ന്യൂഡൽഹി: കർണാടകത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി കോൺഗ്രസ് കുതിക്കുകയാണ്. സിദ്ധരാമയ്യയെ മുന്നിൽ നിർത്തി ഡി കെ ശിവകുമാർ കടിഞ്ഞാൺ കൈയിലെടുത്തു നടത്തിയ പ്രചരണം വിജയവഴിയിവേക്ക് നീങ്ങുകയാണ്. പ്രാദേശികമായി നേതാവില്ലാതെ മോദി പ്രഭാവത്തെ ആശ്രയിച്ച ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാനും സാധിച്ചില്ല. തെരഞ്ഞടുപ്പ് ഫലം പുറത്തേക്കു വരുമ്പോൾ ബിജെപി താമര കർണാടകത്തിൽ വാടുകയാണ്. 25 സീറ്റുകളിൽ നിർണായക പോരാട്ടം നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അന്തിമ ഫലത്തിലേക്ക് കടക്കാൻ ഇനിയും സമയമെടുക്കും.

കർണാടകയിൽ ഡികെ ശിവകുമാറിന്റെ മാജിക് ഫലം കണ്ടുവെന്നാണ് ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതുവരെ 117 സീറ്റുകളുടെ ലീഡാണ് കോൺഗ്രസിന് ലഭിച്ചിരിക്കുന്നത്. എന്നാൽ 76 സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 24 സീറ്റുകളുടെ ലീഡ് നിലയാണ് ജെഡിഎസിനുള്ളത്. 224 സീറ്റുകളുള്ള സംസ്ഥാനത്ത് 113 സീറ്റിന്റെ കേവല ഭൂരിപക്ഷമാണ് ലഭിക്കേണ്ടത്.

കർണാടകയിൽ ഒറ്റക്ക് സർക്കാർ ഉണ്ടാക്കുമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.ജെഡിഎസിന്റെ പിന്തുണ വേണ്ട. ഇത് കൂട്ടായ്മയുടെ വിജയമാണ് .സംസ്ഥാന നേതൃത്വത്തിനും തുല്യ പങ്കുണ്ട്..പ്രചാരണ സമയത്ത് ബിജെപിയുടെ മുഖം മോദിയുടേതായിരുന്നു.പരാജയം നദ്ദയുടെ തലയിൽ കെട്ടി വയ്ക്കുന്നു.കോൺഗ്രസിന് വരും തെരഞ്ഞെടുപ്പുകൾക്കുള്ള ബൂസ്റ്റർ ഡോസാണ് കർണാടകയിലെ ഫലമെന്നും പവൻ ഖേര പറഞ്ഞു.ജെഡിഎസുമായി സംസാരിക്കാൻ തയ്യാറെന്നും കോൺഗ്രസ് വ്യക്തമാക്കി.

2018ൽ 74 സീറ്റുകളിൽ 10,000-ത്തിൽ താഴെ ഭൂരിപക്ഷമായിരുന്നു വിജയിച്ച സ്ഥാനാർത്ഥിക്ക് കിട്ടിയത്. ഇതിൽ കോൺഗ്രസ് 37, ബിജെപി 27, ജെഡിഎസ് 10. ആയിരം വോട്ടിന് താഴെ ഭൂരിപക്ഷം വന്ന 5 സീറ്റുകൾ - മസ്‌കി, പാവ്ഗദ, ഹിരേകേരൂർ, കുണ്ട്‌ഗോൽ, അലന്ദ്. 24 സീറ്റുകൾ 5000-ത്തിന് താഴെ ഭൂരിപക്ഷത്തിൽ ജയിച്ചവർ, ഇതിൽ 18-ഉം കോൺഗ്രസ്. 104 സീറ്റുകൾ ബിജെപിക്ക്. ഇതിൽ 77 പേർക്കും പതിനായിരത്തിൽ കൂടുതൽ ഭൂരിപക്ഷമുണ്ട്. കോൺഗ്രസ് ജയിച്ച 80-ൽ 42- പേർക്കും പതിനായിരത്തിൽ കൂടുതൽ ഭൂരിപക്ഷമുണ്ട്.

ദക്ഷിണകന്നഡയിൽ മലയാളിയും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ യു.ടി ഖാദർ ഫരീദ് മുന്നിൽ. മംഗളൂരു മണ്ഡലത്തിൽ നിന്നാണ് ഫരീദ് ജനവിധി തേടുന്നത്. മംഗളൂരു മണ്ഡലത്തിൽ നിന്ന് നാല് തവണ തെരഞ്ഞെടുക്കപ്പെട്ട യു.ടി ഖാദർ തീരദേശ കർണാടക മേഖലയിൽ കോൺഗ്രസിന്റെ ശക്തമായ സാന്നിധ്യവും നേതാവുമാണ്.

അഞ്ചാം തവണയും ജനവിധി തേടുന്ന ഖാദറിന് ബിജെപിയും എസ്.ഡി.പി.ഐയുമൊക്കെയാണ് വെല്ലുവിളിയുയർത്തിയത്. ബിജെപിയുടെ സതീഷ് കുമ്പള, എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി റിയാസ് ഫറങ്കിപ്പേട്ട് എന്നിവരാണ് അദ്ദേഹത്തിന്റെ എതിർ സ്ഥാനാർതികൾ. ഒടുവിലത്തെ റിപ്പോർട്ടുകൾ പ്രകാരം യു.ടി ഖാദർ 19204 വോട്ടുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള ബിജെപി സ്ഥാനാർത്ഥി നേടിയത് 9981 വോട്ടുകളാണ്. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.

കോൺഗ്രസിന്റെ ലീഡ് നില കേവല ഭൂരിപക്ഷം കടന്ന് കഴിഞ്ഞു. ഇതോടെ കോൺഗ്രസ് പാളയങ്ങളിൽ ആഘോഷം തുടങ്ങിയിരിക്കുകയാണ്. എന്നാൽ ബിജെപി കേന്ദ്രം ഏറെ നിരയാശയിലാണ്. ആഘോഷങ്ങളില്ലാതെ നിശബദ്ധമായി ഫലം ശ്രദ്ധിക്കുന്ന പാർട്ടി പ്രവർത്തകരെയാണ് ഇവിടെ കാണാനാകുന്നത്. ജെഡിഎസ് നിർണ്ണായകമാകുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്. ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് തങ്ങളാകുമെന്ന ഉറപ്പിലാണ് ജെഡിഎസ്. ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും അത് സമയമാകുമ്പോൾ പുറത്തുവിടുമെന്നുമാണ് ജെഡിഎസ് വ്യക്തമാക്കുന്നത്.

കോൺഗ്രസിന് കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിൽ കർണാടകയിൽ ഓപ്പറേഷൻ താമരയ്ക്ക് സാധ്യതയുണ്ട്. ഇതോടെ എംഎൽഎമാരെ മാറ്റേണ്ടി വരുമെന്നുമുള്ള ആശങ്കകളുണ്ട്. എന്നാൽ കേവല ഭൂരിപക്ഷം ലഭിച്ചാൽ ഇത്തരം ആശങ്കകൾക്ക് സ്ഥാനമില്ല. സംഘടനാ പ്രവർത്തനം ശക്തമാക്കിക്കൊണ്ട് കെപിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ നയിച്ച കോൺഗ്രസ് വിജയത്തിലേക്ക് മുന്നേറുന്നതോടെ കർണാടകയിൽ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുവെന്ന് വ്യക്തമാകുകയാണ്.

ബംഗളൂരുവിലേക്ക് എത്താൻ കോൺഗ്രസ് എംഎ‍ൽഎമാർക്ക് പാർട്ടി നിർദ്ദേശം നൽകിക്കഴിഞ്ഞു. ഇതിനായി വിമാനമുൾപ്പെടെയുള്ള തയ്യാറെടുപ്പുകൾ കോൺഗ്രസ് തയ്യാറാക്കിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാറാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. എംഎ‍ൽഎമാരെ സമീപിക്കാനുള്ള ബിജെപിയുടെ ശ്രമം തുടക്കത്തിലെ തടയുകയാണ് കോൺഗ്രസ്. അതേസമയം വോട്ടെണ്ണി തുടങ്ങിയപ്പോൾ തന്നെ കോൺഗ്രസ് മുന്നേറ്റമായിരുന്നു.