- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസിന്റെ പടയോട്ടത്തിലും അടിതെറ്റി ഷെട്ടാർ; അച്ഛനും അമ്മയും ജയിച്ച മണ്ഡലത്തിൽ മൂക്കുകുത്തി മകൻ നിഖിൽ; ബെല്ലാരയിയിൽ ശ്രീരാമുലുവിന് രക്ഷയില്ല; ദേശീയ സെക്രട്ടറി സി.ടി. രവി തോറ്റത് ബിജെപിക്ക് മായാത്ത നാണക്കേട്
ബെംഗളൂരു: കർണാടകയിൽ അധികാരം തിരിച്ചുപിടിച്ചുള്ള കോൺഗ്രസിന്റെ പടയോട്ടത്തിൽ അടിതെറ്റിയവരിൽ ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖരും. ബിജെപി. ദേശീയ ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ സി.ടി. രവിക്ക് ചിക്കമംഗളൂരുവിൽ ദയനീയ തോൽവിയാണ് നേരിടേണ്ടി വന്നത്. 2004 മുതൽ ചിക്കമംഗളൂരു എംഎൽഎ.യായിരുന്ന സി.ടി. രവിക്ക് 19 വർഷത്തിന് ശേഷമാണ് മണ്ഡലം കൈവിട്ടത്.
മുൻ ബിജെപി. നേതാവായ എച്ച്.ഡി. തമയ്യയാണ് ബിജെപി. ദേശീയ നേതാവിനെതിരേ അട്ടിമറി ജയം നേടിയത്. സി.ടി. രവിയുടെ അടുത്ത അനുയായി കൂടിയായിരുന്ന തമ്മയ്യ, ഇത്തവണ കോൺഗ്രസ് ടിക്കറ്റിൽ ചിക്കമംഗളൂരുവിൽനിന്ന് ജനവിധി തേടുകയായിരുന്നു.
19 വർഷം കൈവശംവെച്ച മണ്ഡലം പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി.ടി.രവിക്ക് നഷ്ടമായത്. ബിജെപി. കോട്ടയായ ചിക്കമംഗളൂരുവിൽ ലിംഗായത്ത് വിഭാഗത്തിൽപ്പെട്ട തമ്മയ്യയെ രംഗത്തിറക്കി കനത്ത മത്സരമാണ് കോൺഗ്രസ് കാഴ്ചവെച്ചത്. ഒടുവിൽ ഫലംപുറത്തുവന്നപ്പോൾ വിജയവും കോൺഗ്രസിനൊപ്പമായിരുന്നു.
ദേശീയതലത്തിൽ നിർണായക സ്വാധീനമുള്ള കർണാടകയിൽനിന്നുള്ള ബിജെപി. നേതാവാണ് സി.ടി. രവി. ദേശീയ സെക്രട്ടറിയുടെ തോൽവി പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തെയും ഞെട്ടിച്ചിരിക്കുകയാണ്. വിമതർ ബിജെപിക്ക് വരുത്തിവച്ച കനത്ത ആഘാതങങ്ങളിൽ ഒന്നാണ് ചിക്കമംഗളൂരുവിലേത്.
നേരത്തെ കോൺഗ്രസിന് ശക്തമായ വേരോട്ടമുണ്ടായിരുന്ന മണ്ഡലമായിരുന്നു ചിക്കമംഗളൂരു. 1978-ലെ ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മത്സരിച്ചതോടെ ചിക്കമംഗളൂരു ദേശീയരാഷ്ട്രീയത്തിലും ശ്രദ്ധനേടിയിരുന്നു. 1989 മുതൽ കോൺഗ്രസ് നേതാവായ സഗീർ അഹമ്മദായിരുന്നു ചിക്കമംഗളൂരു മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്.
1999 വരെ കോൺഗ്രസിനൊപ്പംനിന്ന മണ്ഡലം പിന്നീട് സി.ടി.രവിയിലൂടെ ബിജെപി. പിടിച്ചെടുക്കുകയായിരുന്നു. 2004 മുതൽ 2018 വരെയുള്ള തിരഞ്ഞെടുപ്പുകളിൽ സി.ടി. രവി വിജയിച്ചു. എന്നാൽ 19 വർഷത്തിന് ശേഷം ബിജെപി. ദേശീയനേതാവിന് സ്വന്തം മണ്ഡലത്തിൽ അടിപതറുകയായിരുന്നു.
നിലവിൽ മന്ത്രിയായ വാത്മീകി സമുദായത്തിൽ നിന്നുള്ള പ്രബല നേതാവ് ബി. ശ്രീരാമുലു സ്വന്തം നാടായ ബെല്ലാരയിയിൽ തോറ്റു. കഴിഞ്ഞ തവണ ജയിച്ച മുളകൽമുരുവിൽ നിന്നാണ് മാറിയാണ് അദ്ദേഹം ബെല്ലാരിയിൽ ജനവിധി തേടിയത്. കോൺഗ്രസിലെ ബി. നഗേന്ദ്രയാണ് ഇവിടെ വിജയിച്ചത്.
ആം ആദ്മി പാർട്ടി വഴി തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയിലെത്തിയ മുൻ ബംഗളൂരു പൊലീസ് കമ്മിഷണർ ഭാസ്‌കർ റാവു കോൺഗ്രസിലെ സമീർ അഹമ്മദിനോട് ചാമരാജപെട്ടിൽ പരാജയപ്പെട്ടു.
വലിയ വിജയത്തിനിടയിലും ബിജെപിയിൽ നിന്ന് കോൺഗ്രസിലെത്തിച്ച മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ പരാജയപ്പെട്ടു. മുൻ മുഖ്യമന്ത്രിയും സംസ്ഥാനത്തെ മുതിർന്ന ബിജെപി. നേതാവുമായിരുന്ന ജഗദീഷ് ഷെട്ടാർ ഇത്തവണ തനിക്ക് സീറ്റ് നിഷേധിച്ചതോടെയാണ് ബിജെപി. വിട്ട് കോൺഗ്രസിലെത്തിയത്. എന്നാൽ ഹുബ്ബള്ളി- ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ജഗദീഷ് ഷെട്ടാർ ബിജെപി. സ്ഥാനാർത്ഥിയായ മഹേഷ് തെങ്കിനക്കൈയോട് ദയനീയമായി പരാജയപ്പെടുകയായിരുന്നു.
കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയാഗാന്ധി പങ്കെടുത്ത ഒരേയൊരു തിരഞ്ഞെടുപ്പ് റാലി ഷെട്ടാറിന്റേതായിരുന്നു എന്നതും ശ്രദ്ധേയമാണ്. ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള നേതാവായതിനാൽ പരാജയപ്പെട്ട അദ്ദേഹത്തെ അങ്ങനെ പരിഗണിക്കുന്നുവെന്നത് കൂടി കോൺഗ്രസിനെ സംബന്ധിച്ച് നിർണ്ണായകമാണ്.
എച്ച്.ഡി. കുമാരസ്വാമിയുടെ പിൻഗാമിയായി അവതരിപ്പിക്കപ്പെട്ട നിഖിൽ സുമാരസ്വാമി രാമനഗരയിൽ പരാജയപ്പെട്ടു. കഴിഞ്ഞ തവണ പരാജയപ്പെട്ട എച്ച്.എ. ഇക്‌ബാൽ ഹുസൈനെയാണ് കോൺഗ്രസ് വീണ്ടും രംഗത്തിറക്കിയത്. എച്ച്.ഡി. ദേവഗൗഡയും തന്റെ പിതാവ് കുമാരസ്വാമിയും അമ്മ അനിത കുമാരസ്വാമിയും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചുകയറിയ മണ്ഡലത്തിലാണ് നിഖിലിന്റെ തോൽവി.
സിനിമ നടനും യുവ ജനതാദൾ അധ്യക്ഷനുമായ നിഖിൽ കുമാരസ്വാമിയുടെ നിയമസഭയിലേക്കുള്ള കന്നിയങ്കമായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ നിന്നും നിഖിൽ പരാജയപ്പെട്ടിരുന്നു.
കർണാടകയിലെ മുൻ വ്യവസായമന്ത്രി ജി. ജനാർദ്ദന റെഡ്ഡിയുടെ ഭാര്യയും ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച് അദ്ദേഹം രൂപീകരിച്ച കല്യാണ രാജ്യപ്രഗതി പക്ഷ പാർട്ടി സ്ഥാനാർത്ഥിയുമായ ഗലി ലക്ഷ്മി അരുണയാണ് പരാജയപ്പെട്ടൊരു മറ്റൊരു പ്രമുഖ. ജി. ജനാർദ്ദന റെഡ്ഡി ഗംഗാവതിയിൽ ജയിച്ചപ്പോഴാണ് ഭാര്യയുടെ പരാജയമെന്നതും ശ്രദ്ധേയമാണ്. ബെല്ലാരി സിറ്റിയിൽ കോൺഗ്രസിലെ നാര ഭാരത് റെഡ്ഡിയോടാണ് അവർ പരാജയപ്പെട്ടത്.
മറുനാടന് മലയാളി ബ്യൂറോ