കോട്ടയം: പുതുപ്പള്ളിയിൽ എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ. ബിജെപി ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു., പുതുപ്പള്ളി മണ്ഡലം ബിജെപി പ്രസിഡന്റ് മഞ്ജു പ്രദീപും പരിഗണനയിലുണ്ടായിരുന്നു. ബിജെപി മുൻ ജില്ലാ അധ്യക്ഷൻ എൻ.ഹരിയുടെ പേര് പരിഗണിച്ചിരുന്നെങ്കിലും മൽസരിക്കാനില്ലെന്ന നിലപാട് ഹരി സ്വീകരിക്കുകയായിരുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും മത്സരിക്കാൻ വിസമ്മതിച്ചിരുന്നു.

2019 ൽ എൻ ഹരിയായിരിന്നു പുതുപ്പള്ളിയിൽ മത്സരിച്ചത്. എന്നാൽ 2016 നേക്കാൾ ബിജെപി വോട്ടുകൾ ഇവിടെ കുത്തനെ ഇടിഞ്ഞു. 11,694 വോട്ടുകളായിരുന്നു സ്ഥാനാർത്ഥിയായ എൻ ഹരിക്ക് ലഭിച്ചത്. 2016 ൽ മണ്ഡലത്തിൽ പതിനാറായിരത്തിനടുത്ത് വോട്ടുകൾ നേടാൻ ബിജെപിക്ക് സാധിച്ചിരുന്നു. ഇത്തവണ മണ്ഡലത്തിൽ നിന്നും പരമാവധി വോട്ടുകൾ നേടിയെടുക്കുകയാണ് ബിജെപി ലക്ഷ്യം. ബിജെപിയും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ പുതുപ്പള്ളിയിലെ മത്സര ചിത്രം തെളിഞ്ഞു.

ലിജിൻ ലാൽ യുവമോർച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2014 മുതൽ ബിജെപി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു. മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം സ്വദേശിയാണ്. തൃശൂരിലെ ബിജെപി കോർ കമ്മറ്റി യോഗത്തിലേക്കും ലിജിനെ വിളിപ്പിച്ചിരുന്നു. 2021ൽ കടുത്തുരുത്തിയിൽ സ്ഥാനാർത്ഥിയായിരുന്നു ലിജിൻ.

നിരവധി ചർച്ചകൾക്കൊടുവിൽ സംസ്ഥാന നേതൃത്വം നൽകിയ പട്ടിക ദേശീയ നേതൃത്വം അംഗീകരിക്കുകയായിരുന്നു. മത്സരരംഗത്തേയ്ക്ക് എൻഡിഎയും എത്തിയതോടെ ശക്തമായ മത്സരത്തിനാകും പുതുപ്പള്ളി വേദിയാകുക.. ആർഎസ്എസ് നേതൃത്വവും പുതുപ്പള്ളിയിൽ ബിജെപിക്കായി പ്രചരണത്തിൽ സജീവമാകും. കോൺഗ്രസിനായി ചാണ്ടി ഉമ്മനും സിപിഎമ്മിനായി ജെയ്ക് സി തോമസും മണ്ഡലത്തിൽ നിറഞ്ഞു കഴിഞ്ഞു.