ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്നാണ് അഭിപ്രായ സർവ്വേകൾ. വിജയം കോൺഗ്രസിനും അനിവാര്യം. അതിനിടെ നേതാക്കൾ തമ്മിൽ അടി തുടങ്ങുകയാണ്. പ്രചാരണത്തിനു കോൺഗ്രസ് തുടക്കം കുറിച്ചെങ്കിലും ഉൾപ്പാർട്ടി പോരുകൾ പ്രതിസന്ധിയാകും. ഇത് മുതലെടുക്കാൻ ബിജെപിയും സജീവമായുണ്ട്.

കോൺഗ്രസിനു ഭരണം ലഭിക്കുമെന്നു സർവേ ഫലങ്ങൾ കോൺഗ്രസിന് ആത്മവിശ്വാസം കൂട്ടുന്നു. ഇതോടെ മുഖ്യമന്ത്രിയാകാൻ രണ്ടും കൽപ്പിച്ച് എത്തുകയാണ് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം പറയുന്ന സിദ്ധരാമയ്യ കർണ്ണാടകയിൽ കോൺഗ്രസിന് പുതുജീവൻ നൽകിയ ഡികെ ശിവകുമാറിനെ തള്ളുകയും ചെയ്യുന്നു. ഡികെ എന്തുവന്നാലും മുഖ്യമന്ത്രിയാകില്ലെന്നാണ് സിദ്ധരാമയ്യ തുറന്നു പറയുന്നത്. രാഹുൽ ഗാന്ധി വിഷയത്തിൽ ഇടപെട്ടേക്കും.

''ഞാൻ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നു. ഡി.കെ.ശിവകുമാറും മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ മുഖ്യമന്ത്രി പദം ഡി.കെ.ശിവകുമാറിന് ഹൈക്കമാൻഡ് നൽകില്ല'' സിദ്ധരാമയ്യ പറഞ്ഞു. അവസാനമായിട്ടായിരിക്കും ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അതുകൊണ്ട് പ്രായത്തിൽ മുതിർന്നവനായ തന്നെയാകും പരിഗണിക്കുക എന്നും എഴുപത്തിയഞ്ചുകാരനായ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു. ഇത് കർണ്ണാടക കോൺഗ്രസിലെ വിഭാഗീയതയ്ക്ക് തെളിവാണ്.

ദിനേശ് ഗുണ്ട് റാവുവിനു പകരമായി 2020ലാണ് ഡി.കെ.ശിവകുമാർ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാകുന്നത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സമയത്താണ് ഏറെക്കാലമായി ശത്രുത പുലർത്തുന്ന സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും വെടിനിർത്തൽ പ്രഖ്യാപിച്ച് ഒരുമിച്ചു പ്രവർത്തിക്കാൻ തുടങ്ങിയത്. അത് ഫലം കാണുകയും ചെയ്തു. കൂടുതൽ ഊർജ്ജ സ്വലമായി പാർട്ടി മുമ്പോട്ട് പോയി. ഇതിനിടെയാണ് സർവ്വേ ഫലം കോൺഗ്രസിന് അനുകൂലമായത്. ഇതോടെയാണ് മുഖ്യമന്ത്രിയാകാനുള്ള സിദ്ധരാമയ്യയുടെ പ്രഖ്യാപനം എത്തിയത്.

കർണ്ണാടകയിൽ കോൺഗ്രസ് ഇതിനകം പകുതിയോളം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും ഇനിയുള്ള സ്ഥാനാർത്ഥി നിർണയം പോലും പ്രതിസന്ധിയിലാണ്. ആര് മുഖ്യമന്ത്രി ആകണമെന്നതിനെ ആശ്രയിച്ചാണ് പല സ്ഥാനാർത്ഥിത്വവും. സിദ്ധരാമയ്യയേയും ശിവകുമാറിനേയും ഒരുമിച്ചു കൊണ്ടുപോകേണ്ടത് ഹൈക്കമാൻഡിനു വലിയ ബാധ്യതയായിരിക്കുകയാണ്.

മെയ്‌ പത്തിനാണ് കർണാടകയിൽ തിരഞ്ഞെടുപ്പ്. മെയ്‌ 13ന് ഫലപ്രഖ്യാപനം നടത്തും. ബിജെപി ഭരണം നിലനിർത്താൻ അരയും തലയും മുറുക്കി രംഗത്തുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പ്രചരണം നയിക്കും.