തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂട് തീരും മുമ്പ് വീണ്ടും കേരളത്തിൽ വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. ആറ് മാസത്തിനുള്ളിൽ തന്നെ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പു നടക്കും. ചേലക്കരയിലും പാലക്കാട്ടുമാണ് ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പു നടക്കുക. ചേലക്കര എംഎൽഎയായ മന്ത്രി കെ.രാധാകൃഷ്ണൻ ആലത്തൂരിൽ നിന്നും പാലക്കാട് എംഎൽഎയായ ഷാഫി പറമ്പിൽ വടകരയിൽ നിന്നും ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഇരു ഫലങ്ങളും നിലവിൽ കേരള ഭരണത്തെ കാര്യമായ സ്വാധീനിക്കുന്നതല്ല. എന്നാൽ, മുന്നണികളെ സംബന്ധിച്ചിടത്തോളം അഭിമാനപോരാട്ടമാകും ഇതെന്ന കാര്യം ഉറപ്പാണ്.

ആറ്റിങ്ങലിൽ ഫോട്ടോഫിനിഷിൽ അടൂർ പ്രകാശ് വിജയിച്ചതോടെ വർക്കല നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഒഴിവായി. അതേസമയം റായ്ബറേലിയിൽ കൂടി ജയിച്ച പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി വയനാട്ടിലെ എംപി സ്ഥാനം രാജിവച്ചേക്കുമെന്നാണ് സൂചന. ഇതോടെ രണ്ട് മണ്ഡലങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും സംസ്ഥാനത്ത് നടക്കും.

ഇന്ത്യാ സഖ്യം ഇരുന്നൂറിലധികം സീറ്റ് നേടിയതിന്റെ പശ്ചാത്തലത്തിൽ പ്രിയങ്ക ഗാന്ധി തന്നെ രാഹുലിന്റെ ഒഴിവിൽ വയനാട്ടിലേക്കെത്തിയാലും അത്ഭുതപ്പെടാനില്ല. മറിച്ചാണെങ്കിൽ ആര് മത്സരിക്കും എന്ന ചോദ്യവും ഉയരുന്നുണ്ട്. രാധാകൃഷ്ണൻ പാർലമെന്റിലേക്ക് പോകുന്നതോടെ സംസ്ഥാന മന്ത്രിസഭയിലും ഒഴിവ് വരും. ഇതോടെ പകരം മന്ത്രിയെ ഉൾപ്പെടുത്തി മുഖം മിനുക്കലിനും പിണറായി തയ്യാറാകും.

ദേവസ്വം വകുപ്പാണ് രാധാകൃഷ്ണൻ കൈകാര്യം ചെയ്യുന്നത്. ഇ.കെ. നായനാർ മന്ത്രിസഭയിൽ മന്ത്രിയും വി എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്പീക്കറുമായിരുന്ന രാധാകൃഷ്ണനെ പോലെ മുതിർന്ന നേതാവ് ഒഴിയുമ്പോൾ പകരം ആരു മന്ത്രിയാകും എന്നതും നിർണായകമാണ്. മന്ത്രിസഭയിലേക്ക് കടന്നുവരുന്ന പുതുമുഖം ആരായിരിക്കുമെന്നതും കേരള രാഷ്ട്രീയത്തിലെ കൗതുകമുണർത്തുന്ന ചോദ്യമാണ്.

അതേസമയം ബിജെപിക്ക് കൂടി പ്രതീക്ഷയുള്ള പാലക്കാട്ട് തീപാറുന്ന പോരാട്ടമും ഉണ്ടാകുക എന്നതും ഉറപ്പാണ്. ഷാഫി ബിജെപിയോട് പൊരുതി ജയിക്കുന്ന പാലക്കാട് മണ്ഡലത്തിൽ പകരക്കാരനെ കണ്ടെത്താൻ യുഡിഎഫ് വിയർക്കും. നിലവിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അടക്കം മണ്ഡലത്തിൽ കോൺഗ്രസ് പരിഗണിക്കുന്നുണ്ട്. എന്നാൽ, കോൺഗ്രസ് ജില്ലാ നേതൃത്വം ഇക്കാര്യത്തിൽ അത്രയ്ക്ക് അനുകൂലമല്ല.

കരുത്തനെ നിർത്തിയില്ലെങ്കിൽ നിലവിലെ അന്തരീക്ഷത്തിൽ മണ്ഡലം ബിജെപിയിലേക്ക് ചായും. സിപിഎമ്മിനെ സംബന്ധിച്ചും സ്ഥിരമായി മൂന്നാം സ്ഥാനത്തെത്തുന്ന മണ്ഡലത്തിൽ ചീത്തപ്പേര് മാറ്റിയെടുക്കേണ്ടത് അത്യാവശ്യമാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും ഷാഫി പറമ്പിലിന്റെ വിശ്വസ്തനുമായ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് മത്സരിപ്പിക്കാൻ ഒരു വിഭാഗത്തിന് താൽപര്യമുണ്ട്. എന്നാൽ പത്തനംതിട്ടക്കാരനായ രാഹുലിനെ ഒരു വിഭാഗം എതിർക്കുന്നുമുണ്ട്. മണ്ഡലത്തിൽ നിന്നുള്ള ഒരാളെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഇടതുകോട്ടയായ ചേലക്കര നിലനിർത്താമെന്ന പ്രതീക്ഷ സിപിഎമ്മിനുണ്ടെങ്കിലും പ്രചരണത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ല. മുൻ എംപി പി.കെ. ബിജുവിനെ തന്നെ കളത്തിലിറക്കിയേക്കാം. എ കെ ബാലൻ മത്സരിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇല്ലാത്ത പക്ഷം പ്രദേശിക നേതാവിയെും കണ്ടെത്തിയേക്കും. തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും മുൻപുള്ള കേളികൊട്ടായിരിക്കും ഉപതിരഞ്ഞെടുപ്പെന്ന് എൽഡിഎഫിന് നന്നായി അറിയാം. അതുകൊണ്ട് തന്നെ കൈമെയ് മറന്ന് പോരാടാൻ എല്ലാവരും തയ്യാറും.