ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ നടന്നത് ഇഞ്ചോടിഞ്ച് പോരാട്ടം. സംസ്ഥാനത്ത് തൂക്കുസഭക്കുള്ള സാധ്യതയാണ് വിവിധ എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നത്. ഭരണം നിലനിർത്താനായി പോരാടുന്ന ബിജെപിക്കും ഭരണം തിരിച്ചുപിടിക്കാൻ ഒരുങ്ങുന്ന കോൺഗ്രസിനും വ്യക്തമായ മേധാവിത്തമില്ലെന്നാണ് വിവിധ എക്‌സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന.

അഞ്ച് എക്‌സിറ്റ് പോളുകൾ തൂക്കുസഭയാണ് പ്രവചിക്കുന്നതെങ്കിലും, അതിൽ മൂന്നെണ്ണം കോൺഗ്രസിന് നേരിയ മുൻതൂക്കം നൽകുന്നു. എച്ച്.ഡി.കുമാരസ്വാമിയുടെ ജനതാ ദൾ സെക്യുലർ (ജെഡിഎസ്) കിങ്‌മേക്കറാകുമെന്ന സൂചനകളും എക്‌സിറ്റ് പോളുകൾ നൽകുന്നു. ആകെ 224 നിയമസഭാ മണ്ഡലങ്ങളുള്ള കർണാടകയിൽ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്.

റിപ്പബ്ലിക് ടിവി പുറത്തുവിട്ട എക്‌സിറ്റ് പോൾ പ്രകാരം കോൺഗ്രസിന് 94 മുതൽ 108 സീറ്റു വരെ ലഭിക്കും. ബിജെപിക്ക് 85 മുതൽ 100 സീറ്റുകൾ വരെയാണ് പ്രവചനം. ജെ.ഡി.എസ് 24 - 32 സീറ്റുകളും മറ്റുള്ളവർ 2-6 സീറ്റുകളും നേടുമെന്ന് എക്‌സിറ്റ് പോൾ പറയുന്നു. ശനിയാഴ്ച ഫലം അറിയാം.

ന്യൂസ് നേഷന്റെ എക്‌സിറ്റ് പോൾ ബിജെപിക്ക് കേവല ഭൂരിപക്ഷം പ്രവചിക്കുന്നു. 114 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. കോൺഗ്രസ് -86, ജെ.ഡി.എസ് -21, മറ്റുള്ളവർ -മൂന്ന് എന്നിങ്ങനെയാണ് ന്യൂസ് നേഷന്റെ പ്രവചനം. സുവർണ ന്യൂസ് എക്‌സിറ്റ് പോൾ പ്രകാരം ബിജെപി 94-117 സീറ്റുകളും കോൺഗ്രസ് 91-106 സീറ്റുകളും ജെ.ഡി.എസ് 14-24 സീറ്റുകളും മറ്റുള്ളവർ 0-4 സീറ്റുകളും നേടുമെന്ന് പ്രവചിക്കുന്നു.

സീ ന്യൂസ് എക്‌സിറ്റ് പോളിൽ കോൺഗ്രസിനാണ് മുൻതൂക്കം. പാർട്ടി 103 മുതൽ 118 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. ബിജെപി 79-94 സീറ്റുകളും ജെ.ഡി.എസ് 25-33 സീറ്റുകളും മറ്റുള്ളവർ 2-5 സീറ്റുകളും നേടുമെന്നാണ് പ്രവചനം.

ടിവി ഒമ്പത് ഭാരത് വർഷ് എക്‌സിറ്റ് പോൾ കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്നു. 99 മുതൽ 109 വരെ സീറ്റുകൾ കോൺഗ്രസ് നേടുമെന്ന് പറയുന്നു. 79-94 വരെ സീറ്റുകൾ ബിജെപിയും 25 മുതൽ 33 വരെ സീറ്റുകൾ ജെ.ഡി.എസും നേടുമെന്ന് പ്രവചിക്കുന്നു. മറ്റുള്ളവർക്ക് രണ്ടു മുതൽ അഞ്ചു വരെ സീറ്റുകളാണ് പ്രവചിക്കുന്നത്.

തീരദേശ കർണാടക പ്രതീക്ഷിച്ചത് പോലെത്തന്നെ ബിജെപി തൂത്തുവാരുമെന്ന് ഇന്ത്യാ ടുഡേയുടെ എക്‌സിറ്റ് പോൾ. ധ്രുവീകരണം ശക്തമായ തീരദേശകർണാടക ബിജെപിയുടെ ശക്തികേന്ദ്രമാണ്.

കോൺഗ്രസിനും ബിജെപിക്കും കേവല ഭൂരിപക്ഷമില്ലെങ്കിൽ ജെ.ഡി.എസ് കിങ് മേക്കറാകും. ആകെ 224 നിയമസഭ മണ്ഡലങ്ങളുള്ള കർണാടകയിൽ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. സംസ്ഥാനത്ത് വോട്ടെടുപ്പ് വൈകീട്ട് ആറോടെ അവസാനിച്ചു.

വൈകീട്ട് അഞ്ചു വരെ 65.69 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആകെ 2615 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. 224 സീറ്റിലും ബിജെപി സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. 223 സീറ്റിലാണ് കോൺഗ്രസ് മത്സരിച്ചത്. ഒരു സീറ്റ് സർവോദയ കർണാടക പാർട്ടിക്കു നൽകി. ജനതാദൾ (എസ്) 209 സീറ്റിലും.

അഞ്ചരക്കോടിയോളം വോട്ടർമാർ വിധിയെഴുതുന്ന സംസ്ഥാനത്ത് വലിയ പ്രതീക്ഷയിലാണ് കോൺഗ്രസും ബിജെപിയും ഒപ്പം ജെഡിഎസും. പൂജകൾക്ക് ശേഷമായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറും അടക്കമുള്ള പ്രമുഖ നേതാക്കളെല്ലാം വോട്ട് ചെയ്യാനെത്തിയത്.

വോട്ടെടുപ്പിനു മുൻപേ പുറത്തു വന്ന പല അഭിപ്രായ സർവേകളും കോൺഗ്രസ് ഭരണം നേടുമെന്ന ജനവികാരമാണു പങ്കുവച്ചത്. ബിജെപി ചെറിയ സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും ഇവർ അഭിപ്രായപ്പെടുന്നു. സീന്യൂസ് അഭിപ്രായ സർവേ മാത്രമാണ് ബിജെപി ഭരണം നിലനിർത്തുമെന്ന വികാരം പങ്കിട്ടത്.

റിപ്പബ്ലിക് ടിവി: ബിജെപി: 85-100, കോൺ: 94-108, ജെഡിഎസ്: 24-32

സീ ന്യൂസ്: ബിജെപി: 79-94, കോൺ 103-118, ജെഡിഎസ് 25-33

സുവർണ: ബിജെപി: 94-117, കോൺ: 91-106, ജെഡിഎസ് 14-24

ടിവി9: ബിജെപി: 88-98, കോൺ: 99-100, ജെഡിഎസ് 21-26

ന്യൂസ് നേഷൻ: ബിജെപി: 114, കോൺ: 86, ജെഡിഎസ്: 21