- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കോൺഗ്രസും ബിജെപിയും സമീപിച്ചു; ആർക്കൊപ്പം ചേരണമെന്ന തീരുമാനം എടുത്തു കഴിഞ്ഞു; ഫലം വന്ന ശേഷം നിലപാട് പരസ്യമാക്കും; ഞങ്ങളൊരു ദുർബല പാർട്ടി ആണെങ്കിലും തിരഞ്ഞെടുപ്പിൽ രണ്ട് ദേശീയ പാർട്ടികളെയും നിയന്ത്രിക്കണമെന്നാണ് ജനവിധി' : കർണാടകത്തിൽ: തൂക്ക്സഭ വരുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ വന്നതോടെ, കിങ് മേക്കറാകുമെന്ന് ഉറപ്പിച്ച് ജെ ഡി എസിന്റെ പ്രഖ്യാപനം
ബംഗളൂരു: കർണാടകയിൽ തൂക്ക് സഭ വരുമെന്ന് എക്‌സിറ്റ് പോളുകൾ പ്രവചിച്ചതോടെ, രാഷ്ട്രീയ കക്ഷികൾ കണക്കുകൂട്ടലുകൾ തുടങ്ങി. ജെഡിഎസ് കിങ് മേക്കറാകാറാകുമെന്നാണ് എക്‌സിറ്റ് പോളുകളിലെ സൂചന. തന്നെ കോൺഗ്രസും ബിജെപിയും സമീപിച്ചായി എച്ഡി കുമാരസ്വാമി വെളിപ്പെടുത്തി. ' ആർക്കൊപ്പമെന്ന് തീരുമാനം എടുത്തുകഴിഞ്ഞു. ശരിയായ സമയമാകുമ്പോൾ പൊതുജനങ്ങളെ അറിയിക്കും',ജെഡിഎസ് നേതാവ് തൻവീർ അഹമ്മദ് എൻഡി ടിവിയോട് പറഞ്ഞു.
സംസ്ഥാനത്തിന്റെ പുരോഗതിക്കായി രണ്ട് ദേശീയ പാർട്ടികളെയും ജെഡിഎസ് നിയന്ത്രിക്കണമെന്നാണ് ജനങ്ങൾ തീരുമാനിച്ചിരിക്കുന്നത്. കർണാടകയുടെയും ജനങ്ങളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്നവരെയാകും തങ്ങൾ പിന്തുണക്കുകയെന്നും തൻവീർ അഹമ്മദ് പറഞ്ഞു.
' ഞങ്ങളെ കൂടാതെ ആർക്കും സർക്കാർ രൂപീകരിക്കാനാവില്ല. പണത്തിന്റെയും വിഭവങ്ങളുടെയും കരുത്തിന്റെയും കാര്യത്തിൽ ദേശീയ പാർ്ട്ടികളോട് ഞങ്ങൾക്ക് മത്സരിക്കാനാവില്ല. ഞങ്ങളൊരു ദുർബല പാർട്ടിയാണ്. എന്നാൽ, സർക്കാരിന്റെ ഭാഗമാകാൻ തക്ക പ്രകടനം കാഴ്ച വച്ചുവെനന് ഉറപ്പുണ്ട', തൻവീർ അഹമ്മദ് പറഞ്ഞു.
എന്നാൽ, ബിജെപി, ജെഡിഎസിനെ സമീപിച്ചെന്ന കാര്യം നിഷേധിച്ചു. ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം കിട്ടുമെന്നാണ് ശോഭ കരന്തലജെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. സഖ്യത്തിന്റെ കാര്യം ചിന്തിച്ചിട്ടില്ലെന്നും, ജെഡിഎസുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ബിജെപി നേതാവ് ശോഭ കരന്ദലജെ പറഞ്ഞു. 120 സീറ്റുകൾ ലഭിക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ട്. വോട്ടെടുപ്പിന് ശേഷം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തങ്ങൾക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ടെന്നും അവർ പ്രതികരിച്ചു.
ഉറപ്പായും 110 -120 സീറ്റു ലഭിക്കുമെന്നും ഇത് 130നു മുകളിലെത്തിയേക്കാമെന്നുമാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 113 സീറ്റാണ്. 120 ലഭിച്ചാലും ഭാവിയിൽ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി രംഗത്തിറങ്ങാനുള്ള സാധ്യത കോൺഗ്രസ് തള്ളുന്നില്ല. ത്രിശങ്കുസഭ വന്നാൽ സർക്കാരുണ്ടാക്കുക എളുപ്പമല്ലെന്നു കോൺഗ്രസ് കരുതുന്നു. ജെഡിഎസുമായി സഹകരിക്കേണ്ടതില്ലെന്നാണു നിലവിലെ തീരുമാനം. എന്നാൽ ബിജെപിയെ മാറ്റി നിർത്താൻ അത്തരമൊരു സാഹചര്യത്തിൽ തീരുമാനങ്ങൾ മാറ്റിമറിക്കേണ്ടിയും വരും. വലിയൊരു ആവേശം ബിജെപി ക്യാമ്പിൽ ഇല്ല. മോദി ഇഫക്ടിലാണ് ബിജെപിയുടെ ഏക പ്രതീക്ഷ. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രചാരണം ഗുണം ചെയ്യുമെന്നും ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നുമാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
കേവല ഭൂരിപക്ഷം ലഭിച്ചാൽ എംഎൽഎമാരോട് നാളെത്തന്നെ ബെംഗളൂരുവിലെത്താൻ പാർട്ടി ആവശ്യപ്പെടും. എംഎൽഎമാരുടെ ഭൂരിപക്ഷാഭിപ്രായം പരിഗണിച്ചായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക. സിദ്ധരാമയ്യ, ഡി.കെ.ശിവകുമാർ എന്നിവരാണു മുഖ്യമന്ത്രി പദം മോഹിക്കുന്നവർ. ഒന്നിലധികം ഉപമുഖ്യമന്ത്രിമാർ വേണ്ടിവരും. കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ്ങാണ് (73.19%) ഇത്തവണ. ഇതിലാണ് ബിജെപിയുടെ പ്രതീക്ഷ. ജനതാദളിന്റെ പരമ്പരാഗത ശക്തികേന്ദ്രമായ പഴയ മൈസുരു മേഖലയിൽ അതിലും 9% അധികം ( 82.56%).
വോട്ടെണ്ണൽ ശനിയാഴ്ച. പുറത്തുവന്ന 9 എക്‌സിറ്റ് പോളിൽ ഏഴെണ്ണം കോൺഗ്രസ് മുന്നേറ്റം പ്രവചിച്ചു. 4 ഫലങ്ങൾ കോൺഗ്രസിനും രണ്ടെണ്ണം ബിജെപിക്കും കേവല ഭൂരിപക്ഷം നൽകി. മൂന്നെണ്ണം ത്രിശങ്കു സഭയാണു പ്രവചിക്കുന്നത്. ഇതിൽ മൂന്നിലും കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണു പ്രവചനം. ത്രിശങ്കു സഭ വന്നാൽ, ജെഡിഎസ്സിന്റെ നിലപാട് നിർണായകമാകും. കർണാടകയിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നും തൂക്കുമന്ത്രിസഭയ്ക്കു സാധ്യതയെന്നും പ്രവചിക്കുന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളുകയാണ് രാഷ്ട്രീയ നേതാക്കൾ.
ഇവിടെ ഭരണം നിലനിർത്തുമെന്ന് ബിജെപി അവകാശപ്പെട്ടപ്പോൾ, ഭരണം തിരിച്ചുപിടിക്കുമെന്നാണ് കോൺഗ്രസും ജെഡിഎസും ആവർത്തിക്കുന്നത്. വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം പിടിക്കുമെന്നാണ് പ്രധാന നേതാക്കളെല്ലാം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. എന്നാൽ കർണ്ണാടകയിലെ അടിയൊഴുക്കുകൾ കോൺഗ്രസിന് അനുകൂലമാണ്. കൂടുതൽ ആവേശം കോൺഗ്രസ് ക്യാമ്പിലാണ്. മുഖ്യമന്ത്രിയായി ചുമതലയേൽക്കാൻ കോൺഗ്രസിൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറും ചരടു വലികൾ തുടങ്ങിയിട്ടുണ്ട്. തൂക്കുമന്ത്രിസഭ വരുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങളിൽ വിശ്വസിക്കുന്നില്ലെന്ന് ഡി.കെ.ശിവകുമാർ വ്യക്തമാക്കി. കർണാടകയിൽ ഡബിൾ എൻജിൻ സർക്കാർ പരാജയപ്പെട്ടു.
അതിനാൽ തന്നെ സഖ്യ രൂപീകരണ സാഹചര്യം വരില്ല. കോൺഗ്രസ് ഏറ്റവും കുറഞ്ഞത് 146 സീറ്റ് നേടുമെന്നും ശിവകുമാർ അവകാശപ്പെട്ടു. ഇത് ബിജെപി അംഗീകരിക്കുന്നില്ല. മോദി ഫാക്ടറിലാണ് പ്രതീക്ഷ. ബിജെപി അധികാരം നിലനിർത്തുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം കിട്ടും. കോൺഗ്രസ് ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടമെന്ന എക്‌സിറ്റ് പോൾ ഫലങ്ങളിൽ വിശ്വസിക്കുന്നില്ല. എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് നൂറു ശതമാനം കൃത്യതയില്ല. യഥാർഥ ഫലവുമായി അഞ്ച് ശതമാനം വ്യത്യാസം എക്‌സിറ്റ് പോൾ ഫലങ്ങളിൽ വരാറുണ്ട്. അങ്ങനെ വന്നാൽ തന്നെ സാഹചര്യം മാറുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കർണാടകയിൽ ബിജെപി ജയിക്കുകയും സർക്കാർ രൂപീകരിക്കുകയും ചെയ്യുമെന്ന് മുൻ കർണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെഡിയൂരപ്പ പറഞ്ഞു. തൂക്കുമന്ത്രിസഭയെന്ന വിഷയം ഉദിക്കുന്നില്ല. ബിജെപിക്ക് 115 മുതൽ 117 സീറ്റു വരെ കിട്ടും. അതിനാൽ ജെഡിഎസുമായി സഹകരിക്കേണ്ട സാഹചര്യം വരില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് സാമ്പത്തിക പ്രതിസന്ധി കാരണം ജയസാധ്യതയുള്ള 25 സീറ്റുകളെങ്കിലും നഷ്ടപ്പെടുമെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. വിചാരിച്ച പോലെ സംഭാവനകൾ കിട്ടിയില്ല. അതിനാൽ ചില സ്ഥാനാർത്ഥികളെ സാമ്പത്തികമായി പിന്തുണയ്ക്കാൻ സാധിച്ചില്ലെന്നത് വേദനിപ്പിക്കുന്നുവെന്നും കുമാരസ്വാമി പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ