കൊല്ലം: കൊല്ലം ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിനൊപ്പം പ്രചരണത്തിന് കുടുംബവും സജീവം. ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവരെല്ലാം കൊല്ലത്ത് സജീവമാണ്.അച്ഛൻ ഇത്തവണ ജയിക്കും എന്നാണ് തന്റെ സുഹൃത്തുക്കൾ പോലും പറയുന്നതെന്നാണ് രണ്ടാമത്തെ മകൾ ദിയ പറയുന്നത്.

'കഴിഞ്ഞ തവണ ഇലക്ഷന് നിന്നതിനേക്കാൾ ഒരുപാട് പോസിറ്റീവ് വീഡിയോകൾ അച്ഛനെപ്പറ്റി ഞാൻ ഇത്തവണ സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു. മുമ്പ് മറ്റ് പാർട്ടികൾക്കൊപ്പം നിന്നിരുന്ന എന്റെ സുഹൃത്തുക്കളിൽ പലരും അച്ഛന്റെ വീഡിയോ ഇപ്പോൾ അയച്ച് തരുന്നുണ്ട്. അച്ഛൻ ജയിക്കും എന്നാണ് അവരും പറയുന്നത്. കോളേജിൽ തടഞ്ഞപ്പോഴുള്ള അച്ഛന്റെ പ്രതികരണമാണ് കൂടുതൽപേരും പറയുന്നത്. കൃഷ്ണകുമാർ എന്ന വ്യക്തി കാരണം ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് അവർ പറഞ്ഞു. അച്ഛൻ എല്ലാവരോടും ഒരുപോലെയാണ് സംസാരിക്കുന്നത്. എല്ലാവരെയും സഹായിക്കണം എന്ന് പഠിപ്പിച്ച് തന്നിട്ടുണ്ട്. ഇലക്ഷന് നിൽക്കുന്നതിന് മുമ്പ് തന്നെ അച്ഛൻ ഒരുപാടുപേർക്ക് സഹായം ചെയ്തിട്ടുണ്ട്. ' - ദിയ കൃഷ്ണ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുടുംബവും ഇനി ഒപ്പമുണ്ടാകുമെന്ന് കൃഷ്ണകുമാർ പറഞ്ഞു. ജീവിതത്തിൽ ഒരുപാട് അനുഗ്രഹങ്ങൾ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.'ജീവിതത്തിൽ വലിയ ദൈവാനുഗ്രഹം കിട്ടിയിട്ടുള്ള വ്യക്തിയാണ് ഞാൻ. എന്നും എപ്പോഴും ദൈവം എനിക്കൊരു നല്ല ജീവിതം തന്നിട്ടുണ്ട്. അതുപോലെ കുടുംബമായിക്കഴിഞ്ഞിട്ടും അങ്ങനെ തന്നെയാണ്. ഞാൻ സിനിമാ രംഗത്ത് വന്നു. ഞാൻ പലപ്പോഴും ഒരു സ്ട്രഗ്ളർ ആയിരുന്നു. പിന്നീട് മക്കൾ അതുപോലെ ഈ രംഗത്ത് തന്നെ വന്നു.' - കൃഷ്ണകുമാർ പറഞ്ഞു.

'ലോകത്ത് എവിടെയൊക്കെ മലയാളികളുണ്ടോ അവരെല്ലാം മക്കളെ സ്വീകരിച്ചു, സ്നേഹിച്ചു. അവരെ അംഗീകരിച്ചു. ഇവരെ ധാരാളംപേർ സ്നേഹിക്കുന്നുണ്ട്. അതാണ് ഇന്നെനിക്ക് അനുഗ്രഹമായി കിട്ടിയിരിക്കുന്നത്. അച്ഛൻ ഫൈറ്റ് ചെയ്യണമെന്നാണ് മക്കൾ പറഞ്ഞത്. അവസാന പത്ത് ദിവസങ്ങളിൽ വേണ്ട രീതിയിൽ ഞങ്ങൾ സഹായിക്കാമെന്നും അവർ പറഞ്ഞു. ഇലക്ഷൻ പ്രചാരണവുമായി ബന്ധപ്പെട്ട് എന്നെ സഹായിക്കാനാണ് ഇവർ കൊല്ലത്ത് വന്നിരിക്കുന്നത്.' - കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.

കോൺഗ്രസിനെയും സിപിഎമ്മിനെയും കടന്നാക്രമിച്ചാണ് കൊല്ലത്ത് കൃഷ്ണകുമാർ പ്രചരണത്തിൽ നിറയുന്നത്. ഇരുമുന്നണികളും കൊല്ലത്ത് മാറിമാറി ഭരിച്ചെങ്കിലും വികസനങ്ങൾ നടപ്പിലാക്കാൻ സാധിച്ചില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് ബിജെപി വിജയിക്കുമെന്ന വിശ്വാസമുണ്ടെന്നും ജി കൃഷ്ണകുമാർ പറഞ്ഞു.

"കൊല്ലം നഗരത്തെ കേന്ദ്രം കൃത്യമായി വീക്ഷിക്കുന്നുണ്ട്. അതിനാലാണ് കേന്ദ്രനേതൃത്വത്തിൽ നിന്നും നിരനിരയായി നേതാക്കൾ കൊല്ലത്തേക്ക് പ്രചാരണത്തിനെത്തുന്നത്. നഗരത്തിൽ വികസനം സാധ്യമാക്കാൻ ഇനി ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളൂ. കേരളത്തിലെ മറ്റു മുന്നണികൾ മാറിമാറി ഭരിച്ചെങ്കിലും എന്ത് വികസനമാണ് ഇവിടെയുണ്ടാക്കിയത്. 40 വർഷമായി അടഞ്ഞു കിടന്നിരുന്ന ബൈപ്പാസിന്റെ പ്രവർത്തനം ആരംഭിച്ചത് 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലേറിയപ്പോഴാണ്."- ജി കൃഷ്ണകുമാർ പറഞ്ഞു.

റെയിൽവേ നവീകരണവും ഇതിനായുള്ള ഫണ്ടും നൽകുന്നത് കേന്ദ്രമാണ്. കേന്ദ്രസർക്കാരിന്റെ ചെലവിൽ ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കാൻ മാത്രമാണ് കൊല്ലത്തുണ്ടായിരുന്ന എംപിമാർ ഉത്സാഹം പ്രകടിപ്പിച്ചത്. വികസനങ്ങൾ കേരളത്തിൽ വരണമെങ്കിൽ ഭരണമാറ്റം അനിവാര്യമാണെന്നും ജി കൃഷ്ണകുമാർ കൂട്ടിച്ചേർത്തു. കൊല്ലം നഗരത്തിൽ കൃത്യമായ രീതിയിൽ പ്രചാരണം നടത്തുണ്ട്. നഗരത്തെ എങ്ങനെ മുൻപന്തിയിലെത്തിക്കാമെന്നതിന്റെ വ്യക്തമായ ധാരണയും ബിജെപിക്കുണ്ടെന്ന് കൃഷ്ണകുമാർ വ്യക്തമാക്കി.