- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ ഗാന്ധി വന്നതിനേക്കാൾ കൂടുതൽ തവണ വന്നത് ആനകൾ; കെ സുരേന്ദ്രൻ
കോഴിക്കോട്: വയനാട്ടിൽ ബിജെപി സ്ഥാനാർത്ഥിയായ കെ സുരേന്ദ്രൻ സിറ്റിങ് എംപി രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി രംഗത്ത്. രാഹുൽ ഗാന്ധിക്കും ആനിരാജക്കും വയനാട്ടിൽ ടൂറിസ്റ്റ് വിസയെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപത്തിന് പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധി വരുന്നു, രണ്ട് പൊറോട്ട കഴിക്കുന്നു, വീഡിയോ ഇടുന്നു തിരിച്ചുപോകുന്നു. രാഹുൽ വന്നതിനേക്കാൾ കൂടുതൽ ആനകൾ വന്നു എന്നാണ് നാട്ടുകാർ പറയുന്നതെന്നും സുരേന്ദ്രൻ പരിഹസിച്ചു. ഇന്ത്യയിൽ തന്നെ രാഷ്ട്രീയത്തിന്റെ പേരിൽ കൂടുതൽ കേസുള്ള വ്യക്തിയാണ് താനെന്നും സുരേന്ദ്രൻ പറഞ്ഞു. കൊടകരക്കേസിൽ താൻ പ്രതിയല്ല. പിന്നെ എന്തിനാണ് അതിന്റെ പേരിൽ തന്നെ വലിച്ചിഴയക്കുന്നത്. തന്റെ പേരിൽ 376 കേസുകൾ ഉണ്ട്. അതിന്റെ വിവരങ്ങൾ നാമനിർദേശപത്രിക നൽകുന്നതിന് മുൻപായി പത്രദൃശ്യമാധ്യമങ്ങളിൽ നൽകും. കഠിനാദ്ധ്വാനം ചെയ്തിട്ടാണ് ബിജെപിക്ക് ജനങ്ങളുടെ ഇടയിൽ സ്ഥാനം കിട്ടുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
രാഹുൽ ഗാന്ധിക്കെതിരേ ശക്തമായ പോരാട്ടം വേണം എന്ന പാർട്ടിയുടെ നിർദ്ദേശം പരിഗണിച്ച് അച്ചടക്കമുള്ള പ്രവർത്തകനെന്ന നിലയിലാണ് സ്ഥാനാർത്ഥിത്വം ഏറ്റെടുത്തത്. വളരെ ഭാരിച്ച ഉത്തരവാദിത്തമാണിത്. ഞാൻ പൂർണ സന്തോഷത്തോടെ അത് ഏറ്റെടുക്കുകയാണ്. കഴിഞ്ഞ തവണ അമേഠിയിലെ ജനങ്ങൾ എന്താണോ ചെയ്തത് ഇത്തവണ വയനാട്ടിലെ ജനങ്ങൾ അത് ചെയ്യുമെന്ന പ്രതീക്ഷയോടെയാണ് ഞങ്ങൾ ഇറങ്ങുന്നത്.
രാഹുൽ ഗാന്ധിയുടെ വികസനവിരുദ്ധ രാഷ്ട്രീയത്തിനെതിരെ ഉജ്വല പോരാട്ടം കാഴ്ചവെക്കാൻ അവസരം തന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവരോട് നന്ദി അറിയിക്കുന്നതായും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.