- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലീഡ് നിലയിൽ കേവല ഭൂരിപക്ഷവും കടന്ന് കോൺഗ്രസ്; ബിജെപി ക്യാമ്പിൽ നിരാശ; പിടിച്ചു നിന്ന് ജെഡിഎസും; ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് ആഘോഷം തുടങ്ങി പ്രവർത്തകർ; കർണാടക വീണ്ടും കൈ പിടിക്കുമെന്ന വിധത്തിൽ കുതിപ്പിൽ; തെരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോൾ ആകാംക്ഷയിൽ രാജ്യം
ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ എക്‌സിറ്റ് പോൾ ഫലങ്ങളെ ശരിവെക്കുന്ന വിധത്തിൽ കോൺഗ്രസിന്റെ മുന്നേറ്റം. ലീഡ് നിലയിൽ കേവല ഭൂരിപക്ഷവും കടന്നാണ് കോൺഗ്രസിന്റെ കുതിപ്പ്. തപാൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. ഈ ഘട്ടത്തിൽ തന്നെ കോൺഗ്രസ് മുന്നിലായിരുന്നു. പിന്നാലെ നൂറ് കടന്ന് ലീഡെടുത്ത് കോൺഗ്രസ് മുന്നിലെത്തി. ബംഗളുരു നഗരമേഖലയിൽ കോൺഗ്രസ് മുൻതൂക്കം നേടിയെന്നാണ് റിപ്പോർട്ടുകൾ. തീരമേഖലയിൽ ബിജെപിയുടെ മുന്നേറ്റം പ്രകടമാകുമ്പോൾ മൈസൂർ മേഖലയിൽ ജെഡിഎസ് മേഖലകളിലും കോൺഗ്രസിന്റെ കടന്നുകയറ്റവുമുണ്ട്.
കോൺഗ്രസ് നൂറിൽ കൂടുതൽ സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഇതോടെ ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് ആഘോഷം തുടങ്ങി. വരുണയിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും കനകപുരിയിൽ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറും മുന്നിലാണ്. അതേസമയം ചന്നപട്ടണത്ത് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമിയും ഹുബ്ബള്ളിധാർവാഡ് മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും ആദ്യം പിന്നിലായിരുന്നെങ്കിലും പിന്നീട് ലീഡ് ഉയർത്തി.
ഇപ്പോഴത്തെ നില ഇങ്ങനെയാണ്:
കോൺഗ്രസ് - 116
ബിജെപി - 79
ജെഡിഎസ് -25
ഡി.കെ ശിവകുമാറും സിദ്ധരാമയ്യയും മുന്നിൽ
സംസ്ഥാനത്ത് കോൺഗ്രസിന്റെ കിങ് മേക്കർമാരായ ഡി.കെ ശിവകുമാറും സിദ്ധരാമയ്യയും മുന്നേറുകയാണ്. പോസ്റ്റൽ വോട്ട് എണ്ണി തുടങ്ങിയപ്പോൾ മുതൽ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും ലീഡ് നിലനിർത്തി. കനകപുരയിൽ നിന്നാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ ജനവിധി തേടുന്നത്. ഏഴ് തവണ എംഎൽഎയായ ശിവകുമാറിനെ 2008 മുതൽ തുണച്ച മണ്ഡലമാണിത്. ആർ.അശോകാണ് ഇവിടുത്തെ ബിജെപി സ്ഥാനാർത്ഥി.
വരുണയിൽ നിന്നും മത്സരിക്കുന്ന പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും മുന്നിലാണ്. തന്റെ അവസാന തെരഞ്ഞെടുപ്പാണിതെന്ന് സിദ്ധരാമയ്യ നേരത്തെ പറഞ്ഞിരുന്നു. സിദ്ധരാമയ്യക്കെതിരെ ബിജെപിയിലെ ഏറ്റവും കരുത്തരായ സ്ഥാനാർത്ഥികളിലൊരാളായ മന്ത്രി സോമണ്ണയാണ് എതിരാളി
അതേസമയം, സർക്കാർ രൂപീകരിക്കുമെന്ന പ്രത്യാശ ബിജെപി കൈവിടുന്നില്ല. കർണാടകയിൽ സർക്കാർ രൂപീകരിക്കുമെന്ന് പാർട്ടി വക്താവ് സയിദ് സാഫർ പറഞ്ഞു. തങ്ങൾ ഏറ്റവും വലിയ ഒറ്റക്കക്ഷിയായില്ലെങ്കിലും സർക്കാർ രൂപവത്കരിക്കുമെന്ന് ബിജെപി നേതാവും സംസ്ഥാന റവന്യൂ മന്ത്രിയുമായ ആർ. അശോക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 'സർക്കാർ രൂപവത്കരണമാണ് ഞങ്ങളുടെ ലക്ഷ്യം... എങ്ങനെ, എന്ത് എന്നൊന്നും ചോദിക്കരുത്. ഞങ്ങൾ തീർച്ചയായും വിജയിക്കുകയും ഭൂരിപക്ഷം നേടുകയും ചെയ്യും. ഭൂരിപക്ഷം കിട്ടാതെ തൂക്കുസഭയാണെങ്കിലും ഞങ്ങൾ സർക്കാർ രൂപവത്കരിക്കും'' -അശോക് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കർണാടകയിൽ ബിജെപി സർക്കാർ വരുമെന്ന് തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് അശോക് കൂട്ടിച്ചേർത്തു. ''ഞങ്ങൾ സർക്കാർ രൂപവത്കരിക്കും. ഇനി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായാൽ പോലും അവർക്ക് ഭൂരിപക്ഷം ലഭിക്കില്ല. അതിനാൽ ബാക്കിയുള്ള എംഎൽഎമാരുടെയും കേന്ദ്രസർക്കാറിന്റെയും സഹായത്തോടെ ബിജെപി ഭരണത്തലേറും' - അദ്ദേഹം പറഞ്ഞു.
#WATCH | Celebrations underway at national headquarters of Congress party in New Delhi as counting of votes gets underway for #KarnatakaPolls. pic.twitter.com/e0eGObhLh3
- ANI (@ANI) May 13, 2023
'ബിജെപിക്ക് മാത്രമേ സ്ഥിരതയുള്ള സർക്കാർ നൽകാൻ കഴിയൂ എന്ന് എല്ലാ എംഎൽഎമാർക്കും അറിയാം. കാരണം, 2018 ൽ രൂപീകരിച്ച കോൺഗ്രസ്-ജെഡി (എസ്) സർക്കാർ ഒരു വർഷത്തിനുള്ളിൽ തകർന്നു. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുമെന്നതിൽ ആർക്കും സംശയമില്ല. അതുപോലെ, കർണാടകയിൽ സ്ഥിരതയുള്ള സർക്കാർ ഉറപ്പാക്കാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്ന കാര്യത്തിലും എല്ലാ ജനപ്രതിനിധികൾക്കും സംശയമില്ല. ഇത് ഞങ്ങൾക്ക് ഒരു പ്ലസ് പോയിന്റായിരിക്കും'' അദ്ദേഹം പറഞ്ഞിരുന്നു.
മറുനാടന് ഡെസ്ക്