ബംഗളുരു: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതോടെ തെരഞ്ഞെടുപ്പ് പ്രചരണവും മുറുകുകയാണ്. ഇക്കുറി കോൺഗ്രസിന് ഏറെ പ്രതീക്ഷയുള്ളത് കർണാടകത്തിലും തെലുങ്കാനയിലുമാണ്. രണ്ടിടത്തും കോൺഗ്രസ് അധികാരത്തിലാണ്. കർണാടകത്തിൽ ബിജെപിക്കും പ്രതീക്ഷകളുണ്ട്. ഇതിനിടെ ശ്കതമായ മത്സരമാണ് ഇക്കുറി നടക്കുന്നതെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. ഇവിടെ രാഷ്ട്രീയ വിഷയങ്ങളും മാറി മറിയുകയാണ്.

മുൻ സഹപാഠിയുടെ കുത്തേറ്റ് കോൺഗ്രസ് നേതാവിന്റെ മകൾ മരിച്ച സംഭവത്തിൽ ഭരണകക്ഷിയായ കോൺഗ്രസും ബിജെപിയും തമ്മിൽ രാഷ്ട്രീയ പോര് ഉടലെടുത്തിരിക്കയാണ്. കൊലയാളിയായ യുവാവിന്റെ മതം ചർച്ചയാക്കി ലൗ ജിഹാദ് ആരോപണവുമായി രംഗത്തുവന്നിരിക്കയാണ് ബിജെപി. ഇതോടെ ഈ വിഷയം കൂടുതൽ ശക്തമായി ഉന്നയിക്കാനാണ് ബിജെപിയുടെ ശ്രമം. ലോകസഭാ തെരഞ്ഞെടുപ്പിൽ വിഷയം കർണാടകത്തിൽ ഇപ്പോൾ സജീവമായിരിക്കയാണ്.

കോൺഗ്രസ് നേതാവ് നിരഞ്ജൻ ഹിരെമത്തിന്റെ മകൾ നേഹ ഹിരെമത്തിനെ(23) സഹപാഠി കുത്തി കൊലപ്പെടുത്തിയത് ലൗ ജിഹാദിന്റെ പേരിലാണെന്ന ആരോപണവുമായി കോളേജിലെ വിദ്യാർത്ഥിസംഘടനയായ എ.ബി.വി.പി രംഗത്തെത്തി. ഇത് ഏറ്റുപിടിച്ചു ബിജെപി കേന്ദ്ര നേതൃത്വവും രംഗത്തെത്തി. അതേസമയം വ്യക്തിപരമായ കാരണങ്ങളാണ് ആക്രമത്തിലേക്ക് നയിച്ചതെന്ന് കർണാടക കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തെ ക്രമസമാധനം തകർക്കുന്ന സംഭവമാണിതെന്നും അക്രമിക്ക് കഠിനശിക്ഷ നൽകണമെന്നും എ.ബി.വി.പി ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നിൽ ലൗ ജിഹാദാണെന്ന് കേന്ദ്ര പാർലമെന്റ്കാര്യ മന്ത്രിയും ബിജെപിയുടെ ധാർവാഡ് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥിയുമായ പ്രഹ്ലാദ് ജോഷി ആരോപിച്ചു. ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയം മുഖ്യമന്ത്രി സിദ്ധരാമയ്യ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇരുവരും ഇഷ്ടത്തിലായിരുന്നെന്നും പ്രണയത്തിൽ നിന്ന് പെൺകുട്ടി വിട്ടുനിന്നപ്പോൾ പ്രകോപിതനായ യുവാവ് കുത്തികൊല്ലുകയായിരുന്നെന്നും കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വവര പ്രതികരിച്ചു. സംഭവത്തിന് പിന്നിൽ ലൗ ജിഹാദുള്ളതായി കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമിത്തിലേക്ക് നയിച്ചത് വ്യക്തിപരമായ കാരണങ്ങളാണെന്നും സംസ്ഥാനത്തെ ക്രമസമാധാനം നല്ല രീതിയിലാണ് പോകുന്നതെന്നും മുഖ്യ മന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു.

കർണാടകയിൽ ഗവർണർ ഭരണം കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാറും ആരോപിച്ചു. കൊലപാതകം ലൗ ജിഹാദിന്റെ ഭാഗമാണെന്ന് നേഹയുടെ അച്ഛനും കോൺഗ്രസ് നേതാവുമായ നിരഞ്ജൻ ഹിരെമത്തിന്റെ നിലപാടാണിപ്പോൾ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലായിരിക്കുന്നത്. കുറച്ചുനാളുകളായി മകളെ അപകടപ്പെടുത്താൻ അക്രമിസംഘം തയ്യാറെടുക്കുകയായിരുന്നെന്നും ഹിരെമന്ത് പറഞ്ഞു. ഇതിനിടെ, വലതുപക്ഷ സംഘടനകളുടെ വലിയ പ്രതിഷേധങ്ങൾ ഹുബ്ബള്ളിലും ഫയാസിന്റെ ജന്മനാടായ മുനവള്ളിയിലും നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

കർണാടകയിലെ ബി.വി.ബി കോളേജിൽ ഒന്നാം വർഷ എം.സി.എ വിദ്യാർത്ഥിയായിരുന്നു നേഹ. ബി.സി.എ പഠിക്കുമ്പോൾ നേഹയുടെ സഹപാഠിയായിരുന്ന ഫയാസ് ഖൊഡുനായിക് നേഹയെ കോളേജ് കാംപസിൽ കയറി കുത്തി കൊലപ്പെടുത്തുകയായിരുന്നു. വ്യാഴാഴ്ച കോളേജിനുള്ളിൽ കയറി അക്രമിച്ച ഫയാസ്, നേഹയുടെ ശരീരത്തിൽ ആറു തവണ കത്തികൊണ്ട് കുത്തി. കുത്തേറ്റ നേഹ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. അക്രമത്തിനിടെ പരിക്കേറ്റ ഫയാസ് ചികിത്സയിലാണ്. പ്രണയാഭ്യർഥനയുമായി ഫയാസ് പലതവണ നേഹയെ സമീപിച്ചെങ്കിലും നിരസിക്കപ്പെട്ടതോടെ, ക്യാംപസിലേക്കു കത്തിയുമായെത്തിയ ഇയാൾ നേഹയെ കുത്തിവീഴ്‌ത്തുകയായിരുന്നു.