- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത മുഖ്യമന്ത്രി സിദ്ധരാമയ്യ ആകണം; ചെറുപ്പക്കാർക്ക് കൂടുതലിഷ്ടം ബസവരാജ ബൊമ്മെയെ; ഏറ്റവും കൂടുതൽ അഴിമതിയും സ്വജനപക്ഷപാതവും കാട്ടുന്ന പാർട്ടി ബിജെപി; വോക്കിലിഗകൾ കോൺഗ്രസിനും ജെഡിഎസിനും ഒപ്പം നിൽക്കുമ്പോൾ ലിംഗായത്തുകളുടെ കൂറ് ബിജെപിയോട് തന്നെ; കർണാടകയിൽ ഏറ്റവും പുതിയ ജനകീയ സർവേ ഫലങ്ങൾ ആർക്ക് അനുകൂലം?
ബെംഗളൂരു: കർണാടകത്തിലെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്? എൻഡി ടിവിയും, ലോക്നീതി സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസുമായി ചേർന്ന നടത്തിയ പ്രത്യേക സർവേയിലാണ് ജനാഭിലാഷം തെളിഞ്ഞത്. മെയ് 10 ന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി വിവിധ വിഷയങ്ങളിൽ ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞു. അതിലൊന്നായിരുന്നു ആരാണ് അടുത്ത മുഖ്യമന്ത്രി ആകേണ്ടത് എന്ന്. കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയാണ് ജനപ്രീതിയിൽ ഒന്നാമൻ. മുഖ്യമന്ത്രി ബസവരാജ ബൊമ്മെയോട് യുവ വോട്ടർമാർക്ക് താൽപര്യമുണ്ട്. ജെഡിഎസിന്റെ എച്ച് ഡി കുമാരസ്വാമി മൂന്നാമത് എത്തിയപ്പോൾ കോൺഗ്രസിന്റെ ഡി കെ ശിവകുമാർ നാലാമതായി. ബിജെപിയുടെ മുതിർന്ന നേതാവ് ബി എസ് യെദിയൂരപ്പ അഞ്ചാം സ്ഥാനത്താണ് എത്തിയത് എന്നതും അദ്ഭുതകരമായി. യെദിയൂരപ്പ ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല എന്നതും കാരണമാവാം.
സർവേയിൽ പങ്കെടുത്ത 18നും 25നുമിടെ പ്രായമുള്ളവരിൽ 40 ശതമാനവും സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടവരാണ്. 28 ശതമാനമാണ് ബൊമ്മൈയെ പിന്തുണച്ചത്. 56 വയസിനു മുകളിലുള്ളവരിൽ 44 ശതമാനവും സിദ്ധരാമയ്യയെയാണ് തെരഞ്ഞെടുത്തത്. ആ വിഭാഗത്തിൽ 22 ശതമാനം ആളുകളാണ് ബൊമ്മൈയെ പിന്തുണച്ചത്.
ആളുകൾ വോട്ടുചെയ്യുമ്പോൾ മുഖ്യമന്ത്രി സ്ഥാനാർത്ഥി എത്രമാത്രം പ്രാധാന്യമുണ്ട്? സർവേ പ്രകാരം ഭൂരിപക്ഷം പേരും പാർട്ടിക്കാണ്(56%) വോട്ടു ചെയ്യുന്നത്. 38 ശതമാനം പേരാണ് സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യുന്നത്. നാല് ശതമാനം പേർ മാത്രമാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന് നോക്കി വോട്ടുകുത്തുന്നത്. കോൺഗ്രസിന്റൈയും ജെഡിഎസിന്റെയും വോട്ടർമാരാണ് പാർട്ടിയെ വലിയ ഘടകമായി കണക്കാക്കുന്നത്. ബിജെപി വോട്ടർമാരിൽ ഇക്കാര്യത്തിൽ ഭിന്നതയുണ്ട്.
ഏറ്റവും കൂടുതൽ അഴിമതി നടത്തുന്ന പാർട്ടി
കർണാടകയിലെ കാര്യമെടുത്താൽ ബിജെപിയാണ് ഏറ്റവും അഴിമതി നടത്തുന്ന പാർട്ടിയെന്ന് സർവേയിലെ അഭിപ്രായം. 59 ശതമാനം പേരും ഭരണകക്ഷിയെയാണ് അഴിമതിക്ക് പഴിക്കുന്നത്. കോൺഗ്രസ്(35%), ജെ ഡി എസ് (3%). കുടുംബ വാഴ്ച രാഷ്ട്രീയത്തിന് എതിരെ ദേശവ്യാപക പ്രചാരണം നടത്തുന്ന ബിജെപിയാണ് കൂടുതൽ സ്വജനപക്ഷപാതം കാട്ടുന്നത്(59% പേർ). കോൺഗ്രസ് (30%), ജെ ഡിഎസ് (8%).
വിഭാഗീയതയും കൂടുതൽ ബിജെപിയിലാണ്.(55% പേർ) . കോൺഗ്രസ് -30%, ജെഡിഎസ്-12%. കർണാടകയിൽ വികസനമുണ്ടാകാൻ കോൺഗ്രസ് തന്നെ ഭരിക്കണമെന്ന് 47 ശതമാനം പേരും ബിജെപി വേണമെന്ന് 37 ശതമാനവും ജെഡിഎസിനായി 14 ശതമാനം പേരും പറഞ്ഞു. സാമുദായിക സൗഹാർദ്ദം നിലനിർത്താനും കോൺഗ്രസാണ് വരേണ്ടത്.(49%). ബിജെപി -34%, ജെഡിഎസ്-14%.
ജാതി-സമുദായ വോട്ടുകൾ
വോക്കലിഗകൾ കോൺഗ്രസിനും(34%) ജെഡിഎസിനും (36%) ഒപ്പം നിൽക്കും. ലിംഗായത്തുകൾ ബിജെപിക്ക് ഒപ്പം ഉറച്ചുനിൽക്കും(67%). മുസ്ലീങ്ങൾക്ക്(59%) കോൺഗ്രസിനോട് ആണ് ചായ് വ്. ബിജെപിയെ പരമ്പരാഗതമായി പിന്തുണയ്ക്കുന്ന ലിംഗായത്തുകൾക്കും വോക്കലിഗകൾക്കും പിന്നോക്ക സംവരണക്വാട്ട 7 ശതമാനമായും, ആറ് ശതമാനമായും കർണാടക സർക്കാർ ഉയർത്തിയിരുന്നു. മുസ്ലീങ്ങളുടെ 4 ശതമാനം സംവരണം എടുത്തുകളഞ്ഞുകൊണ്ടുള്ള ഈ തീരുമാനം ഇപ്പോൾ കോടതിയിലാണ്.
സർക്കാർ വിരുദ്ധ വികാരം
കർണാടകയിൽ സർക്കാർ വിരുദ്ധ വികാരം നിലനിൽക്കുന്നത് ദരിദ്രവിഭാഗങ്ങൾക്കിടയിലും, താഴ്ന്ന മധ്യവർഗ്ഗക്കാരിലും, ഗ്രാമീണ വോട്ടർമാരിലുമാണ്. ദരിദ്രർക്കിടയിൽ കോൺഗ്രസിനാണ് ജനപ്രീതി(50%). ബിജെപി-23% മാത്രം. എന്നാൽ, സാമ്പത്തികമായി മെച്ചപ്പെട്ടവർക്കിടയിൽ ബിജപിക്കാണ് ജനപ്രീതി(46%). കോൺഗ്രസ്-31%.
ജനങ്ങളിലേക്ക് കൂടുതൽ എത്തിയ പാർട്ടി
ഇക്കാര്യത്തിൽ ബിജെപിയാണ് കോൺഗ്രസിനേക്കാളും ജെഡിഎസിനേക്കാളും അൽപ്പം മുന്നിൽ.രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ബിജെപിയുടെ വികാസ് സങ്കൽപ്പ് യാത്രയേക്കാളും ജെഡിഎസിന്റെ പഞ്ചരത്ന രഥയാത്രയേക്കാളും ജനശ്രദ്ധ പിടിച്ചുപറ്റി. എന്നാൽ, യാത്രയിലെ ജനകീയ പങ്കാളിത്തത്തിൽ ബിജെപിയും ജെ ഡി എസുമാണ് മുന്നിലെന്ന് സർവേ പറയുന്നു.
അഴിമതിയല്ല മുഖ്യപ്രശ്നം
ബിജെപിയെ 40 ശതമാനം കമ്മീഷൻ പാർട്ടിയെന്നതാണ് കോൺഗ്രസിന്റെ മുഖ്യപ്രചാരണ വാക്യമെങ്കിലും, സർവേയിൽ പങ്കെടുത്ത ആറുശതമാനം പേർ മാത്രമാണ് അത് കാര്യമായിട്ട് എടുക്കുന്നത്. എന്നാൽ, കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് അഴിമതി കൂടിയെന്ന് പകുതിയിലേറെ പേരും ശരിവച്ചു. അഴ്ിമതി കൂടിയെന്ന് 51 പേരും പഴയതുപോലെ തന്നെയെന്ന് 35 ശതമാനം പേരും, കുറഞ്ഞുവെന്ന് 11 ശതമാനം പേരും പ്രതികരിച്ചു. അതേസമയം, തൊഴിലില്ലായ്മയാണ് തിരഞ്ഞെടുപ്പിൽ ആളുകളെ അലട്ടുന്ന മുഖ്യപ്രശ്നം. ദാരിദ്ര്യവും, വികസനവും, വിലക്കയറ്റവും വിദ്യാഭ്യാസവും, അഴിമതിയുമൊക്കെ അതിന് പിന്നിലാണ്.
മെയ് 13 നാണ് കർണാടകയിലെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്.