തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്കാണ് കേരളം കടക്കുന്നത്. ഇനിയൊരു ദിനം മാത്രം മുന്നിലുള്ളത്. നാളെ വൈകുന്നേരത്തോടെ പരസ്യ പ്രചരണത്തിന് അവസാനമാകും. ഇതിനിടെ പഴുതുകൾ അടച്ചുള്ള പ്രചരണത്തിലേക്ക് നീങ്ങുകയാണ് മുന്നണിൽ. ഇടതു മുന്നണിയും വലതു മുന്നണിയും കേരളത്തിൽ ഒരുപോലെ പ്രതീക്ഷയിലാണ്. മലബാറിലെ ന്യൂനപക്ഷ വോട്ടുകളിൽ കണ്ണുവെച്ചു കൊണ്ട് ഇക്കുറി ഇടതു മുന്നണിയുടെ പ്രവർത്തനങ്ങൾ.

2019 ലെ 19 കടന്ന് ഇരുപതും ഉറപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണു യുഡിഎഫ്. അതേസമയം 2004 ലെ 18 സീറ്റ് നേട്ടം കൈവരിക്കണമെന്ന മോഹമാണ് സിപിഎമ്മിനും പത്ത് സീറ്റിൽ വരെ വിജയിക്കാമെന്നാണ് സിപിഎമ്മിന്റെ ആത്മവിശ്വാസം. അഭിപ്രായ സർവേകളിൽ വോട്ടു വിഹിതം കൂടുമെന്നു പ്രവചിച്ചതിലാണ് എൻഡിഎയുടെ പ്രതീക്ഷ.

എൽഡിഎഫിന്റെ '2004 സ്വപ്നം' അസ്ഥാനത്താണെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. കോൺഗ്രസിലെ ഗ്രൂപ്പു തർക്കങ്ങൾ ആന്റണി സർക്കാരിനെ ബാധിക്കും വിധം വഷളായതിനെതിരെയുള്ള ജനവികാരമാണ് ആ വോട്ടെടുപ്പിൽ പ്രതിഫലിച്ചത്. ഭരണത്തിനെതിരെ വികാരം ഉയർന്നാൽ ഇന്ന് ബാധിക്കുക എൽഡിഎഫിനെയാകും. സ്ഥാനാർത്ഥി നിർണയം തൊട്ടു പ്രചാരണം വരെയുള്ള കാര്യങ്ങളിൽ കോൺഗ്രസിൽ അപസ്വരങ്ങൾ ഉയരാത്ത തിരഞ്ഞെടുപ്പാണിതെന്നു നേതാക്കൾ ചൂണ്ടിക്കാട്ടി.

കൊടുമ്പിരി കൊണ്ട പ്രചാരണത്തിലാണ് രാഷ്ട്രീയ പാർട്ടികളെല്ലാം തന്നെ. ഇനി കൊട്ടിക്കലാശം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികളെല്ലാം. ഇന്നും നാളെയുമായി സ്ഥാനാർത്ഥികളുടെ അവസനാവട്ട മണ്ഡലപര്യടനങ്ങൾ നടക്കും. ദേശീയനേതാക്കളും പലയിടങ്ങളിലായി ക്യാമ്പ് ചെയ്യുന്നുണ്ട്. നാളെ വൈകീട്ട് ആറ് വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. വ്യാഴാഴ്ച നിശബ്ദപ്രചാരണമാണ്. വെള്ളിയാഴ്ച കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങും.

കേന്ദ്രകേരള സർക്കാരുകൾക്കെതിരെയുള്ള വികാരം വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ഘടകകക്ഷികളുടെ 4 സീറ്റും ഉറപ്പിച്ചു കഴിഞ്ഞെന്നാണ് വിശ്വാസം. കോൺഗ്രസ് മത്സരിക്കുന്ന ബാക്കി 16 സീറ്റിൽ വടകര, ആലത്തൂർ, തൃശൂർ, കണ്ണൂർ, മാവേലിക്കര, ആറ്റിങ്ങൽ സീറ്റുകളിൽ ആദ്യഘട്ടത്തിൽ നല്ല മത്സരം കണക്കുകൂട്ടിയെങ്കിലും അവസാനഘട്ടത്തിൽ മേൽക്കൈ ഉണ്ടെന്ന് വിലയിരുത്തൽ.

അതേസമയം മുന്നണി സ്ഥാനാർത്ഥികളിൽ ആരു ജയിച്ചാലും ഇന്ത്യാസഖ്യത്തിന്റെ ഭാഗമായതിനാൽ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തുടർച്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഏതു സാഹചര്യത്തിലും 5 സീറ്റ് ഉറപ്പിക്കുന്നു. ആലത്തൂർ, പാലക്കാട്, വടകര, കാസർകോട്, തൃശൂർ എന്നിവയാണ് ആദ്യ പട്ടികയിൽ. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്തും തൃശൂരിലും അട്ടിമറി അസാധ്യമല്ലെന്നു ബിജെപിയുടെ കണക്കുകൂട്ടൽ. ആറ്റിങ്ങൽ, പാലക്കാട്, ആലപ്പുഴ, കാസർകോട് എന്നീ മണ്ഡലങ്ങളിലും നല്ല പോരാട്ടം നടത്താമെന്ന് പ്രതീക്ഷ.

കേരളത്തിനൊപ്പം രണ്ടാം ഘട്ട വോട്ടെടുപ്പിൽ പോളിങ് ബൂത്തിലെത്തുന്നത് 13 സംസ്ഥാനങ്ങളിൽ നിന്നായി 88 മണ്ഡലങ്ങളാണ്. കർണാടകയിലെ 14, രാജസ്ഥാനിലെ 13 മണ്ഡലങ്ങളിലും ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. കലാപബാധിത മേഖലയായ ഔട്ടർ മണിപ്പുരിലെ ശേഷിക്കുന്ന ബൂത്തുകളിലും ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. ഒപ്പം യുപി, മഹാരാഷ്ട്ര, അസം, ബിഹാർ, ഛത്തീസ്‌ഗഢ്, മദ്ധ്യപ്രദേശ്, തൃപുര, ബംഗാൾ, ജമ്മു & കശ്മീർ എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള മണ്ഡലങ്ങളിലേക്കുള്ള പോളിങ് 26ന് നടക്കും. നാളെ ഛത്തീസ്‌ഗഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണം നടത്തും. ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് വിശ്രമത്തിലായ രാഹുൽ ഗാന്ധി എന്ന് പ്രചാരണം വീണ്ടും തുടങ്ങുമെന്ന് കോൺഗ്രസ് അറിയിച്ചിട്ടില്ല.