ന്യൂഡൽഹി: അഴിക്കുള്ളിൽ നിന്നും പുറത്തിറങ്ങിയ രണ്ട് ദിവസം പിന്നിടുമ്പോൾ അരവിന്ദ് കെജ്രിവാൾ ബിജെപിയുടെ പ്രചരണ തന്ത്രങ്ങളെ വിറപ്പിച്ചു കൊണ്ടാണ് മുന്നേറുന്നത്. നരേന്ദ്ര മോദിയെയും ബിജെപിയും നേരിട്ടു കടന്നാക്രമിച്ചു കൊണ്ടാണ് കെജ്രിവാൾ കളം പിടിക്കുന്നത്. മോദിയെ പ്രതിരോധിക്കാൻ രണ്ട് സംസ്ഥാനങ്ങൾ ഭരണമുള്ള പാർട്ടിയുടെ നേതാവായ കെജ്രിവാൾ മാറുന്നു എന്ന പ്രതീതിയാണ് അദ്ദേഹം സൃഷ്ടിക്കുന്നത്. മോദിക്ക് 75 വയസായാൽ അമിത്ഷാ പ്രധാനമന്ത്രിയാകും എന്ന പ്രസ്താവനയിലൂടെ ബിജെപിക്കുള്ളിലെ അസ്വാരസ്യങ്ങൾ മുതലെടുക്കാൻ കൂടിയാണ് കെജ്രിവാൾ ലക്ഷ്യമിട്ടത്.

കെജ്രിവാളിന്റെ പ്രസ്താവനയുടെ അപകടം തിരിച്ചറിഞ്ഞാണ് അമിത്ഷാ മോദി തന്നെയാണ് പ്രധാനമന്ത്രിയെന്ന് ആവർത്തിച്ച് രംഗത്തുവന്നതും. അതിനിടെ 75 വയസ് പിന്നിട്ടാൽ നരേന്ദ്ര മോദി പ്രധാനമന്ത്രി പദം ഒഴിയുമെന്ന അരവിന്ദ് കെജ്രിവാളിന്റെ പരാമർശം ഏറ്റുപിടിച്ച് മുൻ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ യശ്വന്ത് സിൻഹയും രംഗത്തുവന്നു.

പാർട്ടിയുടെ ഒരു ഫോറത്തിലും ചർച്ച ചെയ്യാതെയാണ് ബിജെപിയിൽ 75 വയസ് പ്രായപരിധി നടപ്പാക്കിയതെന്ന് യശ്വന്ത് സിൻഹ വ്യക്തമാക്കിയത്. മുതിർന്ന നേതാവ് എൽകെ അദ്വാനിയെയും മറ്റ് നേതാക്കളെയും മോദി വരുതിയിൽ നിർത്തിയത് പ്രായപരിദ്ധിയുടെ പേരിലാണെന്ന കാര്യം ഓർമ്മിപ്പിച്ചാണ് യശ്വന്ത് സിൻഹ രംഗത്തുവന്നത്. അന്ന് ബിജെപിയിൽ ചട്ടം കൊണ്ടുവന്നത് മറ്റുള്ളവരെ ഒഴിവാക്കുന്നതി വേണ്ടിയാണെന്ന് യശ്വന്ത് സിൻഹ പറയുന്നു.

മോദിക്ക് ചട്ടം ബാധകമല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ചട്ടം എല്ലാവർക്കും ബാധകമല്ലേ എന്നും യശ്വന്ത് സിൻഹ ചോദിച്ചു. 2014ലാണ് മാർഗനിർദ്ദേശ് മണ്ഡലിന് രൂപം നൽകി എൽ.കെ. അദ്വാനി അടക്കം 75 വയസ് കഴിഞ്ഞ മുതിർന്ന നേതാക്കളെ ബിജെപി മാറ്റിയത്. 75 വയസ് പിന്നിട്ടാൽ നരേന്ദ്ര മോദി പ്രധാനമന്ത്രി പദം ഒഴിയുമെന്നും അമിത് ഷാക്ക് വേണ്ടിയാണ് വോട്ട് ചെയ്യുന്നതെന്നും ജയിൽ മോചിതനായ അരവിന്ദ് കെജ്രിവാൾ ഇന്നലെ ചൂണ്ടിക്കാട്ടിയത്. തനിക്കെതിരെയുള്ള എല്ലാ നേതാക്കളെയും ഒഴിവാക്കുന്ന നടപടിയാണ് മോദി സ്വീകരിക്കുന്നത്. അദ്വാനി, മുരളി മനോഹർ ജോഷി, സുഷമ സ്വരാജ്, ശിവരാജ്സിങ് ചൗഹാൻ, രമൺ സിങ്, വസുന്ധര രാജെ സിന്ധ്യ തുടങ്ങിയവരെ മോദി ഒഴിവാക്കി.

ബിജെപിയിൽ 75 വയസ്സ് തികയുന്നവർ വിരമിക്കണമെന്ന ചട്ടമുണ്ടാക്കിയത് മോദിയാണ്. അങ്ങനെയെങ്കിൽ മോദിയും അടുത്ത വർഷം വിരമിക്കണം. അതിനുശേഷം ആരാണ് ബിജെപിയുടെ പ്രധാനമന്ത്രിയാവുകയെന്നും കെജ്രിവാൾ ചോദിച്ചു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ യോഗി ആദിത്യനാഥിന്റെ സ്ഥാനം തെറിക്കുമെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി.

അതേസമയം, കെജ്രിവാളിന്റെ പ്രസ്താവന തള്ളിയ അമിത് ഷാ 75 വയസാകുമ്പോൾ മോദി പ്രധാനമന്ത്രി പദവി ഒഴിയില്ലെന്നും മൂന്നാം തവണയും കാലാവധി പൂർത്തിയാക്കുമെന്നും വ്യക്തമാക്കി. മോദിക്ക് പ്രധാനമന്ത്രിയാകാൻ കഴിയില്ലെന്ന് ബിജെപിയുടെ ഭരണഘടനയിൽ എഴുതിയിട്ടില്ല. മോദിക്ക് 75 വയസ് തികയുന്നതിൽ സന്തോഷിക്കേണ്ട കാര്യമില്ലെന്നും അമിത് ഷാ പറഞ്ഞു.