- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസിന് ലഭിക്കുന്ന പിന്തുണയെ മോദിക്ക് ഭയം: വിമർശിച്ചു ഖാർഗെ
തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. എങ്ങനെയാണ് ജനങ്ങളെ ഒന്നിച്ച് കൊണ്ടു പോകേണ്ടതെന്ന് മോദി പഠിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. രാജ്യത്ത് ഒരു മതവിഭാഗത്തിൽ മാത്രമല്ല കുട്ടികൾ കൂടുന്നതെന്നും മതപരമായി വേർതിരിച്ച് കാണരുതെന്നും ഖാർഗെ പറഞ്ഞു. തനിക്ക് അഞ്ച് കുട്ടികളുണ്ടെന്നും അധ്വാനിച്ചാണ് അവരെ വളർത്തിയതെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
വോട്ടർമാരിൽനിന്ന് കോൺഗ്രസിന് ലഭിക്കുന്ന മികച്ച പിന്തുണയിൽ മോദി ഭയപ്പെടുന്നുവെന്നും ഖാർഗെ പറഞ്ഞു. അഴിമതിയോട് സന്ധി ചെയ്യില്ലെന്ന് പറയുന്നവർ മറുവശത്ത് അഴിമതിക്കാരായവരെ പാർട്ടിയിലേക്ക് ചേർക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഖാർഗെ.
നരേന്ദ്ര മോദി ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ തരുമെന്നും വിദേശത്ത് കോൺഗ്രസ് നിക്ഷേപിച്ച കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നും പറഞ്ഞു. എന്നിട്ട് എവിടെ ആ പണം? അടുത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹം പറഞ്ഞത് കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ്. എവിടെ കർഷകരുടെ ഇരട്ടിയായ വരുമാനം? ഇപ്പോൾ അദ്ദേഹം വീണ്ടും പറയുന്നു മോദിയുടെ ഗ്യാരണ്ടിയെന്ന്. എന്താണ് മോദിയുടെ ഗ്യാരണ്ടി. അദ്ദേഹം നടപ്പിൽവരുത്തുമെന്ന് പറഞ്ഞ വാഗ്ദാനങ്ങൾ നടപ്പിലാക്കാതിരിക്കുക എന്നതാണ് മോദിയുടെ ഗ്യാരണ്ടി, ഖാർഗെ പറഞ്ഞു.
വോട്ടർമാരിൽനിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഇതിനെ മോദി ഭയക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം നിരന്തരം കോൺഗ്രസിനെ വിമർശിച്ചുകൊണ്ടിരിക്കുന്നത്. കോൺഗ്രസ് ഒന്നുമല്ലെങ്കിൽ പിന്നെ എന്തിനാണ് മോദി നിരന്തരം കോൺഗ്രസിനെ വിമർശിക്കുന്നത്. അഴിമതിയോട് സന്ധിചെയ്യില്ലെന്നുപറയുകയും മറുവശത്ത് അഴിമതിക്കാരായവരെ പാർട്ടിയിലേക്ക് ചേർക്കുകയും ചെയ്യുന്നു. ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഖാർഗെ ചോദിച്ചു.
മുസ്ലിങ്ങൾ കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നു എന്ന മോദിയുടെ വിവാദ പരാമർശത്തെ പരിഹസിച്ച ഖാർഗെ, തനിക്ക് അഞ്ച് കുട്ടികളുണ്ടെന്നും അവരെ അധ്വാനിച്ചാണ് വളർത്തിയതെന്നും പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗം തെറ്റായിപ്പോയി. പ്രധാനമന്ത്രി ഇന്ത്യയുടെ ചരിത്രം വായിക്കണം. രാജ്യത്തെ ഒറ്റക്കെട്ടായി നിർത്താൻ പഠിക്കണം. എന്നാൽ, ജാതിയുടെ പേരിൽ ജനങ്ങളെ വേർതിരിക്കുകയാണ് മോദി ചെയ്യുന്നത്. രാജ്യത്ത് ഒരു മതവിഭാഗത്തിൽ മാത്രമല്ല കൂടുതൽ കുട്ടികൾ ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിക്കെതിരെയും രൂക്ഷ വിമർശനം ഖാർഗെ ഉന്നയിച്ചു. 18 വർഷം എംപിയായിട്ടും രാജീവ് ചന്ദ്രശേഖർ കർണാടകയിൽ ഒന്നും ചെയ്തിട്ടില്ലെന്നും ഖാർഗെ വ്യക്തമാക്കി.