കണ്ണൂർ: കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ കൊടും ചൂടിനെ അവഗണിച്ചു വോട്ടിങ്ങിൽ ജനകീയാവേശം. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപെടെയുള്ള പ്രമുഖർ സ്വന്തം നാട്ടിലെ ബൂത്തുകളിലെത്തി വോട്ടു ചെയ്തു. പിണറായി ആർ.സി അമല സ്‌കുളിലെത്തിയാണ് പിണറായി വിജയൻ ഭാര്യ കമല കുടുംബാംഗങ്ങൾ എന്നിവർക്കൊപ്പമെത്തിയത്. പിണറായി പാണ്ട്യാല മുക്കിൽ നിന്നും എൽ.ഡി.എഫ് പ്രവർത്തകർക്കൊപ്പമെത്തിയാണ് മുഖ്യമന്ത്രി സമ്മതിദാന അവകാശം രേഖപ്പെടുത്തി. വോട്ടു ചെയ്തതിനു ശേഷം ആർ.സി അമല സ്‌കുളിൽ നിന്ന് ഇറങ്ങിയതിനു ശേഷം വോട്ടർമാരോട് കുശലം പറഞ്ഞതിനു ശേഷം തെരഞ്ഞെടുപ്പിനെ കുറിച്ചും സമകാലിക രാഷ്ട്രീയ വിവാദങ്ങളെ കുറിച്ചും മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചതിനു ശേഷമാണ് മടങ്ങിയത്.

സ്പീക്കർ എ.എൻ ഷംസീർ പാറാൽ എൽ.പി സ്‌കൂളിലെ 103 - നമ്പർ ബൂത്തിൽ സമ്മതിദാന അവകാശം രേഖപ്പെടുത്തി. രാജ്യത്തെ നിലനിർത്താനുള്ള നിർണായകമായ തെരഞ്ഞടുപ്പാണ് ഇതെന്ന് സ്പീക്കർ കുടുംബാംഗങ്ങൾക്കൊപ്പം വോട്ടുചെയ്തതിനു ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. തലശേരി ചിന്തിക്കുന്നതു പോലെ വടകര ചിന്തിക്കുമെന്നും വടകര ചിന്തിക്കുന്നതു പോലെ കേരളം ചിന്തിക്കുമെന്നും സ്പീക്കർ പറഞ്ഞു.

കടന്നപ്പള്ളി ചെറുവിച്ചേരി ഗവ. എൽ.പി സ്‌കൂളിലെ ബൂത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വോട്ടു ചെയ്തു. ഇടതു പക്ഷം വൻവിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി വോട്ടു ചെയ്തതിനു ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ മേലെചൊവ്വ ധർമസമാജം യു.പി സ്‌കൂളിൽ വോട്ടു ചെയ്യാനെത്തി.

സി.പി. എം സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ എം.വി ഗോവിന്ദൻ മൊറാഴ സി. എച്ച് കമ്മാരൻ സ്മാരക യൂ.പി സ്‌കൂളിലെ നൂറ്റി എട്ടാം നമ്പർ ബൂത്തിൽ വോട്ടു ചെയ്തു. കെ.പി മോഹനൻ എംഎൽഎ പുത്തൂർ എൽ.പി സ്‌കൂളിലെ എൺപത്തിമൂന്നാം നമ്പർ ബൂത്തിൽ വോട്ടുരേഖപ്പെടുത്തി. എൽ.ഡി. എഫ് കൺവീനർ ഇ.പി ജയരാജൻഅരോളി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ അൻപത്തിയൊന്നാം നമ്പർ ബൂത്തിൽ വോട്ടുരേഖപ്പെടുത്തി.

ബിജെപി ദേശീയ സമിതി അംഗം സി.കെ പത്മാനഭൻ അഴീക്കോട് അക്ളിയത്ത് എൽ.പി സ്‌കൂളിലും ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി പള്ളിക്കുന്ന് രാധാവിലാസം യു.പി സ്‌കൂളിലും വോട്ടുരേഖപ്പെടുത്തി. സി.പി സന്തോഷ് കുമാർ എം. പി കണ്ണൂർ മണ്ഡലത്തിലെ 65-നമ്പർ ബൂത്തായ തുഞ്ചത്താചാര്യ നഴ്സറി സ്‌കൂളിൽ വോട്ടു ചെയ്തു. കണ്ണൂർ രൂപതാ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല ചൊവ്വ ഹൈസ്‌കൂളിലെ 97-നമ്പർ ബൂത്തിൽ സമ്മതിദാനവകാശം രേഖപ്പെടുത്തി.

അതിരാവിലെ മുതൽ കണ്ണൂരിലെ പോളിങ് ബൂത്തുകൾ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. ഉച്ചചൂടോടെ അൽപംകുറഞ്ഞുവെങ്കിലും വെയിൽ ചാഞ്ഞപ്പോൾ വോട്ടർമാരുടെ ക്യൂവിന്റെ നീളം കൂടി.പോളിങ് സ്റ്റേഷനിലെത്തുന്ന വോട്ടർമാർക്ക് തണൽ ഇടങ്ങളും കുടിവെള്ളവും വൈദ്യസഹായവും ഏർപ്പെടുത്തിയിരുന്നു. കനത്ത പൊലിസ് സുരക്ഷയോടെയാണ് പോളിങ് പുരോഗമിച്ചത്.

കണ്ണൂർ ജില്ലയിലെ മുന്നൂറിലെറെ വരുന്ന പ്രശ്നബാധിത പ്രദേശങ്ങളിൽ കേന്ദ്രസേനയെ വിന്യസിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ എട്ടുമണിക്ക് ഭാര്യ കമലാ വിജയൻ, മകൾ വീണാ തായ്ക്കണ്ടി എന്നിവരോടൊപ്പം പിണറായി പാണ്ട്യാല മുക്കിലെ വീട്ടിൽ നിന്നും നടന്നാണ് പിണറായി ടൗണിലെ ആർ.സി അമല സ്‌കൂൾ ബൂത്തിൽ വോട്ടുചെയ്യാനെത്തിയത്. അൽപനേരം ക്യൂവിൽ നിന്നാണ് മുഖ്യമന്ത്രിയും കുടുംബവും ബൂത്തിനകത്തേക്ക് പ്രവേശിച്ചത്. സി.പി. എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദൻ ഭാര്യ പി.കെ ശ്യാമളയുമൊന്നിച്ചാണ് മൊറാഴയിലെ ബൂത്തിൽ വോട്ടുചെയ്യാനെത്തിയത്. ഇ.പി ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കളും സകുടുംബമാണ് വോട്ടിങ്ങിനായി എത്തിയത്