വയനാട്: വയനാട്ടിൽ വോട്ടു കൂട്ടാൻ ഭക്ഷ്യകിറ്റുകളും? ബത്തേരിയിൽനിന്ന് അവശ്യസാധനങ്ങൾ അടങ്ങിയ 1500 ഭക്ഷ്യക്കിറ്റുകൾ പിടികൂടിയതോടെ വിവാദം കത്തി പടരുകയാണ്. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു കിറ്റ് കണ്ടെത്തിയത്. ബിജെപിക്കെതിരെയാണ് ആരോപണങ്ങൾ.

ഒന്നിന് 279 രൂപ വരുന്ന കിറ്റുകളാണു ബത്തേരിയിലെ ചില്ലറ മൊത്ത വിതരണ പലചരക്ക് കടയിൽനിന്നു വാങ്ങിയിരിക്കുന്നത്. ഒരു കിലോ പഞ്ചസാര, ബിസ്‌ക്കറ്റ്, റസ്‌ക്, 250 ഗ്രാം ചായപ്പൊടി, അര ലീറ്റർ വെളിച്ചെണ്ണ, അരകിലോ സോപ്പ് പൊടി, ഒരു കുളിസോപ്പ് എന്നിവയാണു കിറ്റിലുള്ളത്. കൂടാതെ വെറ്റില, അടക്ക, ചുണ്ണാമ്പ്, പുകയില അടക്കമുള്ള 33 കിറ്റുകളും ഉണ്ട്. കിറ്റുകളുടെ സ്വഭാവം നോക്കുമ്പോൾ ചില പ്രത്യേക വിഭാഗങ്ങൾക്ക് വേണ്ടിയുള്ളതാണെന്നാണ് കോൺഗ്രസും സിപിഎമ്മും പറയുന്നത്.

രാത്രി ഏഴുമണിയോടെ ഭക്ഷ്യ കിറ്റുകൾ കയറ്റിയ വാഹനം പൊലീസ് പിടികൂടിയത്. വാഹനം പൊലീസ് കസ്റ്റഡിയിലാണ്. ഇത് ഇലക്ഷൻ ഫ്‌ളയിങ് സ്‌ക്വാഡിനു കൈമാറുമെന്നു ബത്തേരി പൊലീസ് അറിയിച്ചു. കിറ്റുകൾ എവിടേക്കുള്ളതാണെന്ന് അറിയില്ലെന്നാണ് ലോറി ഡ്രൈവറുടെ നിലപാട്. കിറ്റുകൾക്കു പിന്നിൽ ബിജെപിയാണ് എന്ന് ആരോപിച്ച് യുഡിഎഫും എൽഡിഎഫും രംഗത്തുവന്നിട്ടുണ്ട്. മാനന്തവാടി കെല്ലൂർ അഞ്ചാംമൈലിൽ ഒരു സൂപ്പർമാർക്കറ്റിൽ നൂറുകണക്കിനു കിറ്റുകൾ തയാറാക്കുന്നതായി വിവരം പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് സംഘർഷ സാധ്യത ഉണ്ടെന്നാണ് വിവരം.

ബിജെപി കോളനികളിൽ വിതരണം ചെയ്യാനായി തയാറാക്കിയ കിറ്റുകളാണ് ഇതെന്നും പണവും മദ്യവും ഭക്ഷ്യ കിറ്റുകളും നൽകി വോട്ടർമാരെ സ്വാധീനിച്ചു വോട്ട് നേടാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഇരുമുന്നണികളും ആരോപിച്ചു. അതേസമയം, ബിജെപി ബത്തേരി മണ്ഡലം പ്രസിഡന്റ് എ.എസ്. കവിത ആരോപണം നിഷേധിച്ചു. മാനന്തവാടി കെല്ലൂരിലും കിറ്റുകൾ വിതരണത്തിന് എത്തിച്ചെന്ന് ആരോപണമുണ്ട്. പിന്നാലെ, അഞ്ചാം മൈലിലെ സൂപ്പർ മാർക്കറ്റിന് മുന്നിൽ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായെത്തി.

നേരെ ചൊവ്വേ മത്സരിച്ചാൽ വോട്ടു കിട്ടില്ലെന്നും അതുകൊണ്ട് കിറ്റ് കൊടുത്ത് തോൽവിയുടെ ആഘാതം കുറയ്ക്കാൻ ബിജെപി ശ്രമിക്കുന്നതായും ടി.സിദ്ദിഖ് എംഎൽഎ ആരോപിച്ചു. ആദിവാസി കോളനികൾ കേന്ദ്രീകരിച്ചാണ് കിറ്റ് വിതരണം ചെയ്യാൻ കൊണ്ടുവന്നതെന്ന് സിപിഎം ആരോപിച്ചു. ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി കൊണ്ടുവന്ന കിറ്റ് ആണെന്ന് സിപിഎം കുറ്റപ്പെടുത്തി.