സുൽത്താൻ ബത്തേരി: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിലെ പ്രചരണം മുറുകവേ വയനാട്ടിലെ നഗരത്തിന്റെ പേരു മാറ്റം ചർച്ചയാക്കി ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട് എംപി ആയി ജയിച്ചാൽ ആദ്യ പരിഗണന സുൽത്താൻ ബത്തേരിയുടെ പേര് മാറ്റുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. ഗണപതി വട്ടം എന്ന് പുനർനാമകരണം ചെയ്യുമെന്നാണ് കെ സുരേന്ദ്രൻ പറഞ്ഞത്. റിപ്പബ്ലിക് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. സുരേന്ദ്രന്റെ അഭിപ്രായം വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

സുൽത്താൻ ബത്തേരിയുടെ യഥാർഥ പേര് ഗണപതിവട്ടം എന്നായിരുന്നു എന്ന ആർഎസ്എസിന്റെ നിലപാടിന്റെ ചുവടു പിടിച്ചാണ് സുരേന്ദ്രൻ തെരഞ്ഞെടുപ്പു കാലത്ത് വിവാദം കത്തിക്കുന്നത്. '1984ൽ പ്രമോദ് മഹാജൻ സുൽത്താൻ ബത്തേരിയിൽ എത്തിയപ്പോൾ ഇത് സുൽത്താൻ ബാറ്ററി അല്ലെന്നും ഗണപതി വട്ടം ആണെന്നും പറഞ്ഞിരുന്നു. വലിയ പ്രാധാന്യം വളരെ വലുതാണ്. വിദേശ അധിനിവേശത്തിനെതിരെയും ടിപ്പു സുൽത്താനെതിരെയും ഇവിടെ നിന്ന് പോരാടിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഗണപതി വട്ടം എന്ന പേര് പുനർനാമകരണം ചെയ്യാൻ ശ്രമിക്കും. എംപി ആയി ജയിച്ചാൽ ആദ്യ പരിഗണന ഇതിനായിരിക്കും. മോദിയുടെ സർക്കാരിന്റെ സഹായത്തോടെ ഇത് നടപ്പിലാക്കും' കെ സുരേന്ദ്രൻ പറയുന്നു.

'എന്താണ് സുൽത്താൻ ബത്തേരിയുടെ ആവശ്യം. ഇത് ഗണപതി വട്ടമാണ്. യഥാർഥ പേര് ഗണപതി വട്ടം എന്നാണ്. ടിപ്പു സുൽത്താന്റെ അധിനിവേശത്തിന് ശേഷമാണ് പേര് മാറ്റിയത്. ആരായിരുന്നു ടിപ്പു സുൽത്താൻ. മലയാളികളെ ആക്രമിച്ചു. ഹിന്ദുക്കളെ മതം മാറ്റി മുസ്ലിമാക്കി. പഴശ്ശിരാജയും പേരാളികളും ടിപ്പുവിനെതിരെ പോരാടിയിട്ടുണ്ട്' കെ സുരേന്ദ്രൻ അഭിമുഖത്തിൽ പറയുന്നു.

ഗണപതിവട്ടമെന്ന സ്ഥലത്തിന്റെ പ്രാധാന്യവും പ്രസക്തിയെപ്പറ്റിയും പല രേഖകളിലും സൂചിപ്പിക്കപ്പെടുന്നുണ്ട. ടിപ്പുവിന്റെ പടയോട്ടങ്ങൾക്ക് ഊർജ്ജം കൂട്ടിയ ആയുധപ്പുര എന്ന രീതിയിൽ സുൽത്താൻസ് ബാറ്ററിയാണ് ഗണപതിവട്ടം എന്ന് പേര് ഉപേക്ഷിച്ച് സുൽത്താൻ ബത്തേരിയായത്. വയനാട്ടിലെ വ്യവസായ നഗരം കൂടിയാണ് സുൽത്താൻ ബത്തേരി ഇന്ന്.

ജൈന സംസ്‌കൃതിയുടെയും ഗോത്ര ജീവിത പെരുമകളുടെയും വേരോട്ടമുള്ള മണ്ണു കൂടിയാണ് ഈ നഗരം എ.ഡി. 1400 മുതൽ ഇവിടെ ജനവാസമുണ്ടായിരുന്നു. സുൽത്താൻ ബത്തേരിയിലെ ചിര പുരാതനമായ ജൈനക്ഷേത്രം ഇതിനെല്ലാം സാക്ഷ്യമായി നിൽക്കുന്നു. ആദ്യമായി ഇവിടേക്ക് കുടിയേറിയവർ ജൈനരാണ് എന്നാണ് അനുമാനം. ഹെന്നെരു ബീഡികെ എന്നാണ് ഇവർ ഈ പട്ടണത്തെ വിശേഷിപ്പിച്ചത്. ഇവർ ഉപയോഗിച്ചിരുന്ന പാതയാണ് പിന്നീട് പതിനെട്ടാം നൂറ്റാണ്ടിൽ ടിപ്പു സുൽത്താൻ പടയോട്ടത്തിന്റെ ഭാഗമായി വികസിപ്പിച്ചത്.

ജൈനക്ഷേത്രം ടിപ്പു പിടിച്ചടക്കി ആയുധ പുരയായി മാറ്റുകയായിരുന്നു. വെടിമരുന്നറകൾ ഈ ക്ഷേത്രത്തിലുണ്ടായിരുന്നതിനാൽ ടിപ്പു ഈ ക്ഷേത്രം നിലനിർത്തി. ഈ പൈതൃകങ്ങളെ ഇന്ന് ആർക്കിയോളജി വകുപ്പാണ് സംരക്ഷിക്കുന്നത്. അടിയ കുറുമ വിഭാഗത്തിലുള്ള ഗോത്ര ജനതയുടെയും അളവറ്റ സംസ്‌കൃതികൾ ഈ നഗരവുമായി ഇഴപിരിഞ്ഞതാണ്.