ന മോഹന വാഗ്ദാനം പാലിച്ചാൽ മാത്രം റബർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനാകുമെന്ന് സുധാകരൻ പറഞ്ഞു. ഇതു പാലിച്ചില്ലെന്നു മാത്രമല്ല, വിലസ്ഥിരതാ ഫണ്ട് വരെ അട്ടിമറിച്ച് കർഷകരെ മുച്ചൂടും വഞ്ചിക്കുകയും ചെയ്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

റബർ വില കിലോക്ക് 300 രൂപയാക്കുമെന്നു വാഗ്ദാനം ചെയ്ത ബിജെപിയുടെ പൊടിപോലും കാണാനില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ റബർ കർഷകരോട് കാട്ടുന്ന കടുത്ത അവഗണനക്കെതിരായ ജനവിധി കൂടിയായിരിക്കും പുതുപ്പള്ളിയിലേതെന്ന് കെപിസിസി അധ്യക്ഷൻ ചൂണ്ടിക്കാട്ടി.

ഉമ്മൻ ചാണ്ടി സർക്കാർ രൂപം കൊടുത്ത റബർ വില സ്ഥിരതാ ഫണ്ട് പിണറായി സർക്കാർ അട്ടിമറിച്ചു. റബർ വിലസ്ഥിരതാ ഫണ്ടിലേക്ക് 2022-23 വർഷം 500 കോടി രൂപ വകയിരുത്തിയിട്ട് ചെലവാക്കിയതാകട്ടെ 50 കോടി രൂപയിൽ താഴെ മാത്രമാണ്. വർഷംതോറും ബജറ്റിൽ കോടികൾ എഴുതി ചേർക്കുന്നതല്ലാതെ ഫലത്തിൽ ഒരു പ്രയോജനവും കർഷകനില്ല.

സംസ്ഥാനത്ത് 15 ലക്ഷത്തിലധികം റബ്ബർ കർഷക കുടുംബങ്ങളെ ബാധിക്കുന്ന വിഷയത്തിൽ സർക്കാരുകൾ കാട്ടുന്നത് ഗുരുതര അലംഭാവമാണ്. ഇക്കാര്യം മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി പുതുപ്പള്ളിയിൽ വന്ന് ആസിയൻ കരാറിനെക്കുറിച്ചൊക്കെ വാചാടോപം നടത്തിയതെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.

അധികാരങ്ങൾ വെട്ടിച്ചുരുക്കിയ റബർ ബോർഡ് വെറും നോക്കുകുത്തിയായി. അറബറിന്റെ നിയന്ത്രണം സമ്പൂർണ്ണമായി വാണിജ്യ മന്ത്രാലയത്തിന്റെ കൈകളിലേക്ക് മാറ്റം ചെയ്യപ്പെടുന്ന 2023 റബർ ബിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടികളുമായി മുന്നോട്ട് പോകുമ്പോൾ പ്രതിഷേധിക്കാൻ പോലും തയാറാകാതെ കൈകെട്ടി നിൽക്കുകയാണ് സംസ്ഥാന സർക്കാർ.

റബർ കർഷകർക്ക് വേണ്ടി ശബ്ദിക്കേണ്ട കേരള കോൺഗ്രസ് എം സർക്കാരിന്റെ കർഷക ദ്രോഹ നയങ്ങൾക്ക് കുടപിടിക്കുകയാണ്. കർഷകരെ വർഗ ശത്രുക്കളായി കാണുന്നതാണ് കമ്യൂണിസ്റ്റ് സിദ്ധാന്തം. നെൽസംഭരിച്ചതിന്റെ പണം കിട്ടാതെ കുട്ടനാട്ടിലെ നെൽകർഷകർ ഓണനാളിൽ പട്ടിണി സമരത്തിലായിരുന്നു. റബർ ഉൾപ്പെടെയുള്ള കർഷകരോട് എന്നും കരുണ നിറഞ്ഞ നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിച്ചതെന്നും റബർ വില സ്ഥിരതാ ഫണ്ട് ഇക്കാര്യം അടിവരയിടുന്നുവെന്നും സുധാകരൻ പറഞ്ഞു.