കണ്ണൂരിൽ ആർഎസ്എസ് വോടുകൾ കെ സുധാകരനായി മറിഞ്ഞു?
- Share
- Tweet
- Telegram
- LinkedIniiiii
കണ്ണൂർ: കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ യു.ഡി. എഫ് സ്ഥാനാർത്ഥിക്കായി ആർ. എസ്. എസ് ക്രോസ് വോട്ടു ചെയ്തതായി സൂചന. കെ.സുധാകരന് അനുകൂലമായി ആർ. എസ്. എസ് കാഡർ വോട്ടുകൾ കാൽലക്ഷത്തോളം മറിഞ്ഞുവെന്ന വിവരമാണ് പുറത്തുവരുന്നത്. എൻ.ഡി. എ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ ഈക്കാര്യം ചർച്ചയായിരുന്നു. ഇതോടെ കണ്ണൂരിൽ യു.ഡി. എഫ് സ്ഥാനാർത്ഥി കെ.സുധാകരന് മുൻതൂക്കം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇഞ്ചോടിഞ്ചു പോരാട്ടമാണ് ഇക്കുറി കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ നടന്നത്. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ തന്നെയാണ് അവസാന ഘട്ടത്തിൽ യു.ഡി. എഫിന്റെ സിറ്റിങ് സീറ്റു നിലനിർത്താൻ കളത്തിലിറങ്ങിയത്. എന്നാൽ കണ്ണൂരിലെ കരുത്തനും പാർട്ടി ജില്ലാസെക്രട്ടറിയുമായ എംവി ജയരാജനെയാണ് സി.പി. എം എൽ.ഡി. എഫ് സ്ഥാനാർത്ഥിയായി മതസരരംഗത്തിറക്കിയത്. ഇതോടെ കണ്ണൂരിൽ കരുത്തരായ സ്ഥാനാർത്ഥികൾ തമ്മിലുള്ള പോര് കടുത്തു. പ്രചരണ രംഗത്തും രാഷ്ട്രീയതന്ത്രങ്ങൾ ഒരുക്കുന്നതിലും ജനങ്ങളെ ആകർഷിക്കുന്നതിലും ഏറെ മുൻപന്തിയിലായിരുന്നു എം.വി ജയരാജൻ. കോൺഗ്രസ് കോട്ടകളായ ഇരിക്കൂർ, പേരാവൂർ മണ്ഡലങ്ങളിൽ പ്രചരണ കൊടുങ്കാറ്റുതന്നെയാണ് ജയരാജൻ അഴിച്ചുവിട്ടത്.
കണ്ണൂരിലെ പാർട്ടി മെഷിനറിയും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കാൻ തുടങ്ങിയതോടെ സി.പി. എം ജയം മണത്തു. ഇതോടെ എങ്ങനെയെങ്കിലും കണ്ണൂർ മണ്ഡലംതിരിച്ചു പിടിക്കുകയെന്ന ലക്ഷ്യത്തിലേക്ക് പാർട്ടി മുന്നേറാൻ തുടങ്ങി. ഈ സാഹചര്യത്തിലാണ് സിറ്റിങ് എംപിയായ കെ.സുധാകരനെ തന്നെ കളത്തിലിറക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. കണ്ണൂരിൽ നേരത്തെ വീണ്ടും മത്സരിക്കുന്നില്ലെന്നു ദേശീയ നേതൃത്വത്തെ അറിയിച്ച കെ.സുധാകരൻ ഒടുവിൽ പാർട്ടി നിർദ്ദേശപ്രകാരം കളത്തിലിറങ്ങുകയായിരുന്നു. ഇതോടെയാണ് മത്സരത്തിന് വീറും വാശിയുമുണ്ടായത്.
എന്നാൽ എൻ.ഡി. എ സ്ഥാനാർത്ഥിയായി മുൻ ഡി.സി.സി ജനറൽ സെക്രട്ടറിയും കെ.സുധാകരന്റെ അതീവ വിശ്വസ്തനുമായ സി.രഘുനാഥ് മത്സര രംഗത്തിറങ്ങിയതോടെ യു.ഡി. എഫ് ക്യാംപിലും ആശങ്കപരന്നു. അരനൂറ്റാണ്ടോളം കോൺഗ്രസ് രാഷ്ട്രീയത്തിൽ നിറഞ്ഞു പ്രവർത്തിച്ചിരുന്ന സി.രഘുനാഥ് കോൺഗ്രസ് വോട്ടുകൾ ലക്ഷ്യമിട്ടാണ് പ്രചരണമാരംഭിച്ചത്. എന്നാൽ ആറുമാസം മുൻപെ ബിജെപിയിലെത്തിയ സി.രഘുനാഥിന് സ്ഥാനാർത്ഥിത്വം നൽകിയത് പാർട്ടിയിൽ അതൃപ്തിയുണ്ടാക്കിയിരുന്നു.
ദേശീയ കൗൺസിൽ അംഗമായ സി.കെ പത്മനാഭൻ ഉൾപ്പെടെയുള്ളവർ പരസ്യമായി ഇന്നലെ വന്നവർ പാർട്ടിയിൽ മുഖ്യന്മാരാകുന്നുവെന്ന് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയും ചെയ്തു. ബിജെപിയിലെ ചില മണ്ഡലം കമ്മിറ്റിഭാരവാഹികളും തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും വിട്ടു നിന്നു. ബിജെപി കണ്ണൂർ ജില്ലാനേതൃത്വത്തിന്റെ പിൻതുണയോടെയാണ് സി.രഘുനാഥിന്റെ തെരഞ്ഞെടുപ്പ്പ്രചരണം നടന്നത്.ഇതിനിടെയിലാണ് ആർ. എസ്. എസ് കാഡർവോട്ടുകൾ പതിവുപോലെ കെ.സുധാകരന് മറിച്ചത്.കാൽലക്ഷത്തിന്റെ വോട്ടു യു.ഡി. എഫിന് മറിച്ചതയാണ് ബിജെപിയിൽ നിന്നും ലഭിക്കുന്ന വിവരം. ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന കണ്ണൂരിൽ എൻ.ഡി. എ സ്ഥാനാർത്ഥിക്ക് വിജയസാധ്യതയില്ലെന്ന് നേരത്തെ ആർ. എസ്. എസ് വിലയിരുത്തിയിരുന്നു. അതുകൊണ്ടു തന്നെ തങ്ങളുടെ മുഖ്യശത്രുവായ സി.പി. എമ്മിനെ തറപറ്റിക്കാൻ ക്രോസ് വോട്ടുചെയ്തുവെന്നാണ് വിവരം. ഇതിനായി മറ്റുതരത്തിലുള്ള ഡീലുകളൊന്നും നടന്നില്ല.
ജയിച്ചാൽ കെ.സുധാകരൻ കോൺഗ്രസ് വിട്ടു ബിജെപിയിലേക്ക് പോകുമെന്ന് സി.പി. എം സംസ്ഥാന അടിസ്ഥാനത്തിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചരണം മൃദുഹിന്ദുത്വ വോട്ടുകളും രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ വോട്ടുകളും കെ.സുധാകരന് അനുകൂലമായി മാറിയിട്ടുണ്ട്. ഇഞ്ചോടിഞ്ചു പോരാട്ടവും ഫോട്ടോ ഫിനിഷിങും പ്രതീക്ഷിക്കുന്ന കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ ഇതു കെ.സുധാകരന് മുൻതൂക്കം നൽകുമെന്ന സൂചനയാണ് പുറത്തുവരുന്നത്. കഴിഞ്ഞ തവണ 68509- വോട്ടുകളാണ് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച സി.കെ പത്മനാഭന് ലഭിച്ചത്.
2014-ൽ മത്സരിച്ച പി.സി മോഹനന് 51636വോട്ടും 2009-ൽ മത്സരിച്ച പി.പി കരുണാകരന് 27123-വോട്ടുകളും ലഭിച്ചു. ഓരോമത്സരം കഴിയുന്തോറും ബിജെപിക്ക് വോട്ട് ഷെയർ കൂടിവരുന്ന സാഹചര്യമാണ് കണ്ണൂരിൽ. അതുകൊണ്ടു തന്നെ ഇക്കുറി ഒരുലക്ഷത്തോളം വോട്ടു പിടിക്കുമെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്. കണ്ണൂരിലെ ആർ. എസ്. എസ് വോട്ടുകൾ ഇക്കുറിയും ബി. ജെ.പി കണക്കിലെടുത്തിട്ടില്ല.രാഷ്ട്രീയ സംഘർഷഭൂമിയായ കണ്ണൂരിൽ മുഖ്യശത്രുവായ സി.പി. എമ്മിനെ തോൽപിക്കുന്നതിനായി യു.ഡി. എഫിന് ക്രോസ് വോട്ടുചെയ്യുകയാണ് കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിൽ ആർ. എസ്. ചെയ്തുവന്നത്.
അതു ഇക്കുറിയും ആവർത്തിച്ചതോടെ പുതിയ വോട്ടർമാരിലും കോൺഗ്രസിൽ നിന്നും ചോർന്നുവരുന്ന വോട്ടുകളിലുമാണ് ബിജെപിയുടെ പ്രതീക്ഷ. കഴിഞ്ഞ കുറേക്കാലമായി ആർ. എസ്. എസും ബിജെപിയും തമ്മിൽ കണ്ണൂരിൽഅത്രസുഖകരമായ ബന്ധമല്ലയുള്ളത്. തെരഞ്ഞെടുപ്പിന്റെ വരവു ചെലവുകൾ നിയന്ത്രിക്കാൻ ആർ. എസ്. എസ് പ്രചാരകന്മാർ ഇടപെടുന്നത് നേരത്തെ ബിജെപി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ഇതിനു പുറമേ പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതികളെ തള്ളിപറഞ്ഞതും നിയമസഹായം നൽകാതെ ആർ. എസ്. എസ് വിട്ടുനിന്നതും ബിജെപിക്ക് ക്ഷീണം ചെയ്തിരുന്നു. ശ്രീ എമ്മിന്റെ സാന്നിധ്യത്തിൽ സി.പി. എമ്മുമായ നടന്ന ഉഭയകക്ഷി ചർച്ച പ്രകാരം രാഷ്ട്രീയ അതിക്രമങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ആർ. എസ്. എസ് തീരുമാനിച്ചിരുന്നു.
ഇതിനെ മറികടന്നുകൊണ്ടാണ് ബിജെപി തലശേരി നഗരസഭാകൗൺസിലറുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലുണ്ടായ അടിപിടിയുടെ വൈരാഗ്യത്താൽ മത്സ്യ തൊഴിലാളിയും സി.പി. എം അനുഭാവിയുമായ ഹരിദാസനെ വീട്ടുമുറ്റത്ത് നിന്നും വെട്ടിക്കൊന്നത്. ഈസംഭവത്തിൽ പ്രതികളെ സംരക്ഷിക്കുകയോ നിയമസഹായമോ നൽകാത്ത ആർ. എസ്. എസ് നടപടി ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. കണ്ണൂരിൽ ഒരുലക്ഷം വോട്ടുകൾ നേടുമെന്നാണ് ബിജെപി നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറിയ ടാർജറ്റ്. പുതിയ വോട്ടർമാരിലും കോൺഗ്രസിനുള്ള വോട്ടു ചോർച്ചയിലുമാണ്പാർട്ടിയുടെ പ്രതീക്ഷ.