- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടിൽ കെ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥി
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപ്പര്യമില്ലാതെ മാറി നിന്ന ബിജെപി സംസ്ഥാന അധ്യക്ഷനോട് മത്സരിക്കാൻ നിർദ്ദേശിച്ചു ബിജെപി കേന്ദ്രനേതൃത്വം. ഇതോടെ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കെ സുരേന്ദ്രൻ മത്സരിക്കും. രാഹുൽ ഗാന്ധിക്കെതിരെ മുതിർന്ന നേതാവ് തന്നെ സ്ഥാനാർത്ഥിയാകണം എന്ന നിർദ്ദേശം ഉയർന്നതോടെയാണ് സുരേന്ദ്രൻ സ്ഥാനാർത്ഥിയായത്.
ബിജെപിക്ക് എട്ട് ശതമാനം മാത്രം വോട്ടുകൾ ഉള്ള ലോക്‌സഭാ മണ്ഡലത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ മത്സരിക്കുന്നത് എന്നതാണ് പ്രത്യേകത. ഇത്തവണ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചു പ്രചരണ രംഗത്തു തുടരാനായിരുന്നു സുരേന്ദ്രന് താൽപ്പര്യം. ആ താൽപ്പര്യം കേന്ദ്ര നേതൃത്വം തള്ളുകയാണ്. അതേസമയം കൊല്ലത്ത് നടൻ ജി കൃഷ്ണകുമാർ ലോക്‌സഭാ സ്ഥാനാർത്ഥിയാകും. എറണാകുളത്ത് കെ എസ് രാധാകൃഷ്ണനെയും ആലത്തൂരിൽ എൻ സരസുവിനെയും സ്ഥാനാർത്ഥികളായി ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണം അവലോകനം ചെയ്യാൻ ബിജെപി ഉന്നത നേതാക്കൾ ഡൽഹിയിൽ യോഗം ചേർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ കേന്ദ്രമന്ത്രി അമിത് ഷായും ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും പങ്കെടുത്തു. നാലാംഘട്ട പട്ടിക പുറത്തിറക്കിയിട്ടും കേരളത്തിലെ നാലു മണ്ഡലങ്ങളിൽ ബിജെപി ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ല.
രാഹുൽ ഗാന്ധി ഉത്തരേന്ത്യയിൽനിന്നും മത്സരിക്കില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. ഈ സാഹചര്യത്തിൽ രാഹുൽ മത്സരിക്കുന്ന വയനാട്ടിൽ മത്സരം കടുപ്പിക്കാനാനായിരുന്നു ബിജെപി നീക്കം. ദേശീയതലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ നിർത്താനുള്ള ആലോചനകൾ നടന്നെങ്കിലും അത് നടന്നില്ല. ഒടുവിലാണ് സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കിയത്. ആനി രാജയൊണ് വയനാട്ടിലെ ഇടതു സ്ഥാനാർത്ഥി.
എ.പി.അബ്ദുല്ലക്കുട്ടി, സന്ദീപ് വാരിയർ, സി.കെ.ജാനു തുടങ്ങിയ പേരുകളും നേതൃത്വം വയനാട്ടിലേക്ക് പരിഗണിച്ചിരുന്നു. ഒടുവിലാണ് കേന്ദ്ര നേതൃത്വം സുരേന്ദ്രന്റെ പേരിലേക്ക് എത്തിച്ചേർന്നത്. വയനാട്ടിൽ സുരേന്ദ്രന്റെ സാന്നിധ്യം തിരഞ്ഞെടുപ്പിനെ ഗൗരവമായാണു കാണുന്നതെന്ന പ്രതീതി കേരളത്തിലും പുറത്തും സൃഷ്ടിക്കുമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ. നാലു മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ വൈകിയാണ് പ്രഖ്യാപിച്ചതെങ്കിലും ബിജെപി നേരത്തേതന്നെ പ്രചാരണം തുടങ്ങിയിരുന്നു.
ലോക്സഭയിലേക്ക് കാസർകോട് മണ്ഡലത്തിൽ നിന്നും രണ്ടുതവണയും നിയമസഭയിലേക്ക് മഞ്ചേശ്വരത്ത് നിന്നും രണ്ട് തവണയും മത്സരിച്ച സുരേന്ദ്രൻ മഞ്ചേശ്വരത്ത് 89 വോട്ടിനാണ് പരാജയപ്പെട്ടത്. 2019 ലോകസഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ മത്സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ട് പിടിച്ച് ഇടതു-വലത് മുന്നണികളെ ഞെട്ടിക്കാൻ കെ.സുരേന്ദ്രന് സാധിച്ചു. നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോന്നി മണ്ഡലത്തിൽ മത്സരിച്ച് നാൽപതിനായിരത്തോളം വോട്ട് പിടിച്ച് കരുത്ത് കാട്ടി. 2021 നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിൽ മത്സരിച്ച സുരേന്ദ്രൻ മഞ്ചേശ്വരത്ത് 67,000 ത്തോളം വോട്ട് പിടിച്ചിരുന്നു.
കോൺഗ്രസ് വിട്ട് ബിജിപിയിൽ എത്തിയ എറണാകുളത്തെ സ്ഥാനാർത്ഥി കെ.എസ്.രാധാകൃഷണൻ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. നടൻ കൂടിയായ കൊല്ലത്തെ സ്ഥാനാർത്ഥി കൃഷ്ണകുമാർ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്നു. ഗവ.വിക്ടോറിയ കോളേജിലെ മുൻ പ്രിൻസിപ്പലാണ് ആലത്തൂരിലെ സ്ഥാനാർത്ഥിയായ ടി.എൻ.സരസു.
ഇതോടെ കേരളത്തിലെ മൂന്ന് മുന്നണികളുടെയും എല്ലാ സ്ഥാർഥികളെയും പ്രഖ്യാപിച്ചു. ഇനി പ്രചരണം കൂടുതൽ സജീവമാകുമെന്നത് ഉറപ്പാണ്. സുരേന്ദ്രന്റെ വരവോടെ മണ്ഡലത്തിൽ മണ്ഡലത്തിൽ പ്രചരണം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകും. അഞ്ചാം ഘട്ട പട്ടികയിൽ മേനക ഗാന്ധിക്ക് സീറ്റ് നൽകിയപ്പോൾ പിലിഭിത്ത് സിറ്റിങ് എംപി വരുൺ ഗാന്ധി സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചില്ല. വരുണിന്റെ മണ്ഡലത്തിൽ ജിതിൻ പ്രസാദയാണ് സ്ഥാനാർത്ഥി. മേനക ഗാന്ധി സുൽത്താൻപുരിൽ നിന്നു ജനവിധി തേടും. അഞ്ചാം ഘട്ടത്തിൽ 111 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.