കൊല്ലം: കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ പാളിച്ചയെന്ന് യുഡിഎഫ് വിലയിരുത്തൽ. അവലോകന യോഗത്തിലാണ് ഈ വിമർശനം ഉയർന്നത്. പ്രധാനമായും കോൺഗ്രസ് നേതാക്കൾക്കെതിരയാണ് ആരോപണം ഉയർന്നത്. പുതുതായി ഡി.സി.സി. ഭാരവാഹികളായ യൂത്ത് കോൺഗ്രസ് മുൻ നേതാക്കൾ രൂക്ഷവിമർശനമുയർത്തി. തിരഞ്ഞെടുപ്പ് കമ്മിറ്റിയും കോൺഗ്രസ് ജില്ലാ കമ്മിറ്റിയും പരാജയപ്പെട്ടെന്ന് ആർ.അരുൺരാജ് ആഞ്ഞടിച്ചു. ഡി.സി.സി. ഭാരവാഹികൾക്ക് ചുമതലകൾ നിശ്ചയിച്ചുനൽകിയില്ലെന്നും അരുൺ പറഞ്ഞു.

ആശ വർക്കർമാർ, തൊഴിലുറപ്പു തൊഴിലാളികൾ തുടങ്ങി ഓരോ ചെറു ഗ്രൂപ്പുകളുടെയും യോഗങ്ങൾ എൽ.ഡി.എഫ്. നടത്തിയപ്പോൾ യു.ഡി.എഫ്. നിശ്ചലമായിരുന്നെന്ന് ഫൈസൽ കുളപ്പാടം ആരോപിച്ചു. രണ്ടും മൂന്നും വാർഡുകൾക്ക് എൽ.ഡി.എഫ്. ഒരു അനൗൺസ്‌മെന്റ് വാഹനം വിട്ടുകൊടുത്തപ്പോൾ യു.ഡി.എഫിന് അതുണ്ടായില്ല.

എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ തിരഞ്ഞെടുപ്പുപ്രവർത്തനത്തിൽ വലിയ വ്യത്യാസമുണ്ടെന്നായിരുന്നു മുതിർന്ന ആർ.എസ്‌പി. നേതാവ് എ.എ.അസീസിന്റെ വിമർശനം. താൻ അഞ്ചുതവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചെന്നും യു.ഡി.എഫിനൊപ്പം വന്നപ്പോഴാണ് തോറ്റതെന്നും അദ്ദേഹം തുറന്നടിച്ചു. നേരത്തേ വന്നിരുന്നെങ്കിൽ വിജയിച്ചേനെ എന്ന് കോൺഗ്രസ് നേതാവ് കെ.സി.രാജൻ തിരുത്തി.

പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ രംഗത്ത് യു.ഡി.എഫിന് പ്രാതിനിധ്യമില്ലാത്തത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായിരുന്നെന്നും കെ.സി.രാജൻ പറഞ്ഞു. ഈ സംവിധാനമുപയോഗിച്ച് അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എ.ഐ.സി.സി. തിരഞ്ഞെടുപ്പിൽ കാര്യമായി സഹകരിച്ചെന്ന് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു.

കൊല്ലം ലോക്‌സഭാ മണ്ഡലത്തിൽ ഒരുലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തിയത്. ചവറ, കൊല്ലം, ഇരവിപുരം മണ്ഡലങ്ങളിൽ ഇരുപതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കും. മറ്റ് നാല് മണ്ഡലങ്ങളിലും പതിനായിരത്തിലേറെ വോട്ടുകളുടെ മേൽക്കൈയുണ്ടാകും. ഭരണവിരുദ്ധവികാരം രൂക്ഷമായിരുന്നു. എല്ലാ മേഖലകളിലും യു.ഡി.എഫ്.അനുകൂല തരംഗം ദൃശ്യമായി. ഈ തരംഗം ആഞ്ഞടിച്ചാൽ ഭൂരിപക്ഷം ഉയരുമെന്നും യോഗം വിലയിരുത്തി.