- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലകുത്തി നിന്നാൽ പോലും ബിജെപി കേരളത്തിൽ ഒരു സീറ്റിലും വിജയിക്കില്ല
തിരുവനന്തപുരം: തലകുത്തിനിന്നാൽ പോലും ബിജെപി കേരളത്തിൽ ഒരു സീറ്റിലും വിജയിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇക്കാര്യം കോൺഗ്രസ് ഉപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങനെയൊരു നിലപാടെടുക്കാൻ സിപിഎമ്മിനു സാധിക്കുമോയെന്നും കെ സുധാകരൻ ചോദിച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പു മുതൽ പ്രവർത്തിച്ചുവരുന്ന സിപിഎം-ബിജെപി കൂട്ടുകെട്ട് 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ കൂടുതൽ സുദൃഢമായിട്ടുണ്ട്.
സംഘപരിവാർ ശക്തികൾക്കെതിരേ രാജ്യവ്യാപകമായി കോൺഗ്രസ് നടത്തുന്ന പോരാട്ടങ്ങൾക്കു നേരേ കണ്ണടക്കുന്ന പിണറായി, ആർ.എസ്.എസിനെ ചെറുക്കുന്നത് അവർ മാത്രമാണെന്ന് അവകാശപ്പെടുന്നതും കോൺഗ്രസിന്റെ പോരാട്ടവും തമ്മിൽ ആനയും ആടും പോലെയുള്ള വ്യത്യാസമുണ്ട്. കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം കഴിഞ്ഞതോടെ വിറളിപിടിച്ചതുകൊണ്ടാണ് കോൺഗ്രസിനെ അപമാനിച്ചു കൊണ്ട് പിണറായി പ്രസംഗിച്ചത്. എന്നാൽ ഇത്രയും ഗംഭീരമായ ഒരു സ്ഥാനാർത്ഥി നിർണയം സമീപകാലത്തൊന്നും യു.ഡി.എഫിൽ ഉണ്ടായിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
തൃശൂരിൽ ഇടതുപക്ഷ- ബിജെപി സഖ്യത്തെ കെ. മുരളീധരൻ ഒറ്റ ദിവസംകൊണ്ടാണ് പൊളിച്ചടുക്കിയത്. തന്റെ യോഗത്തിന് ആളില്ലെന്നു പറഞ്ഞ് സുരേഷ് ഗോപി തിരുവനന്തപുരത്തേക്കുള്ള വണ്ടികയറാൻ നിൽക്കുകയാണ്. ആലപ്പുഴയിൽ സിപിഎമ്മിന്റെ ഏക കനലിനെ കെ.സി വേണുഗോപാൽ ഊതിക്കെടുത്തിക്കഴിഞ്ഞു. വടകരയിൽ കോൺഗ്രസിന്റെ യുവതുർക്കി ഷാഫി പറമ്പിൽ സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്. 20 മണ്ഡലങ്ങളിലും ഇതാണ് സ്ഥിതി.
മാസപ്പടിയായും വാർഷികപ്പടിയായും കിട്ടുന്ന നോട്ടുകെട്ടുകൾ നിറച്ച കിടക്കയിലുറങ്ങുന്ന പിണറായി വിജയനെന്ന നാണംകെട്ടവനെ ചുമക്കുന്ന സിപിഎം എന്ന പാർട്ടി അധഃപതനത്തിന്റെ നെല്ലിപ്പലകയിലെത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. പാവപ്പെട്ടവന്റെ ക്ഷേമപെൻഷനിൽനിന്ന് കൈയിട്ടുവാരി പോസ്റ്ററടിക്കുന്ന നിങ്ങളെയോർത്ത് തല കുനിക്കാത്ത ഒരു മലയാളിപോലും ഇന്നില്ല. ടി.പി ചന്ദ്രശേഖരനെയും ഷുഹൈബിനെയും കൃപേഷിനെയും ശരത്ലാലിനെയും ഏറ്റവുമൊടുവിൽ സിദ്ധാർഥനെയും കൊലക്ക്കൊടുത്ത അഭിനവ ഹിറ്റ്ലറാണ് പിണറായി. എ.കെ.ജിയും പി കൃഷ്ണപിള്ളയും ഇഎംഎസും പകർന്നു തന്ന കമ്യൂണിസ്റ്റ് മൂല്യങ്ങളെല്ലാം പിണറായി ആറടി മണ്ണിൽ കുഴിച്ചുമൂടിയെന്നും സുധാകരൻ പറഞ്ഞു.
ബിജെപിയിലേക്ക് ആരെങ്കിലും പോയാൽ സുരേന്ദ്രനേക്കാൾ ആർത്തുല്ലസിക്കുന്ന സംഘപരിവാർ മനസാണ് പിണറായി വിജയന്റേത്. ബിജെപിയെ കേരളത്തിൽ മുഖ്യപ്രതിപക്ഷമായി ഉയർത്തിക്കൊണ്ടുവരാനുള്ള അച്ചാരം വാങ്ങിയ സിപിഎം നേതാവും പിണറായി വിജയനാണ്. കോൺഗ്രസിനെ നശിപ്പിക്കണമെന്നും തകർക്കണമെന്നുമാണ് സിപിഎമ്മും ബിജെപിയും ആഗ്രഹിക്കുന്നത്. ഇതിന് മോദിയുടെയും അമിത്ഷായുടെയും അനുചരന്മാരായ ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ഇടനിലക്കാരായി നിയോഗിച്ചിരിക്കുകയാണ്. കോൺഗ്രസിൽനിന്ന് അടർത്തിയെടുത്ത ചില നേതാക്കളെയും ഇതിനായി വിനിയോഗിക്കുന്നു.
ശ്രീ എമ്മിന്റെ സാന്നിധ്യത്തിൽ നടന്ന ബിജെപി- സിപിഎം ചർച്ചയും, ശ്രീ എമ്മിനു തിരുവനന്തപുരം ആക്കുളത്ത് സൗജന്യമായി നൽകിയ നാലരയേക്കർ ഭൂമിയിൽ നിർമ്മിക്കുന്ന യോഗാ സെന്ററിനു തറക്കല്ലിടാൻ പിണറായി എത്തിയതും മകൾ വീണാ വിജയനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം ഒത്തുതീർപ്പ് ആക്കുന്നതിന്റെ ഭാഗമാണോയെന്ന് സംശയിക്കേണ്ട എല്ലാ സാഹചര്യവുമുണ്ട്. പിണറായി വിജയനെ എപ്പോൾ വേണമെങ്കിലും കൈയാമം വെക്കാവുന്ന സ്വർണക്കടത്ത് കേസ്, ഡോളർ കടത്തുകേസ്, ലൈഫ് മിഷൻ അഴിമതി എന്നിവ വർഷങ്ങളായി മെല്ലപ്പോക്കിലാണ്.
മാസപ്പടി കേസും അതേ രീതിയിൽ ഒത്തുതീർപ്പാകും എന്നാണ് സൂചനകൾ. ലാവ്ലിൻ കേസ് 39 തവണ മാറ്റിവച്ച് സർവകാല റിക്കാർഡിട്ടു. കേസെടുക്കുന്ന ദിവസം പ്രോസിക്യൂഷൻ ഹാജരാകില്ലെന്ന് കേന്ദ്രസർക്കാർ ഉറപ്പുവരുത്തുന്നുണ്ട്. ബിജെപി അധ്യക്ഷന്റെ കുഴൽപ്പണ കേസ് പിണറായി വിജയനും പ്രത്യുപകരമായി ചവിട്ടിപ്പിടിച്ചിരിക്കുകയാണെന്ന് സുധാകരൻ പറഞ്ഞു.