ഇടുക്കി: തേച്ചാലും ഉരച്ചാലും മായാതെ നില്ക്കുന്ന ചില തിരഞ്ഞെടുപ്പുകാല കാഴ്ചകളുണ്ട്. ചുവരെഴുത്തുകൾ അത്തരത്തിലുള്ളതാണ്. വർഷങ്ങളുടെ പഴക്കമുള്ളതാകുമ്പോൾ അതിൽ ഒട്ടേറെ കൗതുകങ്ങൾ ഉണ്ടാകും.

ഇടുക്കി ജില്ലയുടെ അതിർത്തി പ്രദേശമായ കമ്പംമെട്ട് ചെക്ക് പോസ്റ്റിനുസമീപം പതിറ്റാണ്ടുകൾ പഴക്കമുള്ള സർക്കാർ കെട്ടിടത്തിലുള്ളത് അത്തരമൊരു ചുമരെഴുത്താണ്. 1982ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച വലത് ഇടത് മുന്നണികളുടെ സ്ഥാനാർത്ഥികൾക്ക് വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ളതാണ് ഇവിടുത്തെ ചുവരെഴുത്ത്.

കാലം ഏറെ കഴിഞ്ഞിട്ടും മാഞ്ഞിട്ടില്ല ചുവരെഴുത്തും ചിഹ്നങ്ങളും. യു.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്ന കേരള കോൺഗ്രസ് എമ്മിലെ വി.ടി.സെബാസ്റ്റ്യന്റെ തെരഞ്ഞടുപ്പ് ചിഹ്നമായ കുതിര, എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിച്ച സിപിഎമ്മിന്റെ എം. ജിനദേവന്റെ ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രം എന്നിവയും ഇതോടൊപ്പമുള്ള ചുവരെഴുത്തുമാണ് കാൽ നുറ്റാണ്ടിലേറെ പിന്നിട്ടിട്ടും മായാതെ നിൽക്കുന്നത്.

സാധാരണ കരിങ്കൽ ചുമരിൽ കുമ്മായംപൂശി നീലം കലക്കി വരച്ചിട്ടുള്ള ചിഹ്നങ്ങളും എഴുത്തുകളും ഇപ്പോഴും മായാതെ നിലനിൽക്കുന്നത് പുതുകാലഘട്ടത്തിൽ തിരഞ്ഞെടുപ്പുകാലത്തെങ്കിലും കൗതുക കാഴ്ചയാണ്. അന്ന് മത്സരരംഗത്തുണ്ടായിരുന്ന ഇരുമുന്നണിയുടെ നേതാക്കന്മാരും മൺമറഞ്ഞെങ്കിലും മായാതെ നില്ക്കുന്ന ചുവരെഴുത്ത് അവരുടെ ഓർമകൾ നിലനിർത്തുന്നതുകൂടിയായി മാറിയിരിക്കുന്നു.

കമ്പംമെട്ടുള്ള പഴകിയ കെട്ടിത്തിൽ പുതിയ ചുവരെഴുത്തിന് സാധ്യതയില്ലാത്തതിനാൽ കുതിരയും അരിവാൾ ചുറ്റികയുമൊക്കെ ഇനിയും ഏറെക്കാലം ഇവിടെ മായാതെ നിന്നേക്കാം.