ബെംഗളൂരു: ' ഇതൊരു വലിയ വിജയമാണ്. ഈ വിജയത്തിലൂടെ രാജ്യത്തുനീളം പുതിയൊരു ഊർജ്ജം പകരും. കോൺഗ്രസ് മുക്ത ഭാരതം ഉണ്ടാക്കുമെന്ന് പറഞ്ഞ് ബിജെപി ഞങ്ങളെ പരിഹസിക്കുമായിരുന്നു. ഇപ്പോൾ, സത്യമെന്താണ്..ബിജെപി മുക്ത ദക്ഷിണേന്ത്യ ആയിരിക്കുന്നു, കോൺഗ്രസിന്റെ കരുത്ത് തെളിയിച്ച് എല്ലാ പ്രമുഖ നേതാക്കൾക്കും ഒപ്പം വേദി പങ്കിട്ട് സംസാരിക്കവേ പാർട്ടി ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയാണ് ഇങ്ങനെ പറഞ്ഞത്.

' ഞങ്ങൾ പദയാത്രയിൽ നിന്നാണ് തുടങ്ങിയത്. പിന്നീട് ഭാരത്‌ജോഡോ യാത്ര വന്നു. രാഹുൽഗാന്ധി പദയാത്ര നടത്തിയ റൂട്ടിൽ 99 ശതമാനം സീറ്റിലും ഞങ്ങൾ വിജയിച്ചു. അതിന് അദ്ദേഹത്തോട് നന്ദി പറയുന്നു. ഖാർഗെയെ കൂടാതെ, കർണാടക സംസ്ഥാന അദ്ധ്യക്ഷൻ ഡി കെ ശിവകുമാർ, സിദ്ധരാമയ്യ, രൺദീപ് സിങ് സുർജേവാല എന്നിവരും ഉണ്ടായിരുന്നു.

കർണാടക ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. കർണാടകത്തിലെ മാത്രമല്ല, രാജ്യത്തെ ആകെ ജനാധിപത്യത്തിന് പുതുജീവിതം നൽകിയിരിക്കുന്നു. ഇത് ഓരോ കന്നഡിഗന്റെയും വിജയമാണ്, കർണാടകത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി രംൺദീപ് സിങ് സുർജേവാല പറഞ്ഞു.

വോട്ടുവിഹിതത്തിലും കുതിച്ച്  കോൺഗ്രസ്

അതേസമയം, തിരഞ്ഞെടുപ്പിൽ വോട്ടുവിഹിതത്തിലും കോൺഗ്രസ് വലിയ മുന്നേറ്റം കാഴ്ച വച്ചു. ബിജെപി തരംഗം പ്രവചിക്കപ്പെട്ട 2018-ലെ തിരഞ്ഞെടുപ്പിൽ 80 സീറ്റുകളാണ് കോൺഗ്രസിന് നേടാനായത്, 38.16 ശതമാനമായിരുന്നു വോട്ടുവിഹിതം. ഇത്തവണ കോൺഗ്രസിന്റെ വോട്ടുവിഹിതത്തിൽ 5 ശതമാനം വർദ്ധന രേഖപ്പെടുത്തി. ബിജെപിക്ക് സംസ്ഥാനത്ത് പല സീറ്റുകളും നഷ്ടമായെങ്കിലും, 2018 ലെ വോട്ട് വിഹിതമായ 36.4 ശതമാനത്തിന് അടുത്തെത്താൻ കഴിഞ്ഞു. 35.8 ശതമാനാണ് ബിജെപി.യുടെ വോട്ടുവിഹിതം. എന്നാൽ, 40-ലേറെ സീറ്റുകൾ ബിജെപിക്ക് നഷ്ടമായി. 20 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് 40 ശതമാനത്തിലേറെ വോട്ടുവിഹിതം നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്നത്.

കോൺഗ്രസിന് 122 സീറ്റുകൾ ലഭിച്ച 2013ലെ തിരഞ്ഞെടുപ്പിൽ പോലും വോട്ടുവിഹിതത്തിൽ ഇത്രയധികം മുന്നേറ്റമുണ്ടാക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നില്ല. 2013-ൽ 36.6 ശതമാനം മാത്രമായിരുന്നു കോൺഗ്രസ് വോട്ടുവിഹിതം. വോട്ടുവിഹിതത്തിൽ ജെഡിഎസിനാണ് ഏറ്റവും വലിയ ക്ഷീണം. അഞ്ച് ശതമാനത്തിലേറെയാണ് ജെഡിഎസിന് വോട്ടുവിഹിതത്തിൽ കുറവ് സംഭവിച്ചിരിക്കുന്നത്. 2018-ൽ 40 സീറ്റുകളിൽ വിജയിച്ച ജെ.ഡി.എസിന് 18.3 ശതമാനം വോട്ടുവിഹിതം ലഭിച്ചിരുന്നു. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി പരാജയപ്പെട്ടതും ജെഡിഎസിന് ക്ഷീണമായി. നിഖിൽ മത്സരിച്ച രാമനഗരിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് വിജയിച്ചത്.

വോട്ടുവിഹിതത്തിന്റെ അടിസ്ഥാനത്തിൽ 1999 ലാണ് ഇതിന് മുമ്പ് കോൺഗ്രസ് ഏറ്റവും കൂടുതൽ വോട്ടുവിഹിതം നേടിയത്. അതേസമയം, 2018 ൽ 18.3 ശതമാനം വോട്ടുവിഹിതം നേടിയ ജെഡിഎസ് 13 ശതമാനത്തോളം മാത്രമേ ഇത്തവണ നേടിയിട്ടുള്ളു. അന്തിമഫലം വരുമ്പോൾ ഈ കണക്കുകൾ മാറാം.