ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലെ ഏറ്റവും ധനികനായ സ്ഥാനാർത്ഥി കോൺഗ്രസ് എംപി നകുൽ നാഥ്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ മകനായ നകുലിന് 717 കോടി രൂപയുടെ സ്വത്തുക്കളുള്ളതായി അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ അവലോകനത്തിൽ പറയുന്നു. മധ്യപ്രദേശിലെ ഛിന്ദ്വാര ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്.

കോൺഗ്രസിൽ അസംതൃപ്തരായ കമൽനാഥും നകുലും ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിൽ കമൽനാഥ് അസംതൃപ്തനാണ്. അൻപതുവർഷങ്ങൾക്ക് മുൻപ് താൻ കോൺഗ്രസിലേക്ക് വരുമ്പോഴുള്ള പാർട്ടിയല്ല ഇപ്പോഴുള്ളതെന്ന് കമൽനാഥ് അഭിപ്രായപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

ഇക്കാര്യം നേതൃത്വത്തെ അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ കമൽനാഥ് കോൺഗ്രസ് വിടുന്നവെന്ന വാർത്ത പാർട്ടി തന്നെ നിഷേധിച്ചു. 1979ൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഇന്ദിരാഗാന്ധി തന്റെ മൂന്നാമത്തെ മകനെന്ന് വിശേഷിപ്പിച്ച വ്യക്തിയാണ് കമൽനാഥ് എന്ന് ഓർമിപ്പിച്ചുകൊണ്ടായിരുന്നു കോൺഗ്രസിന്റെ പ്രസ്താവന.

തമിഴ്‌നാട് ഈറോഡിൽ നിന്നുള്ള എഐഎഡിഎംകെയുടെ സ്ഥാനാർത്ഥി അശോക് കുമാറാണ് ധനികരുടെ പട്ടികയിൽ രണ്ടാംസ്ഥാനത്ത്. അശോക് കുമാറിന് 662 കോടിയുടെ സ്വത്തുക്കളുള്ളതായാണ് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ശിവഗംഗയിൽ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി ടി.ദേവാനന്ദൻ യാദവാണ് 304 കോടി രൂപയുടെ സ്വത്തുക്കളുമായി പട്ടികയിൽ മൂന്നാംസ്ഥാനത്തുള്ളത്.

അതേസമയം ലോക്സഭ തെരഞ്ഞെടുപ്പിൽ മകൻ വൈഭവ് ഗെഹലോട്ടിനെ ഏതു വിധേനയും വിജയിപ്പിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹലോട്ട്. രാജസ്ഥാനിലെ ജലോർ-സിരോഹി മണ്ഡലത്തിൽ കോൺഗ്രസ് ടിക്കറ്റിലാണ് വൈഭവ് മത്സരിക്കുന്നത്.

കുടുംബാംഗങ്ങൾ, മുൻ മന്ത്രിമാർ, വിശ്വസ്തനായ നേതാക്കൾ എല്ലാവരെയും ഗെഹലോട്ട് മകന്റെ വിജയത്തിനായി മണ്ഡലത്തിൽ പ്രചാരണത്തിന് നിയോഗിച്ചിരിക്കുകയാണ്. കോൺഗ്രസിന്റെ കേന്ദ്രനേതാക്കളെയും പ്രചാരണത്തിന് മണ്ഡലത്തിലെത്തിക്കാനാണ് അശോക് ഗെഹലോട്ടിന്റെ നീക്കം.

മകന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച് ഒരു റിസ്‌കും ഏറ്റെടുക്കാൻ അശോക് ഗെഹലോട്ട് തയ്യാറല്ലെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തൻ സൂചിപ്പിച്ചു. നാമനിർദേശപത്രിക സമർപ്പിച്ച ദിവസം നടന്ന പരിപാടിയിൽ അശോക് ഗെഹലോട്ടിന്റെ ഭാര്യ സുനിത, സ്ഥാനാർത്ഥി വൈഭവ് ഗെഹലോട്ടിന്റെ ബാര്യ, മകൾ എന്നിവരെല്ലാം സന്നിഹിതരായിരുന്നു.

പരിപാടിയിൽ നടത്തിയ വികാരനിർഭരമായ പ്രസംഗത്തിൽ അശോക് ഗെഹലോട്ട് ഇപ്രകാരം പറഞ്ഞു. 'ഞങ്ങളെല്ലാം ഇവിടെയുണ്ട്. ഞങ്ങളുടെ മകനെ നിങ്ങൾക്ക് തരുന്നു. ഇവനെ ഏറ്റെടുക്കുക. അവന് ഒരു അവസരം നൽകുക. അവന്റെ വാതിൽ എല്ലായിപ്പോഴും നിങ്ങൾക്കായി തുറന്നുകിടപ്പുണ്ടാകും. നിങ്ങൾക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല. മണ്ഡലത്തിലെ പ്രശ്നങ്ങൾ എപ്പോഴും കേൾക്കുന്നതിനായി പ്രത്യേക സെൽ തന്നെ തുറക്കു'മെന്നും പ്രസംഗത്തിൽ അശോക് ഗെഹലോട്ട് ജനങ്ങൾക്ക് വാക്കു നൽകി.

രജ്പുത് സമുദായത്തിന് കോൺഗ്രസുമായിട്ടുള്ള ബന്ധവും അശോക് ഗെഹലോട്ട് അനുസ്മരിച്ചു. രജ്പുത് സമുദായത്തിന്റെ പിന്തുണയും അദ്ദേഹം അഭ്യർത്ഥിച്ചു. രജ്പുത് സമുദായത്തിന്റെ പിന്തുണ ഉറപ്പിക്കുന്നതിന്റെ ഭാഗമായി ജോധ്പൂർ മണ്ഡലത്തിൽ, പാർട്ടിയിലെ എതിരാളിയായ സച്ചിൻ പൈലറ്റിന്റെ വിശ്വസ്തൻ കരൺ സിങ് ഉച്ചിയാർഡയെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയിട്ടുള്ളത്. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വൈഭവ് ഗെഹലോട്ട് ജോധ്പൂരിൽ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിനോട് പരാജയപ്പെട്ടിരുന്നു.

അതിനിടെ, ജലോർ-സിരോഹി മണ്ഡലത്തിൽ വൈഭവ് ഗെഹലോട്ടിന്റെ സ്ഥാനാർത്ഥിത്വത്തിന് വെല്ലുവിളിയായി കോൺഗ്രസ് നേതാവ് ലാൽ സിങ് റാത്തോർ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. കോൺഗ്രസ് ടിക്കറ്റ് നിഷേധിച്ചതോടെ, ബിഎസ്‌പി സ്ഥാനാർത്ഥിയായിട്ടാണ് റാത്തോർ പത്രിക നൽകിയത്. മകന്റെ വിജയത്തിന് ഭീഷണിയാകും എന്നതിനാൽ ലാൽ സിങ് റാത്തോറുമായി ചർച്ച നടത്തിയ അശോക് ഗെഹലോട്ട്, റാത്തോറിനെക്കൊണ്ട് പത്രിക പിൻവലിപ്പിക്കുകയും ചെയ്തിരുന്നു.