- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടം
കണ്ണൂർ: കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ ഇക്കുറി നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം. നിറഞ്ഞ വിജയപ്രതീക്ഷയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി ജയരാജൻ രണ്ടാംഘട്ടപ്രചാരണം പൂർത്തിയാക്കി. ഇക്കുറി ലോക്സഭാ മണ്ഡലം പിടിച്ചെടുക്കാനുള്ള ഭഗീരഥ യത്നത്തിലാണ് എൽ.ഡി. എഫ് 2019-ൽ നിന്നും വ്യത്യസ്തമായി ഇക്കുറി കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാണെന്നാണ് നേതാക്കളുടെ അവകാശവാദം.
മറുവശത്ത് യു.ഡി. എഫ് സ്ഥാനാർത്ഥി കെപിസിസി അധ്യക്ഷൻ കെ.സുധാകരനാണെന്നതു കൊണ്ടു തന്നെ പാർട്ടിക്കായി കരുത്തനായ സ്ഥാനാർത്ഥിയെ തന്നെയാണ് ഇക്കുറി സി.പി. എം കളത്തിലിറക്കിയത്. കെ.സുധാകരന് അനുകൂലമായി പാർട്ടി വോട്ടുകൾ ചോരുന്നതാണ് മുൻകാല അനുഭവം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ, പാർട്ടിഗ്രാമങ്ങളിൽ നിന്നുവരെ വോട്ടുചോർന്നിരുന്നു.
94,000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ.സുധാകരൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ പി.കെ ശ്രീമതിയെ തോൽപ്പിച്ചത്. അന്ന് രാഹുൽഗാന്ധി വയനാട്ടിൽ മത്സരിച്ചതും സർക്കാരിനെതിരെയുള്ള ശബരിമല യുവതി പ്രവേശന വിരുദ്ധ വികാരവും തിരിച്ചടിയായെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ഇക്കുറി അതു സംഭവിക്കില്ലെന്നാണ് സി.പി. എം നേതൃത്വത്തിന്റെ വിലയിരുത്തൽ.
തങ്ങൾക്ക് കിട്ടാവുന്നതിൽ വെച്ചു ഏറ്റവും മികച്ച സ്ഥാനാർത്ഥിയായാണ് എം.വി ജയരാജനിലൂടെ സി. പി. എം അവതരിപ്പിക്കുന്നത്. കണ്ണൂരിന്റെ മുക്കിലും മൂലയിലും പരിചിതനായ എം.വി ജയരാജൻ പാർട്ടി കണ്ണൂർ ജില്ലാസെക്രട്ടറി, രണ്ടു വട്ടം എംഎൽഎ, പരിയാരം മെഡിക്കൽ കോളേജ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കൂത്തുപറമ്പ് വെടിവയ്‌പ്പു സമരത്തിനിടെ തലനാരിഴയ്ക്കു രക്ഷപ്പെട്ട നേതാവുകൂടിയാണ് എം.വി ജയരാജൻ. മികച്ച പാർലമെന്റേറിയൻ, സംഘാടകൻ എന്നീ നിലകളിൽ തിളങ്ങിയ എം.വി ജയരാജൻ എ.കെ.ജിക്കു ശേഷം പാർലമെന്റിൽ മത്സരിക്കുന്ന മറ്റൊരു പെരളശേരിക്കാരൻ കൂടിയാണ്.
സംസ്ഥാനത്ത് ചാനലുകൾ നടത്തിയ സർവേ ഫലങ്ങളിൽപ്പോലും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കണ്ണൂർ. 43-ശതമാനം വോട്ടുകളാണ് ഇരുവർക്കുമായി ലഭിക്കുമെന്നാണ് പ്രവചനം. ഇതിൽ ബിജെപി ഇക്കുറി നേട്ടമുണ്ടാക്കുമെന്ന് സർവ സർവെകളിലും പ്രവചിച്ചിട്ടുണ്ട്.
65,000 വോട്ടുകളാണ് കഴിഞ്ഞ തവണ സി.കെ.പത്മനാഭൻ നേടിയത്. എന്നാൽ മുൻ കോൺഗ്രസ് നേതാവായ സി.രഘുനാഥ് എൻ.ഡി. എ സ്ഥാനാർത്ഥിയായതോടെ കോൺഗ്രസ് വോട്ടുകളിൽ ചോർച്ചയുണ്ടാകുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നത്. പി.ഡി. പി, ഐ. എൻ. എൽ പാർട്ടികൾ ഇടതു ചേരിയിലാണെങ്കിലും എസ്.ഡി.പി. ഐ , വെൽഫെയർ പാർട്ടിയും യു.ഡി. എഫിനൊപ്പമാണ് നിൽക്കുന്നത്. ജയിച്ചാൽ കെ.സുധാകരൻ ബിജെപിയിലേക്ക് പോകുമെന്ന് സി.രഘുനാഥിനെ ഉദാഹരണമാക്കി കൊണ്ടാണ് എൽ.ഡി. എഫ് പ്രചരണമഴിച്ചുവിടുന്നത്.
പൗരത്വഭേദഗതി നിയമത്തിൽ ന്യൂനപക്ഷ സമുദായങ്ങൾക്കിടെയിലുള്ള ആശങ്ക മുതലെടുക്കാൻ മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൾ സി. ഐ. എ വിരുദ്ധറാലിയിൽ പങ്കെടുക്കാനെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുൻതൂക്കം എൽ.ഡി. എഫിന് തന്നെയാണ്. എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുകയാണ് പാർട്ടി മെഷീനറി. എൽ.ഡി. എഫ് സ്ഥാനാർത്ഥിയുടെ സ്വീകരണയോഗങ്ങളിൽ തടിച്ചുകൂടുന്ന ജനക്കൂട്ടവും സ്ഥാനാർത്ഥിക്ക് ലഭിക്കുന്ന സ്വീകാര്യതയും വോട്ടായി മാറുമെന്ന പ്രതീക്ഷയാണ് എൽ. ഡി. എഫ് ക്യാംപ്.
വരുംദിവസങ്ങളിൽ എം.വി ജയരാജന്റെ പ്രചരണം കൊഴുപ്പിക്കാൻ സി.പി. എം അഖിലേന്ത്യാസെക്രട്ടറി സീതാറാംയെച്ചൂരി, പ്രകാശ് കാരാട്ട്, സി.പി. ഐ അഖിലേന്ത്യാസെക്രട്ടറി ഡി.രാജ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയ നേതാക്കൾ കണ്ണൂരിലെ വിവിധയിടങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തുന്നുണ്ട്. വീടുകൾ കയറിയുള്ള സ്‌ക്വാഡ് വർക്കുകളും കുടുംബയോഗങ്ങളും തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളും റോഡ് ഷോയും തെരഞ്ഞെടുപ്പ്റാലിയും കൊണ്ടു രംഗം കൊഴുപ്പിക്കുകയാണ് എൽ.ഡി. എഫ്. കേന്ദ്രകമ്മിറ്റിയംഗമായ പി.കെ ശ്രീമതിയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രചരണം നടക്കുന്നത്