- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശൈലജയ്ക്കും മന്ത്രി രാധാകൃഷ്ണനും മത്സരിക്കാൻ താൽപ്പര്യക്കുറവ്; ലോക്‌സഭാ പട്ടികയിൽ സ്ഥാനാർത്ഥികളായി എളമരവും ഐസക്കും വിജയരാഘവനും വരെ; ഇടുക്കി കേരളാ കോൺഗ്രസിനോ? സിപിഐയും തരൂരിനെതിരെ സ്ഥാനാർത്ഥിയെ തേടുന്നു
തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരമാവധി നേട്ടമുണ്ടാക്കാൻ സിപിഎം. കഴിയുന്നത്ര സീറ്റുകളിൽ ജയിക്കുകയാണ് ലക്ഷ്യം. ഇതിന് വേണ്ടി മന്ത്രിയടക്കം മുതിർന്ന നേതാക്കളെ സിപിഎം കളത്തിൽ ഇറക്കും. സിപിഐയോടും പ്രമുഖരെ മത്സരിപ്പിക്കണമെന്ന് സിപിഎം ആവശ്യപ്പെടും. പരമാവധി സീറ്റുകൾ ജയിക്കുകയാണ് ലക്ഷ്യം. എംഎൽഎമാരായ കെകെ ശൈലജ മത്സരിക്കുമെന്ന് ഉറപ്പാണ്. കെടി ജലീലും ലോക്‌സഭയിൽ അങ്കത്തിനെത്തും.
സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ (പാലക്കാട്), കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി.എം.തോമസ് ഐസക് (എറണാകുളം), എളമരം കരീം (കോഴിക്കോട്), മന്ത്രി കെ.രാധാകൃഷ്ണൻ (ആലത്തൂർ), പി.കെ.ശ്രീമതി, കെ.കെ.ശൈലജ (കണ്ണൂർ, കാസർകോട്), കെ.ടി.ജലീൽ (പൊന്നാനി) തുടങ്ങിയവർക്കാണു സാധ്യത. സിറ്റിങ് സീറ്റുകളായ ആലപ്പുഴയിലും കോട്ടയത്തും നിലവിലെ എംപിമാരായ എ.എം.ആരിഫിനും തോമസ് ചാഴികാടനും തന്നെയാണു സാധ്യത. കഴിഞ്ഞ തവണ യുഡിഎഫ് ടിക്കറ്റിൽ ജയിച്ച ചാഴികാടൻ കേരള കോൺഗ്രസ്(എം) മുന്നണി മാറിയതോടെ ഇടതുപക്ഷത്ത് എത്തുകയായിരുന്നു.
മന്ത്രി രാധാകൃഷ്ണന് ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിൽ താൽപ്പര്യക്കുറവുണ്ട്. ശൈലജയുടെ മനസ്സും കേരളത്തിൽ തുടരാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ സിപിഎം നേതൃത്വം വിജയസാധ്യത എന്ന നിലയിൽ രണ്ടു പേരും മത്സരിക്കട്ടേ എന്ന അഭിപ്രായത്തിലും. കണ്ണൂരും ആലത്തൂരും ജയിക്കേണ്ടത് അനിവാര്യതയെന്നാ് സിപിഎം വിലയിരുത്തൽ. ആറ്റിങ്ങലും മികച്ച പ്രകടനമാണ് ലക്ഷ്യമിടുന്നത്. പാലക്കാടും ജയം അനിവാര്യതയാണ് സിപിഎമ്മിന്. പത്തിൽ അധികം എംപിമാരെ കേരളത്തിൽ നിന്നും സൃഷ്ടിക്കലാണ് സിപിഎമ്മിന്റെ പ്രധാന അജണ്ട. ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ ഇടപെടലിന് ഇത് അനിവാര്യതയാണ്.
ആറ്റിങ്ങലിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയി, രാജ്യസഭാംഗം എ.എ.റഹിം എന്നിവരുടെ പേരുകളാണുയരുന്നത്. കൊല്ലത്ത് എം.മുകേഷ് എംഎൽഎ, ചിന്ത ജെറോം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, മുൻ എംഎൽഎ പി.അയിഷ പോറ്റി എന്നിവരുടെ പേരുകൾ പ്രചരിക്കുന്നു. പത്തനംതിട്ടയിലും തോമസ് ഐസക്കിന്റെ പേര് കേൾക്കുന്നുണ്ടെങ്കിലും മുൻ എംഎൽഎ രാജു ഏബ്രഹാമിനാണു സാധ്യത. എറണാകുളത്ത് മേയർ എം.അനിൽകുമാറിന്റെ പേരും ചർച്ചകളിലുണ്ട്. ഇടുക്കിയിൽ മുൻ എംപി ജോയ്‌സ് ജോർജിന്റെ പേരാണു വീണ്ടും ഉയരുന്നത്.
ചാലക്കുടിയിൽ മുന്മന്ത്രി സി.രവീന്ദ്രനാഥ്, യുവനേതാവ് ജെയ്ക് സി.തോമസ്, മുൻ എംഎൽഎ ബി.ഡി.ദേവസി എന്നിവർ പരിഗണനയിലുണ്ട്. ആലത്തൂരിൽ കെ.രാധാകൃഷ്ണൻ ഇല്ലെങ്കിൽ തൃശൂർ ജില്ലാ കമ്മിറ്റി അംഗം ടി.കെ.വാസുവിനെ പരീക്ഷിച്ചേക്കാം. എം.സ്വരാജിന്റെ പേരും പാലക്കാട്ട് പരിഗണിക്കുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ പേരും കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിൽ പ്രചരിക്കുന്നു. സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എം വിബാലകൃഷ്ണനെയും ആ സീറ്റിലേക്കു പരിഗണിച്ചേക്കും. ടിവി രാജേഷും മത്സരിച്ചേക്കും. മലപ്പുറത്ത് എസ്എഫ്‌ഐ ദേശീയ അധ്യക്ഷൻ വി.പി.സാനു വീണ്ടും മത്സരിക്കാനാണു സാധ്യത.
ഇടുക്കി സീറ്റ് കേരളാ കോൺഗ്രസിന് നൽകാനുള്ള സാധ്യത ഏറെയാണ്. എന്നാൽ പത്തനംതിട്ടയിൽ കേരളാ കോൺഗ്രസ് ആവശ്യം സിപിഎം പരിഗണിക്കില്ല. തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ നല്ല മത്സരം കാഴ്ചവയ്ക്കാനാകുന്ന പൊതുസ്വീകാര്യനെ പാർട്ടിചിഹ്നത്തിൽ രംഗത്തിറക്കാനാണു സിപിഐയിലെ ആലോചന. മാവേലിക്കരയിൽ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എഐവൈഎഫ് നേതാവ് സി.എ.അരുൺകുമാർ, ചെങ്ങറ സുരേന്ദ്രൻ എന്നിവരുടെ പേരുകളാണ് ഉയരുന്നത്. തൃശൂരിൽ മുന്മന്ത്രി വി എസ്.സുനിൽകുമാറാണ് പ്രഥമ പരിഗണന.
മറുനാടന് മലയാളി ബ്യൂറോ