- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രഭാതം ദിനപ്പത്രത്തിൽ വീണ്ടും എൽഡിഎഫ് പരസ്യം
കോഴിക്കോട്: മുസ്ലിംലീഗിന് കാലങ്ങളായി ലഭിച്ചു കൊണ്ടിരുന്ന സമസ്ത വോട്ടുബാങ്കിൽ വിള്ളൽ വീഴ്‌ത്താനുള്ള തീവ്രശ്രമത്തിലാണ് ഇടതുമുന്നണി. ഇതിന്റെ ഭാഗമായി സുപ്രഭാതം ദിനപത്രത്തിൽ വീണ്ടും എൽഡിഎഫ് പരസ്യം. വൻ വിവാദം അലയടിക്കുന്നതിനിടയിൽയാണ് സുപ്രഭാതം ദിനപ്പത്രത്തിൽ വീണ്ടും എൽഡിഎഫിന്റെ പരസ്യമെത്തിയത്.
ഇന്ന് പുറത്തിറങ്ങിയ പത്രത്തിന്റെ ഒന്നാം പേജിലാണ് എൽഡിഎഫ് പരസ്യം വന്നിരിക്കുന്നത്. നേരത്തേ പരസ്യം വന്നതിന് എതിരേ ലീഗ് പ്രവർത്തകർ പ്രതിഷേധിക്കുകയും പത്രം കത്തിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കണ്ണൂരിലെയും കോഴിക്കേട്ടെയും എഡീഷനുകളിൽ ഒന്നാം പേജിലും രണ്ടാം പേജിലും പരസ്യമുണ്ട്. കണ്ണൂരിൽ രണ്ടാം പേജിൽ എം വി ജയരാജന് വോട്ടു ചെയ്യാനും കോഴിക്കോട്ട് കെ.കെ. ശൈലജയ്ക്ക് വോട്ടുചെയ്യാനും ആവശ്യപ്പെട്ടാണ് പരസ്യം വന്നിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ചിത്രത്തോടു കൂടിയ പരസ്യത്തിൽ "ജനങ്ങളെ സംരക്ഷിക്കേണ്ടവർ വിഷം തുപ്പുമ്പോൾ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷം എന്നും ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ." എന്നുമാണ് പരസ്യവാചകം. ഉൾപേജിൽ കോൺഗ്രസിന്റെ പരസ്യവുമുണ്ട്. സമസ്ത പത്രത്തിൽ എൽഡിഎഫിന്റെ പരസ്യം വന്നത് അണികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി മാറിയിരുന്നു.
ലീഗ് പ്രവർത്തകർ പത്രം കത്തിക്കുകയും ചെയ്തിരുന്നു. ഈ മാസം 20ന് മലപ്പുറം തിരൂരങ്ങാടിയിലാണ് സുപ്രഭാതം പത്രം കത്തിച്ചത്. ചില സമസ്ത നേതാക്കളുടെ എൽ.ഡി.എഫ് അനുകൂല പ്രസ്താവന തള്ളി സമസ്ത നേതൃത്വം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ പത്രത്തിലും എൽ.ഡി.എഫ് പരസ്യം വന്നിരിക്കുന്നത്. സുപ്രഭാതത്തിൽ എൽഡിഎഫ് പരസ്യം വന്നത് ബിസിനസിന്റെ ഭാഗമാണെന്നും സംഘടനയുടെയോ പത്രത്തിന്റെയോ നിലപാടല്ലെന്നുമാണ് ലീഗിന്റെ പ്രതികരണം. പത്രം കത്തിച്ചയാൾ ഔദ്യോഗിക ഭാരവാഹി അല്ലെന്നാണ് ലീഗിന്റെ വിശദീകരണം.
അതിനിടെ സമസ്ത - ലീഗ് പ്രശ്‌നത്തിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാവ് ഡോ. എം.കെ മുനീർ രംഗത്തെത്തി. മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന സിപിഎം ആണ് പ്രശ്‌നങ്ങൾക്ക് പിന്നിലെന്ന് മുനീർ പറഞ്ഞു. മോദിയുടെ സ്വരമുള്ള പിണറായിയുടെ ഭാഗത്ത് നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കണ്ട. അടിയൊഴുക്ക് സ്വപ്നം കണ്ട് മുൻപും സമാന പരീക്ഷണങ്ങൾ സിപിഎം നടത്തിയിട്ടുണ്ട്. ഇത്തവണയും പരീക്ഷണം പാളുമെന്നും മുനീർ പറഞ്ഞു. രാജ്യം അപകടത്തിലാകുമ്പോൾ തർക്കിച്ച് നേരം കളയാൻ ലീഗില്ലെന്നും മുനീർ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന് പറഞ്ഞ പി.വി അൻവറിന്റെ ഇഇജി പരിശോധന നടത്തി തലേച്ചോറിന്റെ തകരാർ കണ്ടെത്തണമെന്നും മുനീർ പരിഹസിച്ചു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും മുസ്ലിം ലീഗും, ഇരു സംഘടനകളുടെ അണികളും തമ്മിലുള്ള പ്രത്യേക ബന്ധത്തിന് തകരാറുണ്ടാക്കുകയും തെറ്റിദ്ധാരണകൾ പരത്തുകയും ചെയ്യുന്ന അനാവശ്യ പ്രചാരണങ്ങൾ എല്ലാവരും ഒഴിവാക്കണമെന്നും സമസ്ത നേതാക്കളുടെ സംയുക്ത പ്രസ്താവന കഴിഞ്ഞ ദിവസം എത്തിയിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമസ്ത ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, ട്രഷറർ പി.പി. ഉമ്മർ മുസ്ലിയാർ കൊയ്യോട്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം ടി. അബ്ദുല്ല മുസ്ലിയാർ എന്നിവർ സംയുക്ത പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
എൽ.ഡി.എഫിനെ പിന്തുണച്ചുകൊണ്ട് കഴിഞ്ഞദിവസം സമസ്ത മുശാവറ അംഗവും സെക്രട്ടറിയുമായ ഉമർ ഫൈസി മുക്കം രംഗത്തുവന്നിരുന്നു. ഇത് വലിയ വിവാദമാണ് മുസ്‌ലിം ലീഗിന്റെയും സമസ്തയുടെയും അണികൾക്കിടയിൽ സൃഷ്ടിച്ചത്. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കാണിച്ചുകൊണ്ട് സമസ്ത നേതാക്കളുടെ സംയുക്ത പ്രസ്താവന വരുന്നത്.