ബംഗളൂരു: കർണാടകത്തിൽ താമരയെ പിഴുതെറിഞ്ഞ് കോൺഗ്രസിന്റെ തേരോട്ടം. കർണാടകത്തിൽ വൻ വിജയത്തിലേക്കാണ് കോൺഗ്രസ് നീങ്ങുന്നത്. പാർട്ടിയെ ഒറ്റക്കെട്ടായി നയിച്ച പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ സൂപ്പർസ്റ്റാറായി. മോദി പ്രഭാവത്തെ മാത്രം ആശ്രയിച്ച ബിജെപിക്ക് കനത്ത തിരിച്ചടിയായി ഫലം. യെദ്യൂരപ്പയെ തഴിഞ്ഞ നേതൃത്വത്തിനും ഏറ്റ തിരിച്ചടിയാണ് കർണാടക ഫലം നൽകിയത്.

തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കവേ 129 സീറ്റിലാണ് കോൺഗ്രസ് വിജയിക്കുകയോ മുന്നിട്ടു നിൽക്കുകയോ ചെയ്യുന്ത്. കോൺഗ്രസ് ദക്ഷിണേന്ത്യയിൽ വീണ്ടും അധികാരത്തിലേക്ക് തിരിച്ചു വരുന്നതോടെ വൻ ആഹ്ലാദ പ്രകടനമാണ് കോൺഗ്രസ് ക്യാമ്പുകളിൽ. ഡൽഹിയിലെ കോൺഗ്രസ് ദേശീയ ആസ്ഥാനത്ത് പടക്കംപൊട്ടിച്ചും നൃത്തംചവിട്ടിയും ആഹ്ലാദം പങ്കിടുകയാണ് പ്രവർത്തകരും നേതാക്കളും. അതേസമയം ശ്മശാന മൂകതയിലാണ് ബിജെപി ദേശീയ ആസ്ഥാനം. 66 സീറ്റിൽ മാത്രമാണ് ഇവർ മുന്നിട്ടുനിൽക്കുന്നത്. ഒരുവേള ബിജെപിയേക്കാൾ ഇരട്ടിയിലേറെ സീറ്റിൽ ലീഡുറപ്പിച്ചിരുന്ന കോൺഗ്രസ് 138 സീറ്റിൽ വരെ ആധിപത്യം നിലനിർത്തിയിരുന്നു. ജെ.ഡി.എസ് 23 സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. ഏഴിടത്ത് മറ്റുള്ളവരാണ് മുന്നിൽ.

കോൺഗ്രസ് വിജയിക്കുമെന്ന് ഉറപ്പായതോടെ ഡികെ ശിവകുമാർ അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് ജനങ്ങളുടെ ആശംസകൾ സ്വീകരിച്ചു. കർണാടകയിൽ കോൺഗ്രസ് വിജയിച്ചതിന് പിന്നാലെ റായ്പൂരിൽ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ മധുരം വിതരണം ചെയ്തു. പ്രധാനമന്ത്രി മോദിയെ മുന്നിൽ നിർത്തിയാണ് ഈ തെരഞ്ഞെടുപ്പിൽ വോട്ട് തേടിയത്, ഇത് മോദിയുടെ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കാരുടെ തലയിൽ ബജ്‌റംഗ് ബാലിയുടെ ഗദ വീണുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ കർണാടകയിൽ ദൃശ്യമായ അന്തരീക്ഷം ഇന്ന് കർണാടക തിരഞ്ഞെടുപ്പ് ഫലത്തിലും വ്യക്തമായി കാണുന്നുവെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ വൻ പ്രചാരണമാണ് നടത്തിയത്. വർഗീയ രാഷ്ട്രീയം തള്ളി വികസനത്തിന്റെ രാഷ്ട്രീയമാണ് കർണാടക തിരഞ്ഞെടുത്തത്. വരാനിരിക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇത് ആവർത്തിക്കും.

മോദി വന്നാൽ ഒന്നും സംഭവിക്കില്ലെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നുവെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കോൺഗ്രസിന് 42.93 ശതമാനം വോട്ടും ബിജെപിക്ക് 36.17 ശതമാനം വോട്ടും ജെഡി(എസ്) ന് 12.97 ശതമാനം വോട്ടും ലഭിച്ചു. ബംഗളൂരുവിലെ ഹിൽട്ടൺ ഹോട്ടലിൽ 50 മുറികൾ ബുക്ക് ചെയ്തിരിക്കയാണ് കോൺഗ്രസ്. കോൺഗ്രസ് എംഎൽഎമാർക്കാണിത്. വിജയിച്ച എല്ലാ സ്ഥാനാർത്ഥികളോടും രാത്രി 8 മണിക്ക് ഹോട്ടലിൽ എത്താൻ കോൺഗ്രസ് ആവശ്യപ്പെട്ടു. നാളെ നിയമസഭാ കക്ഷി യോഗം ചേരും.

സിപിഎം ഏറെ പ്രതീക്ഷ പുലർത്തിയ ബാഗേപ്പള്ളിയിൽ കോൺഗ്രസിനു പിന്നിൽ മൂന്നാം സ്ഥാനത്താണ്. നിർണായക ശക്തിയാകുമെന്നു കരുതുന്ന ജനതാദളി (എസ്) ന് അവരുടെ പഴയ പ്രകടനം കാഴ്ചവയ്ക്കാനായില്ല. 500, 1000 വോട്ടുകൾ മാത്രം ലീഡ് നിലയുള്ള 30 ൽ പരം സീറ്റുകളാകും അവസാന മണിക്കൂറുകളിലെ കക്ഷിനിലയിൽ നിർണായകമാകുക. 7 മണ്ഡലങ്ങളിൽ സ്വതന്ത്രരാണ് മുന്നിൽ. ഇവരിൽ പലരും കോൺഗ്രസിന്റെയോ ബിജെപിയുടെയോ റിബലുകളാണ്.


ബിജെപി മന്ത്രിമാരിൽ പലരും പിന്നിലാണ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ 5000 ൽ പരം വോട്ടിനു മുന്നിട്ടു നിൽക്കുന്നു. വരുണയിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ മുന്നിലാണ്. ഹുബ്ബള്ളിധാർവാഡ് മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ പിന്നിലാണ്. ചന്നപട്ടണത്ത് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി ലീഡ് ചെയ്യുന്നു. ദക്ഷിണേന്ത്യയിൽ ബിജെപി ഭരണത്തിലെത്തിയ ഒരേയൊരു സംസ്ഥാനമായ കർണാടകയിലെ മുന്നേറ്റത്തിൽ കോൺഗ്രസ് കേന്ദ്രങ്ങളിൽ ആവേശത്തിലാണ്. കർണാടകയിലെ 224 മണ്ഡലങ്ങളിലേക്ക് ഈ മാസം 10നാണ് തിരഞ്ഞെടുപ്പ് നടന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ച് വരും, തോൽവി സമ്മതിച്ചു ബിജെപി

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി സമ്മതിച്ച് ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ബസവരാജ ബൊമ്മൈ. ഈ തെരഞ്ഞെടുപ്പ് ഫലം വളരെ ഗൗരവത്തോടെ കാണുമെന്ന് പറഞ്ഞ അദ്ദേഹം പാർട്ടിയെ പുനഃസംഘടിപ്പിക്കുമെന്നും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ശക്തമായി തിരിച്ച് വരുമെന്നും വ്യക്തമാക്കി.

ഭരണവിരുദ്ധ വികാരം കോൺഗ്രസിന് തുണയായി

അതിശക്തമായ ഭരണവിരുദ്ധ വികാരമാണ് ബിജെപിയെ അധികാരത്തിൽ നിന്നും തൂത്തെറിഞ്ഞത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി 'ദി കേരള സ്റ്റോറി' പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ചർച്ചയാക്കിയതോടെ കർണാടകയിൽ പതിവില്ലാത്ത വിധം തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ പേര് ഇത്തവണ ഉയർന്നുകേട്ടു. എന്നാൽ, അതൊന്നും കോൺഗ്രസ് പ്രചരണത്തിന്റെ മൂർച്ച കുറയ്ക്കാൻ ഇടയാക്കിയതില്ല.


'40 ശതമാനം കമ്മിഷൻ സർക്കാരാ'ണ് കർണാടകത്തിലെന്നതായിരുന്നു കോൺഗ്രസിന്റെ മുഖ്യ പ്രചരാണായുധം. അഴിമതിക്കേസിൽ വിരുപാക്ഷപ്പ അറസ്റ്റിലായതും ബില്ല് മാറാൻ കമ്മിഷൻ ആവശ്യപ്പെട്ടെന്നാരോപിച്ച് കാരാറുകാരൻ ആത്മഹത്യചെയ്തതും ബിജെപി.ക്ക് തിരിച്ചടിയായി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ നടന്ന സർവേകളെല്ലാം ബിജെപിക്കെതിരായിരുന്നു. അവസാനഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റോഡ് ഷോകളിൽ വൻ ജനക്കൂട്ടത്തിന്റെ സാന്നിധ്യം ബിജെപിക്ക് ആശ്വാസം നൽകിയെങ്കിലും ഇതൊന്നും വോട്ടിൽ പ്രതിഫലിച്ചില്ലെന്നതാണ് യാഥാർഥ്യം.

ഭരണവിരുദ്ധ വികാരത്തിൽ ഉലഞ്ഞ കർണാടകത്തിലെ ബിജെപിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യമാണ് ആശ്വാസം നൽകിയ ഏകഘടകം. തിരഞ്ഞെടുപ്പിന് പത്ത് ദിവസം മുമ്പുമാത്രം സംസ്ഥാനത്തുടനീളം 13 പൊതുയോഗങ്ങളും രണ്ട് വമ്പൻ റോഡ് ഷോകളുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. എന്നാൽ, ഈ റോഡ് ഷോയിൽ വൻ ജനസാന്നിധ്യമുണ്ടായിരുന്ന ബെംഗളൂരു മേഖലയിലടക്കം കോൺഗ്രസിന് മികച്ച വിജയം നേടാനായി എന്നത് ശ്രദ്ധേയമാണ്.

ജാതീയതയും വർഗീയ ധ്രുവീകരണവും നിർണായകമാകുന്ന കർണാടകത്തിൽ ഇത്തവണയും വിദ്വേഷപ്രചാരണത്തിന് കുറവൊന്നുമില്ലായിരുന്നു. ജാതിസെൻസസും ആനുപാതിക സംവരണവും ജനക്ഷേമ പദ്ധതികളും മുന്നോട്ടുവച്ചാണ് ഈ ബിജെപി. പ്രചാരണത്തെ കോൺഗ്രസ് പ്രതിരോധിച്ചത്. വിവിധ ജാതികൾക്ക് ആനുപാതിക വിഹിതം നൽകാൻ സംവരണം 50 ശതമാനത്തിൽനിന്ന് 75 ശതമാനമാക്കുമെന്ന പ്രഖ്യാപനം ബിജെപി. മുന്നോട്ടുവെച്ച തന്ത്രത്തിന് തിരിച്ചടിയായി.

വൊക്കലിഗ, ലിംഗായത്ത് വോട്ടുകൾ ലക്ഷ്യംവെച്ച് മുസ്ലിം സംവരണം എടുത്തുകളഞ്ഞെങ്കിലും അതിന്റെ ഗുണം ലഭിച്ചത് കോൺഗ്രിനാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മുസ്ലിം വോട്ടുകൾ ഏകീകരിക്കാൻ ഇടയാക്കിയതും നേതാക്കളുടെ കൂടുമാറ്റംമൂലം വൊക്കലിഗ, ലിംഗായത്ത് വോട്ടുകളിൽ അടിയൊഴുക്കുണ്ടായതും ബിജെപിക്ക് തിരിച്ചടിയായി. മുതിർന്ന നേതാവ് യെദ്യൂരപ്പയെ മുൻനിരയിൽനിന്ന് മാറ്റിനിർത്തിയതിൽ ലിംഗായത്തുകൾക്കിടയിൽ നേരത്തെ തന്നെ അമർഷമുണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞ് യെദ്യൂരപ്പയെ പ്രചാരണത്തിൽ സജീവമാക്കുകയും അദ്ദേഹത്തിന്റെ മകൻ വിജയേന്ദ്രയെ മത്സരിപ്പിക്കുകയും ചെയ്തെങ്കിലും ലിംഗായത്ത് അമർഷം മറികടക്കാനായില്ല.

പോപ്പുലർ ഫ്രണ്ടിനോട് ബജ്‌റംഗ് ദളിനെ താരതമ്യപ്പെടുത്തി വിദ്വേഷപ്രചാരകരായ സംഘടനകളെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രഖ്യാപനം ബിജെപി പ്രചാരണ ആയുധമാക്കിയെങ്കിലും ഇതും തീരദേശമേഖലയ്ക്കപ്പുറം ഫലിച്ചില്ല. കോൺഗ്രസ് പ്രഖ്യാപനം വന്നതിന് പിന്നാലെ 'ബജ്റംഗ് ബലി കീ ജയ്' വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലികളിൽ സംസാരിച്ചത്. എന്നാൽ അതൊന്നും വോട്ടിനെ സ്വാധീനിച്ചില്ല. വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ നൽകുന്ന കോൺഗ്രസ് പദ്ധതിയും സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയും വോട്ടർമാരിൽ സ്വാധീനമുണ്ടാക്കിയെന്ന് ബിജെപി നേതാക്കൾത്തന്നെ ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പായി വിലിയിരുത്തിയിരുന്നു.