- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്സഭാ തെരഞ്ഞെടുപ്പു ഫലം വരുമ്പോൾ രാത്രിയിൽ ആഹ്ളാദപ്രകടനം വേണ്ട
കോഴിക്കോട്: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായ ജൂൺ നാലിന് വിജയാഹ്ലാദ പ്രകടനങ്ങൾ അതിരുവിടരുതെന്ന മുന്നറിയിപ്പുമായി കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ. ഇതുമായി ബന്ധപ്പെട്ട കർശന നിർദ്ദേശം രാഷ്ട്രീയ പാർട്ടികൽ താഴേത്തട്ടിലേക്ക് നൽകണമെന്നും കലക്ടർ അഭ്യർത്ഥിച്ചു. ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടെടുപ്പ് ദിവസത്തിലെന്ന പോലെ വോട്ടെണ്ണൽ ദിനത്തിലും ജില്ലയിൽ സാമാധാനപരമായ അന്തരീക്ഷം കാത്തുസൂക്ഷിക്കാൻ എല്ലാവരും സഹകരിക്കണം. ചെറിയ അക്രമ സംഭവങ്ങൾ വലിയ സംഘർഷങ്ങളായി മാറുന്ന സ്ഥിതി പലപ്പോഴും ഉണ്ടാവാറുണ്ടെന്നും അത്തരം അനിഷ്ട സംഭവങ്ങൾ ജില്ലയിൽ ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്താൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കളക്ടർ ഓർമിപ്പിച്ചു. ജില്ലയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന യാതൊന്നും ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനായി കർശന സുരക്ഷാ സംവിധാനം ഒരുക്കിയതായി കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണ, വടകര റൂറൽ എസ്‌പി ഡോ. അരവിന്ദ് സുകുമാർ എന്നിവർ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോർഡുകളും മറ്റും വോട്ടെണ്ണൽ ദിനത്തിന് മുന്നോടിയായി ഉടൻ തന്നെ എടുത്തുമാറ്റാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണം.
ആഹ്ലാദ പ്രകടനങ്ങൾ ഒരു കാരണവശാലും രാത്രിയിലേക്ക് നീളുന്ന സാഹചര്യമുണ്ടാവാൻ പാടില്ല. ആഘോഷപരിപാടികളുടെ ഭാഗമായി പടക്കങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇവയുമായി ബന്ധപ്പെട്ട് സമവായം ഉണ്ടാക്കുന്നതിനും ഏകോപനം സാധ്യമാക്കുന്നതിനുമായി സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രാദേശികതലത്തിൽ യോഗങ്ങൾ വിളിച്ചുചേർക്കുമെന്നും അവർ അറിയിച്ചു.
നാട്ടിൽ സമാധാനാന്തരീക്ഷം നിലനിർത്തുന്നതിന് ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്നുള്ള എല്ലാ നടപടികൾക്കും പൂർണ പിന്തുണ അറിയിക്കുന്നതായി യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പറഞ്ഞു. ആഹ്ലാദപ്രകടനങ്ങളുമായി ബന്ധപ്പെട്ട് സമാധാനം തകർക്കുന്ന ഒരു പ്രവൃത്തിയും ആരുടെ ഭാഗത്തു നിന്നും ഉണ്ടാവരുതെന്ന കർശന നിർദ്ദേശം പ്രവർത്തകർക്ക് ഇതിനകം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രാദേശിക തലത്തിൽ ജനപ്രതിനിധികളെയും പാർട്ടി പ്രതിനിധികളെയും പങ്കെടുപ്പിച്ച് പ്രാദേശിക തലത്തിൽ പൊലീസിന്റെ നേതൃത്വത്തിൽ യോഗങ്ങൾ വിളിച്ചുചേർക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
യോഗത്തിൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണ, വടകര റൂറൽ എസ്‌പി ഡോ. അരവിന്ദ് സുകുമാർ, വടകര ലോക്‌സഭ മണ്ഡലം വരണാധികാരി കൂടിയായ എ.ഡി.എം കെ. അജീഷ്, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ശീതൾ ജി മോഹൻ, പാർട്ടി പ്രതിനിധികളായ പി എം അബ്ദുറഹ്മാൻ (കോൺഗ്രസ്), എം ഗിരീഷ് (സിപിഐഎം), കെ കെ നവാസ് (മുസ്ലിം ലീഗ്), അജയ് നെല്ലിക്കോട് (ബിജെപി), പി ടി ആസാദ് (ജനതാ ദൾ എസ്) എന്നിവർ പങ്കെടുത്തു.